Pages

Thursday, June 23, 2016

അസംബന്ധ കവിതകൾ -9

ഓരോ ചുവടിലും
ഞാൻ നില്ക്കുന്നുണ്ട്
ഓരോ നില്പ്പിലും
ഞാൻ നടക്കുന്നുണ്ട്
**************
ഭ്രാന്തനാവുക
എന്നത് ദുരന്തമാണ്
 ഭ്രാന്ത്‌ ഉണ്ടായിരിക്കുക
 എന്നത് ഭാഗ്യവും
**************
അന്യനിലേക്കുള്ള
ദൂരം കൂടുന്തോറും
എന്നിലേക്കുള്ള
അകലം കുറയുന്നു
***************

Monday, June 20, 2016

അസംബന്ധ കവിതകൾ -8


വേദനയെ എത്ര സ്നേഹിക്കുന്നു
എന്നറിയാൻ
നിങ്ങൾ പങ്കുവെക്കുന്ന
സന്തോഷം നോക്കിയാൽ മതി
**************
ഇടയ്ക്കിടെ പറിച്ചു നോക്കുന്ന
ചെടിയാണ് ജീവിതം
വേര് പിടിക്കുന്നില്ല
ഉണങ്ങി പോകുന്നുമില്ല
*************
താഴേക്കു നോക്കുമ്പോൾ
ഞാനെത്ര ഉയരത്തിലാണ്
മേലോട്ട് നോക്കുമ്പോൾ
എത്രയോ ആഴത്തിലും

Friday, June 17, 2016

ദളിതം

എന്നെ കെട്ടിപ്പിടിക്കുമ്പോഴും
നമുക്കിടയിലെഅകലമെനിക്കറിയാം
തോളിൽ കയ്യിട്ടു പോസ് ചെയ്യുമ്പോൾ
എന്നിൽ നുരയുന്ന പുച്ഛം ഞാൻ മാത്രമറിയും
(നിന്നിലും )

എന്റെ അവകാശങ്ങൾ ചോദിക്കുന്നത്
നീ നിന്റെ അവകാശമാക്കി
വൈകികിട്ടുന്ന നീതിയുടെ തുട്ടുകൾ
നിന്റെ ഔദാര്യം പോലെ വലിച്ചെറിയരുത്

എന്റെ അവസ്ഥ എന്നോളമറിയുന്നത്
ഞാൻ മാത്രമാകെ
നിന്റെ സിദ്ധാന്തങ്ങൾ അതിൽ കെട്ടിവെക്കരുത്

എത്ര ചായം തേച്ചാലും നമ്മുടെ നിറങ്ങളിൽ
ആഴ്ന്നു പോയൊരു ചരിത്രമുണ്ട്
നിന്റെ നോട്ടം എപ്പോഴും മുകളിൽ നിന്നാണ്
നിന്റെ കൈകളും മുകളിൽ തന്നെ


Tuesday, June 14, 2016

അസംബന്ധ കവിതകൾ -7

പ്രണയം
__________
എന്നെയാണെനിക്ക്ഏറെ ഇഷ്ടം
അതാണ്‌ എന്നോടിഷ്ടമുള്ള
നിന്നെ എനിക്കിത്ര ഇഷ്ടം
***********
സ്വപ്‌നങ്ങൾ പങ്ക് വെക്കാം
പ്രിയമുള്ളവരോട്
യാഥാർത്ഥ്യം പങ്കിടാൻ
ഒരു സുഹൃത്ത് വേണം
*************
മഴക്കവിതകളെ കുറിച്ചൊരു
സെമിനാർ ആയിരുന്നു
നശിച്ച മഴ മൂലം
ഞങ്ങൾ അത്  ദുബായിലേക്ക് മാറ്റി

Monday, June 6, 2016
Image result for iraq invading kuwait

unlimited stupidity
 _____________

നമ്മുടെ ബുദ്ധിജീവി സമൂഹം  മലയാളികളെ ,കേരളത്തിന്റെ ചിന്തകളെയും സര്ഗാത്മക സൃഷ്ടികളേയും വിലയിരുത്തുമ്പോൾ പൊതുവെ പറയുന്ന ഒരു പോരായ്മ ഉണ്ട് .നമ്മൾ ഒരു യുദ്ധം അനുഭവിച്ചിട്ടില്ല .ഒരു യുദ്ധത്തിന്റെ ഭീകരതയിലൂടെയും കടന്നു പോയിട്ടില്ല .ആ അനുഭവത്തിന്റെ കുറവ് നമ്മുടെ സൃഷ്ടികളിൽ തെളിയുന്നുണ്ട് .
ശരിയാണ് ,നമ്മൾ ഒരു യുദ്ധത്തിലും നേരിട്ട് പങ്കെടു ത്തിട്ടില്ല .ഇന്ത്യ പങ്കാളിയായ യുദ്ധങ്ങളും നമ്മെ ഒരു യുദ്ധാനുഭാവത്തിലേക്ക് തള്ളിവിട്ടിട്ടില്ല .
പക്ഷെ ഈ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആന്ത്യത്തിൽ നമുക്ക് ,മലയാളികളിൽ ഒരു നല്ല പങ്കു ജനങ്ങള്ക്കും ഒരു ഭീകരമായ യുദ്ധാനുഭവത്തിലൂടെ  കടന്നു പോവേണ്ടി വന്നു .
1990 ൽ ഇറാക്കിന്റെ കുവൈറ്റ് അധിനിവേശം .അന്ന് അവിടെയുണ്ടായിരുന്ന രണ്ടു ലക്ഷത്തിൽ താഴെയുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു .ജന്മദേശത്തുനിന്നും ഇത്രയും അകലെ ഒരു യുദ്ധത്തിന്റെ നടുവിൽ  അകപ്പെടുക .അഭയത്തിനു ആരുമില്ല .(കുവൈറ്റ്‌ ഭരണാധികാരികൾ മണിക്കൂറുകൾ ക്കകം അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു ) .ഏറെ യാതനകൾക്കൊടുവിൽ അവർ അവിടെയുള്ളതെല്ലാം ഉപേക്ഷിച്ചു പാലായനം ചെയ്തു .ജോർദാൻ വഴിയും മറ്റും നാട്ടിലെത്തി .
അന്ന് ഇറാക്കിന്റെ ഭരണാധികാരി സദ്ദാം ഹുസൈൻ ആയിരുന്നു .കുവൈറ്റ്‌ പിടിക്കുക മാത്രമല്ല അവിടുത്തെ എണ്ണ കിണറുൾക്ക് തീവെച്ച് പരിസ്ഥിതി നാശവും ലക്ഷക്കണക്കിന്‌ ബാരൽ ഇന്ധനവും നഷ്ടപ്പെടുത്തുകയും ചെയ്തു .
 അമേരിക്കയും സഖ്യ കക്ഷികളും ചേർന്ന് ഇറാഖിനെ ആക്രമിക്കുകയും സദ്ദാം കൊല്ലപ്പെടുകയും ചെയ്തു .പിന്നീട് ഇറാൻ സാമ്പത്തികമായ് തകരുകയും അഭ്യന്തര കലഹങ്ങൾ ഉണ്ടാവുകയും മതമൗലിക വാദികൾ  പിടി മുറുക്കുകയും ചെയ്തു ഇതിൽ അമേരിക്കയുടെ താല്പര്യം എന്തുമാകട്ടെ ,സദ്ദാം കൊല്ലപ്പെട്ടപ്പോൾ ലോകത്ത് ഹർത്താൽ നടത്തി പ്രധിക്ഷേധിച്ച ഒരേയൊരു സ്ഥലം കേരളമായിരുന്നു.
അതും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ .(കുവൈറ്റ്‌ യുദ്ധത്തിനു മുന്പുതന്നെ ഇറാക്കിലെ കമമ്യുണിസ്റ്റുകളെ സദ്ദാം ഉന്മൂലനം ചെയ്തിരുന്നു .)
പലപ്പോഴും നമ്മുടെ ഇടതുപക്ഷ നിലപാടുകൾ അശ്ലിലമായ ഫലിതം മാത്രമല്ല ,പരിധികളില്ലാത്ത അസംബന്ധവും കൂടിയാണ് .

Thursday, June 2, 2016

തീർത്താലും തീരാതെ

തീർത്താലും  തീരാതെ
എത്ര പങ്കുവെച്ചാലും ചിലത് ബാക്കിയാവും
പറയാതെ പോയ വാക്കുകൾ
ആഴങ്ങളിൽ അടിഞ്ഞു പോയ
ആരുമറിയാത്ത നൊമ്പരങ്ങൾ
ഏകാന്തതയിൽ ഹൃദയത്തെ തൊട്ടുരുമ്മുന്നത്‌
സന്തോഷത്തിന്റെ നിറനിമിഷങ്ങളിലും മൌനിയാക്കുന്നത്
ആൾക്കുട്ടത്തിന്റെ നടുവിലും തനിച്ചാക്കുന്നത്
ഏകാന്ത രാവുകളിൽ ഒരു പാട്ടിൽ അലിയുമ്പോൾ
തണുത്ത വിരൽ സ്പര്ശം പോലെ
തനിയെയുള്ള ഒരു ദൂരയാത്രയിൽ
 അനന്തമായ വിജനതയിൽ നിന്ന്
ഒരു കുളിർ കാറ്റ്  വന്ന്  പൊതിയും പോലെ
ഇരുളിൽ തനിച്ചിരിക്കുമ്പോൾ
പിൻകഴുത്തിൽ ഒരു നിശ്വാസം പോലെ
നുകർന്ന നിർവ്രുതികളെക്കാൾ
അകാരണമായ ഈ നോവെത്ര ഹൃദ്യം
ഏറെ പ്രിയങ്കരം