Pages

Thursday, November 22, 2012

മേഘം

വാനിലലയും ഒരു തുണ്ട് കടല്‍ .

കാറ്റിന്‍റെ കൈകളില്‍ പിടയുമ്പോഴും
ഞാന്‍ കാണുന്ന പോല്‍
നിന്നെ  മറ്റാരും  കണ്ടില്ല .

സ്വയമുരുകി നിന്നിലലിയുന്ന ഞാനല്ലാതെ
നിന്റെ ആഴങ്ങളാരും അറിഞ്ഞില്ല  .

ഭ്രാന്തമായ് പെയ്തിറങ്ങി അവസാന തുള്ളിയും
നിന്നിലൂറുമ്പോള്‍ തളരുന്ന ഞാന്‍ അറിയുന്നു
ആരും ആരിലും ഇത്രമേല്‍  നിറഞ്ഞിരുന്നില്ല .

അലറിക്കരഞൊടുവില്‍ അലകളില്‍ ചേരും വരെ
എത്രയും  ഗാഢമായ് നിന്നെ പുണര്‍ന്നിരുന്നു .

ഉള്ളിലെക്കനലില്‍നിന്നാവിയായ്‌ വിണ്ണിലുയരും
നിനക്കായ് വീണ്ടും പിറക്കാന്‍ .
കുളിരായ് പെയ്തൊഴിയും ജന്മങ്ങളത്രയും
ചുട്ടുപൊള്ളുമൊരാത്മാവിന്റെ മിഴിനീര്‍ .

Thursday, November 8, 2012

കഥാവശേഷം

ഗോഡ്സേക്ക് മാപ്പ് നല്‍കിയിട്ടുണ്ടാവും മാഹാത്മജി
മരണത്തിനും മഹത്വം നല്‍കിയതിന് .

ജീസസ് പിലാതോസ്സിന് നന്ദി പറയുന്നുണ്ടാവും
ജീവിതം കുരിശ്ശു കൊണ്ട് അനശ്വരമാക്കിയതിന് .

ആദിശങ്കരന്‍ സാക്ഷാല്‍ ബുദ്ധനേയും
സംവാദത്തിന് ക്ഷണിക്കുന്നുണ്ടാവും .

ഗോള്‍വാള്‍ക്കര്‍ക്ക്  നാരായണഗുരു
ക്ലാസ്സെടുക്കുന്നുണ്ടാവും ,
  വിജയന്‍ മാഷാവും  പരിഭാഷകന്‍ .

ഹിറ്റ്‌ലറും സ്റ്റാലിനും ചതുരംഗം  കളിക്കുമ്പോള്‍
ചര്‍ച്ചിലാവും നിരീക്ഷകന്‍ .

തിയോ  വിന്‍സെന്റിനെ അവിടെയെങ്കിലും
ജീവിക്കാന്‍  പഠിപ്പിക്കുകയാവും .

സത്നാം അമ്മയെ കാത്തിരിക്കുന്നുണ്ടാവും
അമൃതാനന്ദത്തിന്‍റെ അര്‍ത്ഥമറിയാന്‍ .

രാമചന്ദ്രന്‍നായാരെ വര്‍ഗീസ്
സ്വന്തം രക്തമായ് തിരിച്ചറിയുന്നുണ്ടാകും

മുറിവേറ്റ ഒരു വിരല്‍ അവിടെയും
ഗുരുവിന്‍റെ ഉറക്കം കെടുത്തുന്നുണ്ടാവും .

സൂര്യപുത്രനെ നേരിടാനാവാതെ  കുന്തി
നരകത്തില്‍അഭയം തേടിയിരിക്കും

കര്‍ണ്ണന്‍ അര്‍ജുനനെ എന്തുചൊല്ലി വിളിക്കും
അനിയനെന്നോ ..ചതിയനെന്നോ ?