Pages

Saturday, October 29, 2011

ദൈവം ഒന്നിച്ചു ചേര്‍ത്തത്......

Andre  Desjardins - mon espace IIWait, I need my space. I need some time to deal with these new realities, for much has changed between us and I am not as certain as I once was---

ഒരു നുണയാണ് നമ്മള്‍ 
അകവും പുറവും  ചായം തേച്ചത് 
കീഴടക്കിയ കൊടുമുടിയുടെ ശൂന്ന്യതയില്‍ പകച്
തിരിഞ്ഞുനോക്കുമ്പോള്‍  മാത്രമറിയും തനിച്ആണെന്ന്

ചില മുറിവുകള്‍ ഇന്നും പുഴുവരിക്കുന്നു
ചില നോട്ടങ്ങളുള്ളില്‍ ഇമ പൂട്ടാതെയുറങ്ങുന്നു
ഒരു വാക്കുകൊണ്ടകമാകെ പൊള്ളുന്നു
എങ്കിലുമോരു  തലോടലില്‍ എല്ലാം മറന്നുറങ്ങുന്നു

അന്യരുടെ വ്യഥകളില്‍  നീറുമ്പോഴും
 നിന്റെ നൊമ്പരം കാണാതെ  പോയ്‌
 സ്വാന്ത്വനം തേടിയ രാവുകള്‍ കലഹമായോടുങ്ങി          
ചിരി വറ്റിയ ചുണ്ടില്‍ രോക്ഷം മൌനമുദ്രയായ്

ഒരേ യാത്രയില്‍ നാം കണ്ടത് രണ്ടുലോകം
ഒരേ കനിയില്‍ നുകര്‍ന്നത് കയ്പ്പും മധുരവും
ഒരേ ശയ്യയില്‍ മഞ്ഞുമല പുണര്‍ന്നുറങ്ങി നാം

ഒരേ ചൂണ്ടയില്‍ കൊരുത്ത മീനുകള്‍
ഒരു നേരിഴപിരിഞ്ഞ നുണകള്‍
___________________________________________________
painting courtesy:ANDRE DESJARDINS
 

Thursday, October 13, 2011

പുസ്തകം

    
ഓരോ പുസ്തകത്തിനും ഓരോ മുഖമാണ്,
ഓരോ ഹൃദയവും.
ചിലത് നമ്മെ അകത്തേക്ക് ക്ഷണിക്കും
(പലതും ആരും തുറന്നുനോക്കാതെ പോകും)

തുറക്കുമ്പോള്‍ ഒന്നാം പുറത്തുതന്നെ വിലയറിയാം
(പുസ്തകങ്ങള്‍ക്ക് വില നിശ്ശയിക്കുന്നത് എങ്ങനെയാണ്?)
പിന്നെ  അവതാരികയുടെ പടിപ്പുരയും (പലപ്പോഴും വീടിനേക്കാള്‍
വലിയ പടിപ്പുരകള്‍ ) കടന്നു പാഡ ത്തിലേക്ക്

അക്ഷരങ്ങള്‍ അഗ്നിയായ് പടരുമ്പോഴും 
വരികള്‍ക്കിടയില്‍  ഞെരിഞ്ഞമരുന്ന നേരിന്റെ നിലവിളി 
അര്‍ദ്ധവിരാമങ്ങളില്‍ പാതിവെന്ത നിലപാടുകള്‍ 
കാണാത്ത കാഴ്ചകളുടെ നെടുവീര്‍പ്പായോടുങ്ങുന്ന പൂര്‍ണവിരാമം 

അധ്യായങ്ങല്‍ക്കിടയിലെ ശൂന്യസ്ഥലികളില്‍
എഴുതാതെ പോയ ജീവിതം
ആരുമറിയാത്ത എഴുതാപ്പുറം


ആരോ വരച്ച അടിവരകള്‍
മായാത്ത വടുക്കളയന്ത്യം വരെ
ഓര്‍മിക്കുവാന്‍ വെച്ച് മറന്നുപോയ
അടയാള ത്തുണ്ടുകള്‍ ഓര്‍മ്മതെറ്റ്പോല്‍ അനാഥം

അവസാനവരിയും വായിച്ചുതീരുമ്പോള്‍
ഒരു കനത്ത അടിവര
പിറക്കാതെ മരിച്ച വാക്കുകളുടെ സ്മാരകശില

അവസാനത്തെ പുറം
ഏകാന്തവും ശാന്തവുമായ ഇടം
ലിപികളില്ലാത്ത ഭാഷയിലെഴുതിയ 
പരിഭാഷയില്ലാത്തകവിതയാണ്  മരണം 

പുറംചട്ടയില്‍ നാല് നല്ലവാക്ക്
എല്ലാ ഗ്രന്ഥങ്ങളും അവസാനിക്കുന്നത് ഇങ്ങനെയാണ് .