Pages

Friday, October 20, 2017

വീടായനം

എല്ലാ യാത്രയുടേയും
തുടക്കവും ഒടുക്കവും
വീട്ടിലേക്കാണ് .
വാടകവീടുകൾ
മാറിക്കയറുമ്പോൾ
 മറന്നുപോകുന്നു  പലതും
ഏറെ പ്രിയപ്പെട്ട ഒരു പുസ്തകം
ആർക്കും പാഴ്വസ്തുവായി തോന്നുന്ന
നിങ്ങൾ മാത്രം ഇഷ്ടപ്പെടുന്ന  ചിലത്‌
ഉള്ളിലെ  ഭിത്തിയിൽ തൂക്കിയ
ആരും കാണാത്ത ഒരു  ചിത്രം*
 വീട് പൂട്ടി പടിയിറങ്ങുമ്പോൾ
പിന്നെയും ഒന്ന് മുറികളിൽ പരാതി നോക്കും
എന്തോ ഒന്ന് നിങ്ങൾക്ക് നഷ്ടപെട്ടെന്ന പോലെ
ഒടുവിൽ എല്ലാം കെട്ടിപ്പെറുക്കി പോരുമ്പോൾ
കോലായിൽ ഉപേക്ഷിക്കപ്പെട്ടൊരു കെട്ട്  കാണും
ഇനിയുമൊരാൾ അത് മണ്ണിലേക്ക് ഏറിയും വരെ

ഒരുനാളൊരു വീട് സ്വന്തമായാൽ
അതിന് യാത്രയെന്ന്  പേരിടണം
________________________________________________________

*വീടുകൾ മാറുമ്പോൾ അവിടുത്തെ ഒരു പിടി മണ്ണ്
ചെടിച്ചട്ടിയിൽ കൊണ്ടുപോരുന്നതിനെ കുറിച്ച് ആമി (മകൾ )
എഴിതിയിരുന്നത് ഓർക്കുന്നു .

Saturday, September 9, 2017

അസംബന്ധ കവിതകൾ : 25

അവർക്ക് ഇടവേളകളില്ല
തറയിലെ ചോര  തുടച്ചു തീരും മുമ്പേ
അവർ പിന്നെയും രക്തം ചീന്തുന്നു
ചോര തുടച്ചാൽ മാത്രം പോരാ
അടുത്ത കത്തി ഉയരും മുമ്പ്
അത് പിടിച്ചെടുക്കുക ..
ചിലപ്പോൾ കലാപവും  സമാധാനമാണ്
Wednesday, May 3, 2017

അസംബന്ധ കവിതകൾ : 24

വാഴ്ത്തപ്പെട്ട കവികളെല്ലാം
കവിതയെഴുതി ജീവിച്ചവരാണ്
തെരുവിൽ മരിച്ചുവീണവർ
കവിയായ് തന്നെ മരിച്ചവരും
********
ആകാശത്തെ നക്ഷത്രത്തിന്
എന്റെ  പോക്കറ്റിലെ ഒറ്റരൂപാ തുട്ടിന്റെ
വലുപ്പം പോലുമില്ല
അപ്പോൾ ഏതാണ് വലുത്
********
കൗമാരപ്രണയങ്ങൾ
ഇത്ര മധുരിക്കുമെന്നറിയുന്നത്
പ്രായമാവുമ്പോഴാണ്

Tuesday, April 18, 2017

അസംബന്ധ കവിതകൾ : 23

ദൈവത്തിന്റെ മതങ്ങളിലൊന്നും
അഹിംസയില്ല
അഹിംസയുള്ള മതത്തിൽ
ദൈവവുമില്ല
*******
ഉരുണ്ട ഭൂമിയിൽ
രാജ്യങ്ങളിന്നും
കിഴക്കും പടിഞ്ഞാറുമായതെങ്ങനെ ?
*******

Sunday, April 2, 2017

കണക്ക്


നീ  നോക്കി എഴുതിയതല്ലേ ?
അല്ല മാഷേ
പിന്നെ അവന്റെ ഉത്തരം നിനക്കെങ്ങനെ കിട്ടി
എനിക്കറിയില്ല മാഷേ
ചന്തിയിൽ ചുവന്ന പാട് തിണർത്തു

ഒരേ ചോദ്യത്തിന് എല്ലാവര്ക്കും
ഒരുത്തരമാണെന്ന് അന്നറിയില്ലായിരുന്നു

 ഞാനതു പഠിച്ചപ്പോഴേക്കും
  ഒരേ ചോദ്യത്തിന്
ഓരോരുത്തർക്കും ഓരോ ഉത്തരമായ് മാറി
കണക്ക് എപ്പോഴും തെറ്റുന്നുണ്ട്

Sunday, March 26, 2017

സയൻസ്

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിൽ ആനന്ദദീപം കൊളുത്തി
പരമാണു പൊരുളിലും ...........
പ്രാർത്ഥന തെറ്റിയതിനു ഹെഡ് മാഷ്
വലത്തേക്കയ്യിൽ  ചൂരൽ പെരുക്കി
ആദ്യ പീരീഡ്‌ സയൻസ് ക്ലാസ്സ്
പ്രപഞ്ചോത്പത്തി എന്താണ് ?
ഇടത്തേ കൈ സയൻസിനും  കൊടുത്തു .

Monday, March 20, 2017

അസംബന്ധ കവിതകൾ 22നിന്നിലേക്കുള്ള വഴി തേടി
എന്നിൽ നിന്നിറങ്ങിത്തിരിച്ചു
നിന്നിലെത്താനായില്ല , തിരിച്ചെ-
ന്നിലേക്കുള്ള വഴിയും തെറ്റി
*******

നിങ്ങളെ നോവിക്കാൻ നോക്കുന്നവർ 
നിങ്ങളുടെ മുറിവുകൾ മാത്രം തേടും 
മുറിവുകളിൽ നഖമമർത്താൻ 
നോവുന്നിടത്തു നോവിക്കാൻ

*******
Monday, February 20, 2017

ഉത്തരം

ഇത്ര സുഗന്ധിയാം പൂവേത് ?
മനുഷ്യൻ
എത്രയും രുചിയാർന്ന കനിയേത് ?
മനുഷ്യൻ
ഇത്രമേൽ ഫലമുള്ള മരമേത് ?
മനുഷ്യൻ
മരച്ചില്ലയിൽ പാടും കിളിയേത് ?
മനുഷ്യൻ
കിളിപ്പാട്ടിലലിയും മനമേത് ?
മനുഷ്യൻ

Wednesday, February 15, 2017

പാഠഭേദംവെളിച്ചം ദുഃഖമായാലും
തമസ്സിനേക്കാൾ  സുഖപ്രദം
*******

എനിക്കുണ്ടൊരു ലോകം 
നിനക്കുണ്ടൊരു ലോകം 
നമുക്കുമുണ്ടൊരു ലോകം


Tuesday, January 24, 2017

അസംബന്ധ കവിതകൾ ; 21

 സുഹൃത്തുക്കൾ എന്നെ
മനസ്സിലാക്കുന്നില്ലെന്നു ഞാൻ
അവരോട് പരാതിപ്പെടുന്നു
ചിലപ്പോഴെങ്കിലും അങ്ങനെയാണെന്നതിൽ
സന്തോഷിക്കുകയും ചെയ്യുന്നു
***********

ഒരുമിച്ചിരിക്കുമ്പോൾ
താനിച്ചാണെന്ന്  തോന്നും
തനിച്ചിരിക്കുമ്പോൾ
കൂടെയുണ്ടെന്നും
**********
മറക്കാനാഗ്രഹിക്കുന്നതാണ്
ഓർക്കാനെളുപ്പം