Pages

Thursday, July 28, 2016

അസംബന്ധ കവിതകൾ : 13

എനിക്ക് ഭ്രാന്താണെന്ന് അവർ
അവർക്കെല്ലാം  ഭ്രാന്തുണ്ടാവണമെന്നില്ല
ഭ്രാന്തില്ലാത്ത ഒരാൾ അവരിലും കാണില്ലേ
*********

ഞാൻ  എന്നോട് തർക്കിക്കുമ്പോഴാണ്
നിങ്ങൾ എന്നെ കേൾക്കുന്നത്
ഞാൻ മൂകനാകുമ്പോഴാണ്
നമ്മൾ തർക്കിക്കുന്നത്
********

മക്കളെ പഠിപ്പിക്കാൻ
മിടുക്കരാണ് നാം
അവരെ പഠിക്കാൻ
മണ്ടന്മാരും




Thursday, July 21, 2016

നഗ്നൻ


 ഒരു നട്ടപ്രാന്തൻ അലറിപ്പായുന്നുണ്ട്
കുട്ടിക്കാലത്തിന്റെ ഓർമ്മഞരമ്പിൽ
അവനെ  പേടിച്ച്‌
ഞാനെത്ര മാമുണ്ടു
എത്ര നേരത്തെ ചായുറങ്ങി
എന്റെ പേരിൽ ഒരുരുള പോലും അവൻ തിന്നില്ല
ഒരു പോള  കണ്ണടച്ചുമില്ല

നട്ടുച്ചയെ പച്ചത്തെറിയാൽ ഞെരുക്കി
പാതിരാവിനെ നിലവിളിയായി കീറി മുറിച്ചു
വഴിയും പുഴയും  ആളും
മലയും  കാടും വയലും
അവൻ രണ്ടായി പകുത്തു

അവൻ നഗ്‌നനായിരുന്നു
കാടുപിടിച്ചു മുഷിഞ്ഞത്
ഒരു നാൾ  അവനെ  കാണാതായി
പിന്നെ പിന്നെ എന്റെ ഭ്രാന്തും മാറി

ഞാനും കുളിച്ചു കുട്ടപ്പനായി
പഠിച്ച്‌
വളർന്ന്
ജോലികിട്ടി
പെണ്ണുകെട്ടി
മക്കളെയുണ്ടാക്കി
വീടുവെച്ച്‌
കാറ് വാങ്ങി

ഒരു നട്ടപ്രാന്തൻ അലറിപ്പായുന്നുണ്ട്
കുട്ടിക്കാലത്തിന്റെ ഓർമ്മഞരമ്പിൽ




Thursday, July 14, 2016

അസംബന്ധ കവിതകൾ :12



മരണം
എനിക്ക് നിന്നെ ഇഷ്ടമില്ല
വെറുപ്പുമില്ല
പേടിയില്ല
ആദരവുമില്ല
ആകാംഷയില്ല
വിധേയത്വമില്ല
എനിക്കു നിന്നോടുള്ളതെല്ലാം
ഇല്ലായ്മകളാണ്
***********

എല്ലാ ജീവചരിത്രവും
ഒന്നു തന്നെയാണ്
നിങ്ങൾ നിങ്ങളായ്
ജീവിച്ച ആദ്യത്തെ
പത്തു വർഷമൊഴികെ
അതാവട്ടെ
നിങ്ങൾ മറന്നും പോയി .
**********

വെറുതെ ജീവിക്കുന്നത്
എന്ത്  സുഖമാണ്
വെറുതെ നടക്കുന്നത്
വെറുതെ പാടുന്നത്
വെറുതെ ചിരിക്കുന്നത്
വെറുതെ കരയുന്നത്
വെറുതെ
വെറുതെ
വെറുതെ മരിക്കുന്നത് 

Sunday, July 10, 2016

അസംബന്ധ കവിതകൾ - 11

എല്ലാം ശരിയാണ്
ശരിയൊഴികെ .
*******

അകത്ത് അഗാധമായ ഇരുട്ട്
പുറത്ത് നിറഞ്ഞ വെളിച്ചം
ഞാനീ വാതിൽപ്പടിയിലിരിക്കാം
*******
എന്നോട് മിണ്ടരുതെന്നു പറയുന്നു
അതു തന്നെയാണ് മരണവും
എനിക്കു ഇഷ്ടമില്ലാത്തത് ,
പേടിയില്ലാത്തതും
******

Monday, July 4, 2016

അസംബന്ധ കവിതകൾ - 10

പിന്നെ ഞാനെന്നെ പിന്തുടരാൻ തുടങ്ങി
ഒരു വിഡ്ഢിയെ അനുഗമിക്കുന്നത്
വിഡ്ഢിത്തമാണെന്നു തോന്നി
ഞാൻ മുന്നിൽ കയറി  നടന്നു
ഒരു മണ്ടനെ നയിക്കുന്നത്
അതിലേറെ മണ്ടത്തരമാണെന്നു തോന്നുന്നു
***********

പൊള്ളുന്ന ഉടലിൽ
തീ പരതുമ്പോഴാണ്
മരവിച്ച ഹൃദയം
ചുണ്ടിൽ  തടഞ്ഞത്
**********


ജീവിതത്തിലെ
 വിലയേറിയ നിമിഷം
അങ്ങനെയൊന്ന്
ഇല്ലെന്നറിയുന്ന നിമിഷമാണ്
( ചിലപ്പോൾ അത്
മരണത്തിന്റെ നിമിഷമായേക്കാം )
***************

ശരിയോ   തെറ്റോ എന്ന
സന്ദേഹം കൂടുന്നുണ്ടെങ്കിൽ
നിങ്ങൾ അന്വേഷിക്കുന്നത് സത്യമാണ്
***************

മൃഗങ്ങളെപ്പോലെ
മരിക്കാൻ കഴിയുമെങ്കിൽ
നമ്മൾ മനുഷ്യരായാണ് ജീവിച്ചത്