Pages

Friday, October 23, 2015

കുരിശിൻറെ വഴി

നിൻറെ കുരിശാണ് ഞാൻ
നിതാന്തം നിന്നിൽ കാലം തറച്ചു വെച്ചത്
ഉടലുകൾ തമ്മിൽ ചേർത്തുനിർത്താൻ
കാരിരുമ്പാണിയുടെ  കൂര്ത്ത മുനകൾ മാത്രം

മാംസം തുളച്ചിറങ്ങും  ലോഹമൂർച്ചകൾ
എന്നിലെ കാണാക്കയങ്ങളിൽ നങ്കൂരമിടും
പകലറുതിയിൽ ശിരസ്സ്‌ താഴും
ഹൃദയത്തിൽ രക്തം നിറഞ്ഞു തൂവും
ചോരയിൽ കുളിച്ചു ഞാനും വിശുദ്ധനാവും

പ്രാണനൂർന്നു തീരും വരെ
നീ എന്നെ  പുണർന്നു നിൽക്കും
എന്നിൽനിന്ന് പറിച്ചെടുക്കുമ്പോൾ
എന്റെ ഏകാന്തത  നീ മാത്രമറിയും

ആരുമറിയാതെ  നാലാമത്തെ ആണി
നെഞ്ചിലെന്നും  ആഴ്ന്നിരിക്കും
മൂകമായ് രാവിൻ  മരുഭൂമി  താണ്ടും

നാളെ  നീ ഉയിർത്തെഴുന്നേൽക്കും
ഇനിയുമെന്നിൽ തറഞ്ഞു നിൽക്കാൻ









Tuesday, October 20, 2015

ആഭാസം *


ബുദ്ധൻ
വിഗ്രഹഭന്ജകൻ
അവൻ വിഗ്രഹമായ്
ഭഗവാനായ്
അവതാരമായ്

ഗുരു
പ്രതിഷ്ഠകൾ ഉപേക്ഷിച്ചവൻ
ഗുരു ദേവനായ്
പ്രതിഷ്ഠയായ്
ദൈവമായ്

അംബേദ്‌കറും  അയ്യപ്പനും
അയ്യങ്കാളിയും
ഇനിയും എത്രനാൾ മനുഷ്യരായിരിക്കും

മാർക്സ്  ഇവിടെ പിറക്കാതിരുന്നത്
മാർക്സിസത്തിന്റെ മഹാഭാഗ്യം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
* ആർഷ ഭാരത സംസ്കാരം




Friday, October 9, 2015

ശീർഷകമില്ലാതെ



ആൾകൂട്ടത്തിൽ
അരൂപിയാകുമ്പോഴും
ഞാനും   ആരെയും കാണുന്നില്ലല്ലോ
എന്ന് വേവലാതിപ്പെടുന്നു

മറ്റെവിടെയോ   മറ്റൊരു
ജീവിതമുണ്ടെന്ന സ്വപ്നം
മരിക്കുന്നനിമിഷത്തിലും
ഒരുപക്ഷെ അതങ്ങനെയാവാം

എകാകിയാകുവാനും
പരിശീലനങ്ങൾ ആവശ്യമുണ്ട്
 ശബ്ദമില്ലാതെചവയ്ക്കാൻ
പഠിക്കുന്നത് പോലെ
ബ്ലെയ്ഡിന്റെ    വായ്ത്തലയിൽ
ഇഴയുന്ന ഒച്ചിന്റെ ധ്യാനം

കാറ്റിൽ ചിന്നിച്ചിതറിയ മേഘം
ഓരോ തുള്ളിയിലും
ഒരു  കടൽ ഉള്ളിൽ  പേറുന്നു

ഒരുനാൾ അത് പെയ്തൊഴിയും
ഒരിലത്തുമ്പിൽ ഒരു മാത്ര തൂങ്ങി നിൽക്കും
ഒരു മാത്ര  ഭൂമി അതിൽ മുഖം നോക്കും
പിന്നെ പിടഞ്ഞ് മണ്ണിൽ
വീണ് പൊട്ടിച്ചിതറും







Monday, October 5, 2015

നുറുങ്ങുകൾ 29

ആഗ്രഹിക്കുന്നു
നേടുന്നു
വീണ്ടും ആഗ്രഹം തോന്നുന്നു
വീണ്ടും നേടുന്നു
പിന്നെയും  ആഗ്രഹം
പിന്നെയും നേട്ടം

പരിധിയില്ലാത്ത അസംബന്ധമാണ് ജീവിതം
 അശ്ലിലമായ ഫലിതവും

************
                            
മറ്റാരുടെയോ ജീവിതം
ജീവിച്ച് തീർക്കുമ്പോൾ
ലോകം നമുക്കെന്നും
പകരമില്ലാത്ത
പാകമാവാത്ത ഉടുപ്പാണ്