Pages

Saturday, December 28, 2013

ചൊവ്വാദോഷം

ചൊവ്വായാനം തൊടുക്കും മുമ്പേ
ചൊവ്വാദോഷം തീർത്ത്‌വെച്ചു .
റോക്കറ്റിൻറെ അരയിലൊരു
ഏലസ്സ് കൂടി കെട്ടാമായിരുന്നു .

കവ്ണ്ട്ഡവുണ്‍ തുടങ്ങുമ്പോൾ
തേങ്ങ ഉടച്ചോ ആവോ ,
രാഹു കാലത്തിന് മുമ്പ്
തീ കൊളുത്തിയിട്ടുണ്ടാവണം

രാധാകൃഷ്ണനെ മാറ്റി  സാക്ഷാൽ
ആറ്റുകാൽ രാധാകൃഷ്ണനെ
ഐ .എസ് .ആർ .ഒ .ചെയർമാനക്കണം
(യന്ത്രം നിർമിക്കാനും വിദഗ്ദനാണ് )

ചൊവ്വയിലെ പാറ തുരന്ന്
ചൊവ്വാദോഷക്കാരുടെ കയ്യിൽ കെട്ടണം
ചന്ദ്രനിലെ വെള്ളം കുപ്പിയിലാക്കി
തീർത്ഥമായ് വിൽക്കണം
ഗ്രഹങ്ങളിലേക്ക് തീർത്ഥാടന -
യാത്ര സംഘ ടിപ്പിക്കണം

പടച്ചുണ്ടാക്കണം പുതിയൊരു
ആർഷഭാരത ജ്യോതി (ഷ )ശാസ്ത്രം

 

Thursday, December 26, 2013

മധുചഷകം

പതഞ്ഞുയരുമ്പോൾ സംഗീതം
നിറഞ്ഞ് തുളുമ്പിയാൽ കവിത
നുണഞ്ഞിറക്കുമ്പോൾ പ്രണയം
പകർന്ന് തീർന്നാൽ സ്മൃതികൾ
വീണുടയുമ്പോൾ മരണം .
 

Tuesday, December 17, 2013

ഒരു പഴയ കഥ *

പ്രണയാർദ്രം സഖി നീ പകർന്നതെല്ലാം
ആവോളം സിരകളിൽ നിറച്ചുവെച്ചു.
ഒഴിഞ്ഞ ചഷകവുമായിന്നും തേടുന്നു നിന്നെ
ഉണങ്ങിയ ഹൃദയത്തൊലൊരിറ്റു നനവിനായ് .

അന്നു നാം നടന്നുതീർന്ന വഴികളിലിന്നും
ഏകനായ് കാത്തിരിക്കുന്നു ഞാൻ.
അകലെയൊരു പദസ്വനം കേൾക്കെ
അകതാരിലൊരു തിരിനാളമുണരുന്നു

നേർത്ത ചിരിയിൽ നീ  ഒതുക്കിയതൊക്കെയും
കണ്ണിലൊളിപ്പിച്ച കടലാഴം മൊഴിഞ്ഞു.
വാക്കുകൾ പകരാതെ പോയതെല്ലാം
ഉള്ളിലെരിയും കനലിൻ പൊള്ളലേറ്ററിഞ്ഞു

ഒരിക്കലും കാണില്ലെന്നറിയാമെങ്കിലും
ഒരുനാൾ വരുമെന്നോതുന്നു ,
ഇരുൾമൂടിയതെങ്കിലും ഓർമ്മ വറ്റാത്ത ഹൃദയം -അത്
ഓരോ മിടിപ്പിലും നിന്നെ തൊടുന്നുണ്ട് .

__________________________________
*വർഷങ്ങൾക്ക് മുൻപ് കുറിച്ചിട്ടത്‌ 

Wednesday, December 11, 2013

നുറുങ്ങുകൾ (15 )

ബക്കറ്റുപേഷിച്ചു
പകരം ചാക്കെടുത്തു .
********

റോഡ്‌  വരുമ്പോൾ പരിസ്ഥിതി വിരുദ്ധം
പത്ശിമഘട്ടമാവുമ്പോൾ കർഷക വിരുദ്ധം
ഇതാവും വൈരുദ്ധ്യാത്മക പരിസ്ഥിതി വാദം .
********
കമ്മ്യൂണിസ്റ്റുകൾ
തീരെ കുറഞ്ഞയിടമാകും കേരളം
ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണധികം

********
സഹ്യൻ എന്ന വാക്കിന്‌
സഹിക്കേണ്ടവൻ  എന്നർത്ഥമുണ്ടോ?
********

ഇടതിനും ഇടത് വന്നാൽ
ഇടത് വലതാവുമോ ?
********
 

Thursday, December 5, 2013

നുറുങ്ങുകൾ -(14)

 

പ്രവാസം 

----------------
പ്രവാസിയെന്നാൽ ഇടമില്ലാത്തവൻ
യൂസഫലിയും നജീബും പ്രവാസിയാണ്
ഞാനും .
***********

തിരിച്ചു വരുന്ന ഓരോ ഫ്ലൈറ്റിലും
ഒരുപാട് കണ്ണീരു കാണും
അതിലേറേ അച്ചാറും .
***********

ഷവർമയും പർദ്ദയും മലയാളമായ്
പൊറോട്ടയും ചിട്ടിയും ഇങ്ങോട്ടെടുത്തു
ഇതല്ലേ അത് -സാംസ്ക്കാരിക വിനിമയം .
***********

ആദ്യം വന്നവന് വീടായിരുന്നു സ്വപ്നം
പിന്നെയത് പുത്തൻ കാറായ് മാറി
നാളെ നാട്ടിൽ നാല് ബംഗാളികളുടെ -
അർബാബ് ആകാനാവും .
**********

'മിസ്സ്‌'കോളുകളുടെ പെരുമഴക്കിടയിൽ
മിന്നൽ പോലൊരു മിസ്സിസ്കോൾ .
**********

തിളച്ചാറിയ വെള്ളമാണ് വെള്ളിയാഴ്ച്ച
ശനിയാഴ്ച്ച അത് വീണ്ടും തിളക്കാൻ തുടങ്ങും .
***********