Pages

Friday, February 13, 2015

മറവിയുടെ സ്മാരകമാണ് ചരിത്രം .




മറവിയുടെ സ്മാരകമാണ് ചരിത്രം .

ഓർമ്മകളെ നിരോധിക്കുന്ന നിയമം കൊണ്ടാണ്
കാലം കയ്യാമം വെക്കപ്പെടുന്നത്
ചരിത്രത്തിലില്ലാത്തവരുടെ ചോര ചിതറിയാണ്
അക്ഷരങ്ങൾ മാഞ്ഞു പോകുന്നത്
വരികൾക്കിടയിൽ പുകയുന്ന മൌനം
മരിച്ചവരുടെ കേൾക്കാതെ പോയ വിലാപമാണ്‌

വിശ്വാസം കൊണ്ട് പറക്കുന്ന വിമാനത്തിൽ
കലയുടെ കുതിരകൾ കടൽ  കടക്കുന്നു
വീട്ടിലേക്ക് തിരിച്ചു വരുന്നത്
പർദ്ധയിലൊളിപ്പിച്ചു വെച്ച
മൂക്കും മുലയും ചെത്തിയ നീതി മാത്രം

നിശ്ശബ്ദമാക്കപ്പെട്ട തെരുവുകളിൽ
 ശാസ്ത്രപുരോഹിതർ കണ്ണുകെട്ടി
 നാളെയുടെ  രഥം വലിക്കും
വാനരന്റെ വാലുകൊണ്ട്
ഇന്നലെകൾക്ക് ഛായം പൂശും

പിഴുതെടുത്ത നാവുകൾ കൊണ്ട്
പാരമ്പര്യത്തിന് ബലിയൂട്ടുമ്പോഴും
ചിലത് ബാക്കിയാവുന്നു-
നാളെയുടെ വസന്തം തീർക്കാൻ
മൃതി മറന്ന സ്മൃതിയുടെ വിത്തുകൾ


 

4 comments: