Pages

Friday, October 11, 2013

സായംകാലം

വാർദ്ധക്യം
ജീവിതത്തിനും മരണത്തിനുമിടയിലെ ദശാസന്ധിയല്ല
നിശബ്ദം ഉരുകിത്തീരും രാപ്പകലുകളല്ല
തൊണ്ടയിൽ കുരുങ്ങിയ നിലവിളിയല്ല
തിരിച്ചറിവുകളുടെ നാനാർത്ഥമാണ് .
 
ശാന്തമൊഴുകും പുഴയിലെ ഏകാന്ത -
പുലർകാല തോണിയാത്രയാണ് .
അകതാരിലൂറും ആർദ്രതപകരും പാകത
വിശുദ്ധി തൻ തൂമഞ്ഞിൻ ‍ ‍കമ്പളം വിരിക്കും
 
സത്യമിനി സത്യമായ് കാണാം
കാലുഷ്യങ്ങളെ പുഞ്ചിരിയോടെ നേരിടാം
യുവതയെ സ്നേഹത്തോടെ തിരിച്ചറിയാം
തിരസ്കരങ്ങളെ നിർമമനായ് സ്വീകരിക്കാം
 
ദൂരമിനി എത്രയെന്നറിയില്ലയെങ്കിലും
വഴിയോരക്കാഴ്ചകൾ എത്ര സുഖകരം
എല്ലാം കാണാം മിഴിനിറയെ ,മിഴിനിറഞ്ഞ്‌
കൂട്ടിനായ് അജ്ഞാതനാം സഹയാത്രികൻ മാത്രം
 
ഒരിക്കൽ പോർനയിച്ച പടനിലങ്ങളിൽ
ഒടുവിൽ പാഴ് വസ്തുവായ്‌ മാറും
മറവിയുടെ കാണാമറയത്ത് ചെയ്തുപോയതും -
ചെയ്യാതെപോയതും സമാന്തരം
 
ആൾകൂട്ടങ്ങളിൽ അരൂപിയായ് തീരും
വാക്കിന്റെയൂക്കിൽ ബധിരനായ് മാറും
അസ്തമയ വീഥിയിൽ ഇരുൾ തീണ്ടി ഓരോ
സൂര്യനും മന്ദം മന്ദം മഹാസാഗരം പൂകും
 
എങ്കിലും
എകാന്തസുന്ദരം ഈ സായംകാലം .
**
ആളിപ്പടരും മധ്യാഹ്നങ്ങളിൽ ഒരിക്കലെങ്കിലും
കത്തിയമരും സായാഹ്നത്തെ ഓർത്തുവെക്കുക
അന്തിക്ക് തീരമണയുമ്പോഴുള്ളിലെ തീപ്പെരുക്കി
കടവിലെയിരുളിൽ സ്വയം വഴികാട്ടിയാവാം .

2 comments:

  1. മഹാസമുദ്രത്തിലേക്ക് പടര്ന്നു കയറിയ
    നദീ മുഖത്തില്‍ ഞാന്‍ നിങ്ങളെ കണ്ടു.
    ഒഴുകി ചേര്ന്ന് തിരമാലയാവുന്നതും കണ്ടു..

    കടലിനെത്ര വയസ്സായി?

    ReplyDelete
  2. സത്യമിനി സത്യമായ് കാണാം
    കാലുഷ്യങ്ങളെ പുഞ്ചിരിയോടെ നേരിടാം
    ശരി തന്നെ..പക്ഷെ
    തിരസ്കരങ്ങളെ നിർമമനായ് സ്വീകരിക്കാം എന്നത് മനസ്സിന് ദഹിക്കുന്നില്ല.
    ഓരോ തിരസ്കാരങ്ങളുംമനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു കൊണ്ടേയിരിക്കും
    കൂടുതല്‍ കൂടുതല്‍..

    ReplyDelete