Pages

Saturday, February 22, 2014

വ്യാകരണം

അർത്ഥങ്ങൾ അറിയും മുമ്പേ
വാക്കുകൾ തന്നെ ഇല്ലാതാവും
അറിയാനായ്  അലയുമ്പോൾ
അലയുന്നതിന്റെ അർത്ഥമറിയും
അർത്ഥം പലപ്പോഴും വ്യർത്ഥമെന്നറിയും
*
ദൈവത്തിന് നാനാർത്ഥങ്ങളില്ല
പര്യായങ്ങളേയുള്ളൂ .
പരമാർത്ഥം തെരയുമ്പോൾ
പുരുഷാർത്ഥമറിയും
അന്വേഷിയും ദൈവവും
ഒരേവാക്കിന്റെ അർത്ഥമാകും
*
അമ്മയുടെ വിപരീതം അച്ഛനെന്ന്
അന്നെത്ര പഠിച്ചിട്ടും അറിയാനായില്ല
വളർന്നച്ചനായപ്പോൾ
എല്ലാ വാക്കിനും വിപരീതമുണ്ടെന്നറിഞ്ഞു
അച്ഛനും അമ്മയ്ക്കും മക്കൾക്കും .

വിപരീതങ്ങളുടെ അർത്ഥമറിയാൻ
ജീവിതം പോരാതെയാവും .




Thursday, February 13, 2014

നുറുങ്ങുകൾ 18

 .പാടിപ്പുകഴ്ത്തിയ
സ്വാർത്ഥതയാണ് രണ്ടും ,
പ്രണയവും പ്രാർത്ഥനയും .
**
പ്രണയിക്കാനൊരാളും
പ്രാർഥിക്കാനൊരു ദൈവവും
വിശ്വാസമാണെല്ലാം
 **
കണ്ണിന് എല്ലാം കാണാം
കണ്ണിലെ കരട് കാണാൻ
മറ്റൊരു കണ്ണുവേണം
**.
ചോരയാണ് ചരിത്രം
ആയുധം വാക്കുകളും
അന്നും ഇന്നും .
**
ചിലർ ആടിത്തിമിർക്കുന്നു
ചിലർ ആടിത്തീർക്കുന്നു

 

Saturday, February 8, 2014

ഭൂമിക

ഭൂമിക
______
മരമായ്‌ വളരണം
വിണ്ണിലേക്ക് -
മണ്ണിലേക്കും .
*
ചില്ലയുണങ്ങിയ
ചില മരങ്ങളെങ്കിലും
വേരുകളിൽ പൂക്കുന്നുണ്ട് .
മറ്റാരുമറിയാതെ .
*
പൂവിൻറെ നെഞ്ചുകീറിയാണിപ്പോൾ
കാറ്റ് പൂമണം നുകരുന്നത്
കാറ്റിന്റെ വാളൊച്ച കേട്ടാണിപ്പോൾ
മൊട്ടുകൾ വിരിയുന്നത്
*
പൊഴിയുന്ന ഇലകൾ
മണ്ണായ് തീരുമ്പോൾ
വേരുകൾ തൊടുന്നുണ്ടാവും
*
മഴുവുമായ് നീയെത്തുമ്പോൾ
കിളികളെല്ലാം പറന്നുപോകും
കരയാനറിയാതെ പാവം
കണ്ണടച്ച് പിടിക്കുന്നുണ്ടാവും