Pages

Wednesday, October 23, 2013

നുറുങ്ങുകൾ- 11

മോഹം 
 
അണുനാശിനിയുടെ പരസ്യം പോലെയാണ്
മോഹങ്ങൾ
എത്ര തുടച്ചുമാറ്റിയാലും
ഒരു പാട് ബാക്കിയാവും .
***********
അടയാളം 
 
കുറിവരക്കുന്നതും
തൊപ്പിയിടുന്നതും
അന്ന് ഐശ്വര്യമായിരുന്നു
ഇന്ന് അടയാളവും .
*************
പ്രവാസം 
 
പ്രവാസമല്ല,
കുടിയേറ്റമാണെന്ന് ഭാഷാപണ്ഡിതൻ
കുടിയേറ്റമല്ല.
കുടിയിറങ്ങിയതാണെന്ന് പ്രവാസി
*************
പുലിപ്പുറത്തെ യാത്രയാണ് പ്രവാസം
കയറിയാൽ പിന്നെ
ഇറങ്ങാനാവില്ല .
**************
ത്യാഗം 
 
പ്രശ്നങ്ങളെല്ലാം ഉപേക്ഷിച്ച്
ആത്മീയ ശാന്തി തേടുന്നു സന്ന്യാസി
സ്വാസ്ഥ്യമെല്ലാം വെടിഞ്ഞ്‌
അപായമാം കർമ്മത്തിൻ അഗ്നിയേന്തുന്നു വിപ്ലവകാരി
എന്താണ്‌ ത്യാഗം ?
ആരാണ് പരിത്യാഗി ?
**************
 

Friday, October 11, 2013

സായംകാലം

വാർദ്ധക്യം
ജീവിതത്തിനും മരണത്തിനുമിടയിലെ ദശാസന്ധിയല്ല
നിശബ്ദം ഉരുകിത്തീരും രാപ്പകലുകളല്ല
തൊണ്ടയിൽ കുരുങ്ങിയ നിലവിളിയല്ല
തിരിച്ചറിവുകളുടെ നാനാർത്ഥമാണ് .
 
ശാന്തമൊഴുകും പുഴയിലെ ഏകാന്ത -
പുലർകാല തോണിയാത്രയാണ് .
അകതാരിലൂറും ആർദ്രതപകരും പാകത
വിശുദ്ധി തൻ തൂമഞ്ഞിൻ ‍ ‍കമ്പളം വിരിക്കും
 
സത്യമിനി സത്യമായ് കാണാം
കാലുഷ്യങ്ങളെ പുഞ്ചിരിയോടെ നേരിടാം
യുവതയെ സ്നേഹത്തോടെ തിരിച്ചറിയാം
തിരസ്കരങ്ങളെ നിർമമനായ് സ്വീകരിക്കാം
 
ദൂരമിനി എത്രയെന്നറിയില്ലയെങ്കിലും
വഴിയോരക്കാഴ്ചകൾ എത്ര സുഖകരം
എല്ലാം കാണാം മിഴിനിറയെ ,മിഴിനിറഞ്ഞ്‌
കൂട്ടിനായ് അജ്ഞാതനാം സഹയാത്രികൻ മാത്രം
 
ഒരിക്കൽ പോർനയിച്ച പടനിലങ്ങളിൽ
ഒടുവിൽ പാഴ് വസ്തുവായ്‌ മാറും
മറവിയുടെ കാണാമറയത്ത് ചെയ്തുപോയതും -
ചെയ്യാതെപോയതും സമാന്തരം
 
ആൾകൂട്ടങ്ങളിൽ അരൂപിയായ് തീരും
വാക്കിന്റെയൂക്കിൽ ബധിരനായ് മാറും
അസ്തമയ വീഥിയിൽ ഇരുൾ തീണ്ടി ഓരോ
സൂര്യനും മന്ദം മന്ദം മഹാസാഗരം പൂകും
 
എങ്കിലും
എകാന്തസുന്ദരം ഈ സായംകാലം .
**
ആളിപ്പടരും മധ്യാഹ്നങ്ങളിൽ ഒരിക്കലെങ്കിലും
കത്തിയമരും സായാഹ്നത്തെ ഓർത്തുവെക്കുക
അന്തിക്ക് തീരമണയുമ്പോഴുള്ളിലെ തീപ്പെരുക്കി
കടവിലെയിരുളിൽ സ്വയം വഴികാട്ടിയാവാം .