Pages

Saturday, December 28, 2013

ചൊവ്വാദോഷം

ചൊവ്വായാനം തൊടുക്കും മുമ്പേ
ചൊവ്വാദോഷം തീർത്ത്‌വെച്ചു .
റോക്കറ്റിൻറെ അരയിലൊരു
ഏലസ്സ് കൂടി കെട്ടാമായിരുന്നു .

കവ്ണ്ട്ഡവുണ്‍ തുടങ്ങുമ്പോൾ
തേങ്ങ ഉടച്ചോ ആവോ ,
രാഹു കാലത്തിന് മുമ്പ്
തീ കൊളുത്തിയിട്ടുണ്ടാവണം

രാധാകൃഷ്ണനെ മാറ്റി  സാക്ഷാൽ
ആറ്റുകാൽ രാധാകൃഷ്ണനെ
ഐ .എസ് .ആർ .ഒ .ചെയർമാനക്കണം
(യന്ത്രം നിർമിക്കാനും വിദഗ്ദനാണ് )

ചൊവ്വയിലെ പാറ തുരന്ന്
ചൊവ്വാദോഷക്കാരുടെ കയ്യിൽ കെട്ടണം
ചന്ദ്രനിലെ വെള്ളം കുപ്പിയിലാക്കി
തീർത്ഥമായ് വിൽക്കണം
ഗ്രഹങ്ങളിലേക്ക് തീർത്ഥാടന -
യാത്ര സംഘ ടിപ്പിക്കണം

പടച്ചുണ്ടാക്കണം പുതിയൊരു
ആർഷഭാരത ജ്യോതി (ഷ )ശാസ്ത്രം

 

Thursday, December 26, 2013

മധുചഷകം

പതഞ്ഞുയരുമ്പോൾ സംഗീതം
നിറഞ്ഞ് തുളുമ്പിയാൽ കവിത
നുണഞ്ഞിറക്കുമ്പോൾ പ്രണയം
പകർന്ന് തീർന്നാൽ സ്മൃതികൾ
വീണുടയുമ്പോൾ മരണം .
 

Tuesday, December 17, 2013

ഒരു പഴയ കഥ *

പ്രണയാർദ്രം സഖി നീ പകർന്നതെല്ലാം
ആവോളം സിരകളിൽ നിറച്ചുവെച്ചു.
ഒഴിഞ്ഞ ചഷകവുമായിന്നും തേടുന്നു നിന്നെ
ഉണങ്ങിയ ഹൃദയത്തൊലൊരിറ്റു നനവിനായ് .

അന്നു നാം നടന്നുതീർന്ന വഴികളിലിന്നും
ഏകനായ് കാത്തിരിക്കുന്നു ഞാൻ.
അകലെയൊരു പദസ്വനം കേൾക്കെ
അകതാരിലൊരു തിരിനാളമുണരുന്നു

നേർത്ത ചിരിയിൽ നീ  ഒതുക്കിയതൊക്കെയും
കണ്ണിലൊളിപ്പിച്ച കടലാഴം മൊഴിഞ്ഞു.
വാക്കുകൾ പകരാതെ പോയതെല്ലാം
ഉള്ളിലെരിയും കനലിൻ പൊള്ളലേറ്ററിഞ്ഞു

ഒരിക്കലും കാണില്ലെന്നറിയാമെങ്കിലും
ഒരുനാൾ വരുമെന്നോതുന്നു ,
ഇരുൾമൂടിയതെങ്കിലും ഓർമ്മ വറ്റാത്ത ഹൃദയം -അത്
ഓരോ മിടിപ്പിലും നിന്നെ തൊടുന്നുണ്ട് .

__________________________________
*വർഷങ്ങൾക്ക് മുൻപ് കുറിച്ചിട്ടത്‌ 

Wednesday, December 11, 2013

നുറുങ്ങുകൾ (15 )

ബക്കറ്റുപേഷിച്ചു
പകരം ചാക്കെടുത്തു .
********

റോഡ്‌  വരുമ്പോൾ പരിസ്ഥിതി വിരുദ്ധം
പത്ശിമഘട്ടമാവുമ്പോൾ കർഷക വിരുദ്ധം
ഇതാവും വൈരുദ്ധ്യാത്മക പരിസ്ഥിതി വാദം .
********
കമ്മ്യൂണിസ്റ്റുകൾ
തീരെ കുറഞ്ഞയിടമാകും കേരളം
ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണധികം

********
സഹ്യൻ എന്ന വാക്കിന്‌
സഹിക്കേണ്ടവൻ  എന്നർത്ഥമുണ്ടോ?
********

ഇടതിനും ഇടത് വന്നാൽ
ഇടത് വലതാവുമോ ?
********
 

Thursday, December 5, 2013

നുറുങ്ങുകൾ -(14)

 

പ്രവാസം 

----------------
പ്രവാസിയെന്നാൽ ഇടമില്ലാത്തവൻ
യൂസഫലിയും നജീബും പ്രവാസിയാണ്
ഞാനും .
***********

തിരിച്ചു വരുന്ന ഓരോ ഫ്ലൈറ്റിലും
ഒരുപാട് കണ്ണീരു കാണും
അതിലേറേ അച്ചാറും .
***********

ഷവർമയും പർദ്ദയും മലയാളമായ്
പൊറോട്ടയും ചിട്ടിയും ഇങ്ങോട്ടെടുത്തു
ഇതല്ലേ അത് -സാംസ്ക്കാരിക വിനിമയം .
***********

ആദ്യം വന്നവന് വീടായിരുന്നു സ്വപ്നം
പിന്നെയത് പുത്തൻ കാറായ് മാറി
നാളെ നാട്ടിൽ നാല് ബംഗാളികളുടെ -
അർബാബ് ആകാനാവും .
**********

'മിസ്സ്‌'കോളുകളുടെ പെരുമഴക്കിടയിൽ
മിന്നൽ പോലൊരു മിസ്സിസ്കോൾ .
**********

തിളച്ചാറിയ വെള്ളമാണ് വെള്ളിയാഴ്ച്ച
ശനിയാഴ്ച്ച അത് വീണ്ടും തിളക്കാൻ തുടങ്ങും .
***********



 

Sunday, November 24, 2013

അല്പം ദൈവീക ചിന്തകള്


"ദൈവത്തെ അറിയുക" 
നാലുപേജിന്റെ ലഗുലേഖ
ഇത്രയും എളുപ്പമുള്ള ഒന്നിനായിരുന്നോ 
മനുഷ്യവര്ഗ്ഗം ഇത്രയും നാള്  തലപുകഞ്ഞത് 
സത്യനാദം പബ്ലിഷേര്സിന്  നന്ദി .
**************
ദൈവപുത്രനെ നമ്മൾ കുരിശിലേറ്റി 
ദൈവത്തെ കിട്ടിയിരുന്നെങ്കിലോ ?
*************

സ്തുതികള്കൊണ്ടുമാത്രം പ്രസാദിക്കുന്ന ദൈവം 
തീര്ച്ചയായും മനുഷ്യന്റെ മാത്രം ദൈവമാകും 
ഇത്രയും മനുഷ്യത്വമാര്ന്ന ദൈവമുള്ളപ്പോള് 
യുക്തിവാദിയാവുന്നതെങ്ങനെ ?
*************

ഭൂമിയിലെ ഏറ്റവും മനോഹരമായ മുഖം
 നിനക്കായ് മാത്രം നല്കി  ദൈവം 
നീയത് കറുപ്പിനാല് മൂടിവെച്ചു 
നിനക്കറിയാം 
നിനക്കും അവനുമിടയില് ആരാണെന്ന് 
*************

കരയാനറിയുന്ന ദൈവത്തിനെ 
കണ്ണീരിന്റെ വിലയറിയൂ .
***********


Wednesday, November 20, 2013

നുറുങ്ങുകൾ _ 12

ഒറ്റക്കാവുമ്പോഴാണ്
ഒറ്റക്കല്ലെന്നറിയുക .
******

മരിക്കാനൊരു കാരണം വേണം
ജീവിക്കാനതും  വേണ്ട .
*******

ഓർമ്മിക്കാനൊരു നിമിഷം മതി
മറക്കാനൊരു ജീവിതം പോരാ .
*******

രണ്ടായിത്തീരുവാൻ
ഒന്നായിത്തീരരുത് .
********

ഒറ്റയ്ക്ക് നിന്നാൽ
ചുറ്റുംകാണാം
കൂട്ടത്തിലായാൽ
കൂട്ടമേ കാണൂ
********







Sunday, November 10, 2013

മുഴുവൻ മധുരവും പങ്കുവെച്ച
പ്രണയം  മടുത്തപ്പോൾ
വിവാഹിതരാവാൻ ഒപ്പുവെച്ചു .
പിന്നെയും പങ്കിടാൻ ബാക്കിയായത്
പരസ്പരം ഒളിപ്പിച്ച  കയ്പ്പ് മാത്രം .

Friday, November 1, 2013

ദക്ഷിണായനം



ഗുരുവിന്റെ സ്വാസ്ഥ്യം കെടുത്തും കാടന്റെ പാടവം
വിദ്യ തന്നെ ദക്ഷിണയായ് കവർന്നെടുത്തു മഹാഗുരു .
വില്ലാളിക്ക് മൃതിസമാനം പെരുവിരൽച്ചേദനം
ഉന്നതകുലജാതനാം പ്രിയശിഷ്യന് ഒന്നാമാനാവണം .

പ്രതിഭകൾ പിറക്കരുത് അധ:കൃതയോനിയിൽ
ഹിഡിംബി പുത്രർക്ക് ജന്മം തന്നെ ദക്ഷിണയാവണം 
വേട്ടനായ്ക്കളെ തിരിച്ചറിയണം കറുത്തവൻ
കുരക്കുന്ന വായിൽ അമ്പെയ്ത് നിറയ്ക്കണം .

ഗുരുവിനെ തേടിയലയുന്നു ആരണ്യവാസിയിന്നും
ഉണങ്ങാത്ത പെരുവിരൽ മുറിവുമായ്‌
മരണം മണക്കും കുരുക്ഷേത്ര നിലങ്ങളിൽ.


മരണമില്ലാത്ത  മകന്റെ മരണമറിഞ്ഞ്
മരണം വരിച്ചതും ഗുരുവരൻ
ധർമ്മാവതാരമാം ശിഷ്യന്റെ ദക്ഷിണ .
അറിയാതെപോവുന്നു ഗുരുക്കളും
കാലവും പ്രച്ഛന്നവേഷങ്ങളെ .

ദക്ഷിണക്കില്ല  ദയയും ദാക്ഷിണ്ണ്യവും
ദക്ഷിണക്കില്ല  മതവും പ്രത്യയശാസ്ത്രവും
ദക്ഷിണയില്ലാതില്ല അറിവുമർത്ഥവും
ദക്ഷിണായനങ്ങൾക്കില്ല ഋതുഭേദങ്ങളും .









 

Wednesday, October 23, 2013

നുറുങ്ങുകൾ- 11

മോഹം 
 
അണുനാശിനിയുടെ പരസ്യം പോലെയാണ്
മോഹങ്ങൾ
എത്ര തുടച്ചുമാറ്റിയാലും
ഒരു പാട് ബാക്കിയാവും .
***********
അടയാളം 
 
കുറിവരക്കുന്നതും
തൊപ്പിയിടുന്നതും
അന്ന് ഐശ്വര്യമായിരുന്നു
ഇന്ന് അടയാളവും .
*************
പ്രവാസം 
 
പ്രവാസമല്ല,
കുടിയേറ്റമാണെന്ന് ഭാഷാപണ്ഡിതൻ
കുടിയേറ്റമല്ല.
കുടിയിറങ്ങിയതാണെന്ന് പ്രവാസി
*************
പുലിപ്പുറത്തെ യാത്രയാണ് പ്രവാസം
കയറിയാൽ പിന്നെ
ഇറങ്ങാനാവില്ല .
**************
ത്യാഗം 
 
പ്രശ്നങ്ങളെല്ലാം ഉപേക്ഷിച്ച്
ആത്മീയ ശാന്തി തേടുന്നു സന്ന്യാസി
സ്വാസ്ഥ്യമെല്ലാം വെടിഞ്ഞ്‌
അപായമാം കർമ്മത്തിൻ അഗ്നിയേന്തുന്നു വിപ്ലവകാരി
എന്താണ്‌ ത്യാഗം ?
ആരാണ് പരിത്യാഗി ?
**************
 

Friday, October 11, 2013

സായംകാലം

വാർദ്ധക്യം
ജീവിതത്തിനും മരണത്തിനുമിടയിലെ ദശാസന്ധിയല്ല
നിശബ്ദം ഉരുകിത്തീരും രാപ്പകലുകളല്ല
തൊണ്ടയിൽ കുരുങ്ങിയ നിലവിളിയല്ല
തിരിച്ചറിവുകളുടെ നാനാർത്ഥമാണ് .
 
ശാന്തമൊഴുകും പുഴയിലെ ഏകാന്ത -
പുലർകാല തോണിയാത്രയാണ് .
അകതാരിലൂറും ആർദ്രതപകരും പാകത
വിശുദ്ധി തൻ തൂമഞ്ഞിൻ ‍ ‍കമ്പളം വിരിക്കും
 
സത്യമിനി സത്യമായ് കാണാം
കാലുഷ്യങ്ങളെ പുഞ്ചിരിയോടെ നേരിടാം
യുവതയെ സ്നേഹത്തോടെ തിരിച്ചറിയാം
തിരസ്കരങ്ങളെ നിർമമനായ് സ്വീകരിക്കാം
 
ദൂരമിനി എത്രയെന്നറിയില്ലയെങ്കിലും
വഴിയോരക്കാഴ്ചകൾ എത്ര സുഖകരം
എല്ലാം കാണാം മിഴിനിറയെ ,മിഴിനിറഞ്ഞ്‌
കൂട്ടിനായ് അജ്ഞാതനാം സഹയാത്രികൻ മാത്രം
 
ഒരിക്കൽ പോർനയിച്ച പടനിലങ്ങളിൽ
ഒടുവിൽ പാഴ് വസ്തുവായ്‌ മാറും
മറവിയുടെ കാണാമറയത്ത് ചെയ്തുപോയതും -
ചെയ്യാതെപോയതും സമാന്തരം
 
ആൾകൂട്ടങ്ങളിൽ അരൂപിയായ് തീരും
വാക്കിന്റെയൂക്കിൽ ബധിരനായ് മാറും
അസ്തമയ വീഥിയിൽ ഇരുൾ തീണ്ടി ഓരോ
സൂര്യനും മന്ദം മന്ദം മഹാസാഗരം പൂകും
 
എങ്കിലും
എകാന്തസുന്ദരം ഈ സായംകാലം .
**
ആളിപ്പടരും മധ്യാഹ്നങ്ങളിൽ ഒരിക്കലെങ്കിലും
കത്തിയമരും സായാഹ്നത്തെ ഓർത്തുവെക്കുക
അന്തിക്ക് തീരമണയുമ്പോഴുള്ളിലെ തീപ്പെരുക്കി
കടവിലെയിരുളിൽ സ്വയം വഴികാട്ടിയാവാം .

Thursday, September 12, 2013

കളികാലം

കണ്ണൻചിരട്ട
നനഞ്ഞ മണ്ണ്
വാഴയിലചീന്ത്

കളികളെത്ര ലളിതം

പിന്നിൽ പായുന്ന ഭൂതങ്ങളില്ല
മുന്നിൽ ചതിക്കുഴികളില്ല
വഴിയിലാരേയും അരിഞ്ഞുവീഴ്ത്തേണ്ട
വെട്ടിപിടിക്കാൻ സാമ്രജ്യങ്ങളില്ല

ഇത്രമാത്രം

ഇത്തിക്കണ്ണിപൂവിന്റെ തൊട്ടാൽ പൊട്ടും വിസ്മയം
മാനം കാണാ മയിൽപീലികൾ
ജീർണിച്ചു തീരാത്ത ആലിലഞരമ്പുകൾ .

 

Friday, August 30, 2013

യാത്ര പറയരുത്
നിശ്ശബ്ദനായ് പടിയിറങ്ങുക

തിരിഞ്ഞ് നോക്കി കൈ വീശരുത്‌
വേഗം കണ്ണിൽ നിന്നും മറയുക

പരുക്കനെന്ന് കരുതുമെങ്കിലും
ഒളിച്ചുകളിക്ക് നിറമിഴികളെ മറയ്ക്കാനാകും

Thursday, July 25, 2013

നുറുങ്ങുകൾ(10 )


തോറ്റിട്ടില്ല തോറ്റിട്ടില്ല
തോറ്റ ചരിത്രം കേട്ടിട്ടില്ല
ശബ്ദം കേട്ടുണരുമ്പോൾ ഞാൻ
തോറ്റ ജനതയുടെ സമരപ്പന്തലിലായിരുന്നു.
*********

പ്രണയം യാത്രയാണ്
പാറശാലക്ക് ടിക്കറ്റെടുത്താലും
തൃശ്ശൂരോ കൊല്ലത്തോ ഇറങ്ങാം.
*********

പ്രണയം മടുത്തപ്പോൾ
കൂട്ടി കെട്ടാമെന്നായി
കെട്ട് മുറുകിയപ്പോൾ
കൂട്ടിലായപോലായി



Friday, April 26, 2013

പുല്ലിംഗമില്ലാത്തത്

പുല്ലിംഗമില്ലാത്ത ചിലതുണ്ട് ഭാഷയിൽ 
പതിവ്രതക്കൊരു പതിവ്രതനില്ല 
ചാരിത്രവതിക്കൊരു ചാരിത്രവാനും 
കന്യകക്കും പകരമില്ല ,എങ്കിലും 
മനുഷ്യൻ പുരുഷനാണ് ,ദൈവവും .

Thursday, March 28, 2013

ഇടതിസം

ഇടതിനും ഇടത് വന്നാൽ
ഇടത് വലതാവുമോ ?

 *****

ഇടതുപക്ഷത്താണ് ഹൃദയം
അന്നവർ  ഇരുന്നതും  ഇടതുഭാഗത്ത്
ആശയോടെ  നമ്മളും ഇടതുചേരിയിൽ
ചിലരെങ്കിലും വലത്തോട്ട് ഒളിഞ്ഞ് നോക്കുന്നുണ്ടോ?

*****

ഇടതനെന്നൊരാളെ വിളിക്കുമ്പോൾ
തെളിയുന്ന ചില ധ്വനികളുണ്ട് ഭാഷയിൽ
ഒരിക്കലും വലതനില്ലാത്തത് .


*****

നമ്മുടെ നേതാക്കളധികവും
നമ്പൂരിയും നായരും പിള്ളയും .
ഡാർവിൻറെ കണക്കുകൾ
 മാർക്സിനും പഥ്യമാകയാൽ
വാലില്ലാത്തവരാണിന്ന് സഖാക്കളേറെയും .

*****






Thursday, March 7, 2013

എന്‍റെ സത്രീ സുഹൃത്തുക്കള്‍ക്ക് , ഖേദപൂര്‍വ്വം




നിന്നിലെ മൃഗത്തെ മുടിവെക്കാനാവാതെ
അവളെ കറുപ്പില്‍ മൂടിപ്പൊതിയുന്നു നീ
നാലു നാള്‍പ്പോലും  കലിയടങ്ങാത്തവന്
നാല്  കെട്ടാന്‍ വിധിക്കുന്നതും നീ .

മരിച്ചാലും മരിക്കാത്ത കാപട്യം
നിന്‍റെ ചിതയിലവളെ ഉയിരോടെ ദഹിപ്പിച്ചു .
മരിച്ചാലും നിനക്കവളെ കൊല്ലാനാകും .

മേരി ഇപ്പോഴും പ്രതിക്കൂട്ടില്‍ തന്നെ
കൂടെ കിടന്നവരില്‍  ഒരുത്തനെ പ്പോലും
നിന്‍റെ ചരിത്രത്തിനറിയില്ല  .
(അറിയാതെ അറിഞ്ഞാലും വെറുതെവിടും
 പിന്നെ  അവനുവേണ്ടി തെരുവിലവളെ
 നാവ് കൊണ്ട്  വ്യഭിചരിക്കും അതില്ലാത്തവന്‍ )

കറുത്തവളുടെ പ്രണയത്തിന്
വിലയായ് മുലയരിഞ്ഞതും നീ .
ദൈവം  ചതിയാല്‍ ദാഹം തീര്‍ത്തതിന്
കാലത്തിന്‍റെ ചവിട്ടേറ്റ് പിടഞ്ഞതവള്‍
അവളെ ചവിട്ടി  ഉണര്‍ത്തിയ പുരുഷോത്തമന്‍
മറ്റൊരുവളെ ചവിട്ടാതെ തന്നെ മണ്ണിലേക്ക് താഴ്ത്തി.

നിന്‍റെതാണ് ലോകം
 വാക്കുകളെല്ലാം നിനക്ക് വേണ്ടി .

********
 2 
ആദ്യകവിതയിലെ നായിക എന്തിനാണ് ആത്മഹത്യ ചെയ്തത് ?
നായകനെ ഒരു കൊലയില്‍നിന്നെങ്കിലും ഒഴിവാക്കാനാവും .
ലോകം വാഴ്ത്തിയ അനിയന്‍റെ മഹാത്യാഗത്തിന്
കയ്പ്പ്‌ കുടിച്ചവളെ ആദികവിയും കണ്ടില്ല .

സിദ്ധാര്‍ത്ഥന്‍ ദു:ഖകാരണം തേടിയിറങ്ങുമ്പോള്‍ തന്നെ
യശോധര  അതെന്താണെന്നറിഞ്ഞു .
ഗാന്ധിജിയെ ജനം ഓര്‍ക്കാന്‍ തുടങ്ങും മുമ്പേ
മഹാത്മാവ്കസ്തൂര്‍ബയെ  മറന്നിരുന്നു .

മാര്‍ക്സ് ലോകത്തിന് മരുന്ന് കുറിക്കുമ്പോള്‍
മരുന്നില്ലാതലഞ്ഞവള്‍ ജെന്നി .
ചൂതാട്ടക്കാരന്‍റെ തീരാ ഭ്രാന്തിന്
തടവറയായവള്‍  അന്ന .

 നിഴലാവാന്‍ വിധിച്ചവള്‍
രാത്രിമാത്രം പൂക്കുന്നവള്‍
രാവിന്‍റെ  ഇരുളില്‍ നിഴലുകളില്ല .

വിജയിക്കുന്നവന്‍റെ  പിന്നില്‍
അവളുണ്ടെന്നു പുകഴ്ത്തുമ്പോഴും
എന്നും തോല്‍പ്പിക്കപ്പെടുന്നവള്‍ .

__________________________
 *ഇന്ന് മാര്‍ച്ച് 8
.


Wednesday, March 6, 2013





ഹ്യുഗെ ഷാവേസ് അന്തരിച്ചു .
രണ്ട് പതിറ്റാണ്ടായ് അമേരിക്കയുടെ ഉറക്കം കെടുത്തിയ
ലാറ്റിനമേരിക്കയുടെ വിപ്ലവ നായകന്‍ .
അമേരിക്കയുടെ ധാര്‍ഷ്ട്യം നിറഞ്ഞ തിട്ടൂരങ്ങള്‍ക്ക്
മുമ്പില്‍ ലോകരാഷ്ട്രങ്ങള്‍ തലകുനിച്ച് നിന്നപ്പോള്‍  എന്നും  നന്മയുടെ
നാവായ്‌ ലോകത്തെ ഉണര്‍ത്തിയിരുന്നവന്‍ .
അത് ഇറാക്ക് പ്രശ്നമായാലും ഇറാനെതിരെയുള്ള
 നിലപാടുകള്‍ക്കെതി രായാലും  . കഴിഞ്ഞ  വര്‍ഷങ്ങളില്‍
സാമ്രാജ്യത്തിനെതിരെയുള്ള ഏറ്റവും തീഷ്ണമായ  വാക്കുകള്‍
ഷാവെസിന്റെതായിരുന്നു . വെനിസ്വലയെ പുരോഗതിയിലേക്ക് നയിച്ച
ഭരണാധിപന്‍ എന്നതിനേക്കാള്‍ ലോകത്തിലെ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌
ഊര്‍ജ്ജം പകര്‍ന്ന യോദ്ധാവ് എന്ന നിലയിലാവും കാലം
ഈ മനുഷ്യനെ ഓര്‍മ്മിക്കുക .

അമേരിക്കയുടെ മുറ്റത്തുനിന്ന് യാങ്കികളുടെ മൂക്കിന് നേരെ വിരലുയര്‍ത്തിയ
കേസ്ട്രോയുടെ സുഹൃത്ത് ഇനി ഓര്‍മ്മ മാത്രം .
ഇരുള്‍ നിറയുന്ന കാലത്തില്‍ പ്രകാശ ഗോപുരം
പോലെ ചിലര്‍ സംഭവിക്കും . അവര്‍ മറഞ്ഞ്
പോയാലും പ്രാകാശം ബാക്കിയാവും .
വെനിസ്വലയുടെ വീരപുത്രന് , ലാല്‍സലാം .

Saturday, March 2, 2013

നുറുങ്ങുകള്‍ -8

അറിയരുതധികം
അഭയമില്ലാതാകും .
****

എനിക്ക് നിന്നെ അറിയില്ല
നിനക്ക് എന്നേയും
അതാവാം നമ്മളിലിത്ര പ്രണയം .
****

എന്‍റെ കുഞ്ഞിന്‍റെ അമ്മയാണിവളെന്ന
കപടസ്തുതിയുടെ  ദൈവനീതിക്ക് പകരം
അവളുടെ കുഞ്ഞിന്‍റെ അച്ഛനാണ്‌ ഞാനെന്ന
ജൈവനീതി വരുമ്പോഴേ നമ്മള്‍ തുല്ല്യരാവൂ .
****

കവിതയില്‍ വിതയുണ്ടാവണമെന്ന്‌ കവി *
കവിതയില്‍  കവിയുണ്ടാവണമെന്ന് ഞാനും
കവിതയിലൊന്നും കവിയരുതെന്ന് വായനക്കാരനും .
 ****
__________________________________________________________
*കുഞ്ഞുണ്ണിമാഷ്


Wednesday, February 20, 2013

നുറുങ്ങു കഥ

പുതിയ നിയമം 
_________________

നഗരത്തില്‍ ആള്‍കൂട്ടത്തിന്‍റെ നടുക്ക് ജോഷ്വയും മേരിയും .
അയാളുടെ പിറകില്‍ അവള്‍ നിസ്സംഗയായ് നിന്നു.  ജനത്തിന്‍റെ ആക്രോശം
കൂടിക്കൂടി വന്നു. അയാളുടെ മുഖം എപ്പോഴുമെന്നപോലെ ശാന്തമായിരുന്നു. 
ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി പോലുമുണ്ടായിരുന്നു .

    ജോഷ്വ ബഹളം വെക്കുന്ന ജനത്തിന് നേരെ കൈകളുയര്‍ത്തി. അവര്‍ നിശ്ശബ്ദരായ്.
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ '

                  *                        *                        *

     കല്‍ക്കൂമ്പാരത്തില്‍ നിന്ന്‌ ചോരയില്‍ കുളിച്ച് അയാളുടെ തോളില്‍ തൂങ്ങി
എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവളുടെ മുഖത്ത് വിളറിയതെങ്കിലും ഒരു ചിരി പടര്‍ന്നു
"എന്‍റെ മാഷേ ,ഈ നമ്പറെല്ലാം പഴകിപ്പോയ് '
അവിടെ  ആരുമുണ്ടായിരുന്നില്ല. പാപികളല്ലെന്നു തെളിയിച്ച ആള്‍ക്കൂട്ടം അടുത്ത ഇരയെ തേടി പോയിരുന്നു 


Monday, February 11, 2013

നീ വരും നേരം


നിന്നോടെനിക്കൊരുപാധി മാത്രം 
ഒരുനാള്‍ നീ എന്നെ തേടിയെത്തുമ്പോള്‍
ഒരു വിളിപ്പാടകലെ നിന്‍റെ കാലൊച്ച കേള്‍ക്കണം
ഇന്നലെയോടൊന്നു നന്ദി ചൊല്ലാന്‍
ഓര്‍മ്മതന്‍ മാറിലൊന്ന് മുഖമമര്‍ത്താന്‍
ശാന്തനായ് നിന്നെ അനുഗമിക്കാന്‍ .

പ്രാണന്‍റെ നാളം പടുതിരികത്തുമ്പോള്‍
ഒരു സ്വപ്നമുള്ളില്‍ അണയാതിരിക്കണം .
വിറങ്ങലിക്കുന്ന വിരല്‍ത്തുമ്പില്‍ 
എഴുതാതെ പോയൊരു കവിതയുണ്ടാവണം .

പെരുവിരലിലാവും ഒടുക്കത്തിന്‍ തുടക്കം
ആദ്യം ചലനങ്ങളെല്ലാം വിലങ്ങുവെക്കും
നിശ്ചലനായ് ഞാന്‍ വിധേയനാവും
ശൈത്യമാര്‍ന്നൊരു സ്പര്‍ശം കാലില്‍ പരക്കും

അരക്കെട്ടിലെ അഗ്നിയും തണുപ്പരിക്കും
ജOരാഗ്നിയും മരവിച്ചടങ്ങിയാല്‍ പിന്നെ 
ആവശ്യങ്ങളെല്ലാം വിടപറയും
നെഞ്ചിലെ ചൂടാറും നേരം
വികാരങ്ങളെല്ലാം പടിയിറങ്ങും .

തൊണ്ടക്കുഴിയില്‍ നിശബ്ദം പിടിമുറുക്കി
നീയെന്‍റെ വാക്കുകള്‍ മുദ്ര വെക്കും
വിഷലിപ്തമൊരു ചുംബനത്താലെന്‍റെ 
ചുണ്ടുകളില്‍ നീല നിറം നിറയ്ക്കും
സ്വരവും രുചിയും കൂടൊഴിഞ്ഞ നാവിറങ്ങും  

മഹാദാനം കണ്ണും കാതും സമാന്തരം
നിന്‍റെ മാന്ത്രിക കൈകള്‍ മൂടിവെക്കും 
ഇനി വെളിച്ചത്തിന്‍ അജ്ഞേയമാം മറുപുറം മാത്രം
മൗനമൊരു കച്ചയായ് എന്നെ പൊതിഞ്ഞു കെട്ടും

ഒടുവില്‍ നീയെന്‍റെ പ്രജ്ഞയില്‍ വിരലമര്‍ത്തും
നമ്മള്‍ മുഖാമുഖം കാണുന്നതിവിടെ മാത്രം 
ഊര്‍ധ്വന്‍റെ ജ്വാല ഊതിക്കെടുത്തി
എന്നിലെ എന്നെ നീ തിരിച്ചെടുക്കും

എന്‍റെ യാത്ര 
ആദ്യമറിയുന്നത് ഞാനായിരിക്കും .

Sunday, January 27, 2013

ഒരു സര്‍റിയലിസ്റ്റിക് സായാഹ്നം



വാക്കിന്‍റെ തൊലിയുരിച്ച്
കാണാകമ്പിയില്‍ കൊരുക്കണം
ഓര്‍മ്മയുടെ കനലില്‍ ചുട്ടെടുക്കണം
മുറിവായില്‍ അന്വയമായ്
എരിവും ഉപ്പും പുരട്ടണം
ചൂടാറുംമുമ്പേ രണ്ടുവിരലില്‍ പിച്ചിയെടുക്കണം

അല്‍പ്പം
അല്‍പ്പാല്‍പ്പമായ് ടക്വീല
നാരങ്ങ നൊട്ടി നുണയണം
നേര്‍ത്ത വെളിച്ചം മാത്രം  ,
സിത്താറിന്റെ മാറില്‍
അനുഷ്കയുടെ മായിക വിരല്‍സഞ്ചാരം
ഫ്ലമെങ്കൊ നല്‍കും   മേല്‍ സ്ഥായികള്‍ .

പതുക്കെ
പതുക്കെപതുക്കെ  വേണമെല്ലാം
ദാലിയുടെ വാച്ചിലെ സമയം മതി *
നോവും ആനന്ദമായുള്ളില്‍ നിറയട്ടെ
സ്നേഹാര്‍ദ്രമാവട്ടെ ഓരോ തരിമ്പും

ഒടുവില്‍
ഒടുവില്‍മാത്രം അവളോട് ചേരുക
ഹൃദയം നിറഞ്ഞ് ,
പ്രണയിനിയുടെ കാതില്‍ ചുണ്ട് ചേര്‍ക്കുക
is it  me, are you looking for?**
______________________________________________
* സാല്‍വഡോര്‍ ദാലിയുടെ  പെയിന്റിംഗ്
**ലയണല്‍ റിച്ചി യുടെ  ഗാനം ' ഹലോ' .


Wednesday, January 16, 2013

ഗാന്ധി

stock photo : Indian Rupee bank notes background

എല്ലാ കൂട്ടികൊടുപ്പിനും സാക്ഷിയാണ് ഗാന്ധി

മണലൂറ്റാനും
മലതുരക്കാനും 
കാടെരിക്കാനും 
ഇടനിലക്കാരന്‍ ഗാന്ധി .

രാവില്‍ മുലകള്‍ക്കിടയില്‍ നനയുന്ന ഗാന്ധി 
സാറിന്‍റെ കൈമടക്കില്‍  ചുക്കിച്ചുളിഞ്ഞ ഗാന്ധി 
 വലിയ ദൈവങ്ങള്‍ക്ക് ചുളിവ് വീഴാത്ത  ഗാന്ധി 
നമുക്ക്‌ മരുന്നിന് തികയാത്ത ഗാന്ധി .

കൊടികള്‍ക്കെല്ലാം വടിയാണ് ഗാന്ധി 
നയിക്കുന്നവന്  നാവിന്‍റെ ബലമാണ്‌ ഗാന്ധി
കാവിക്കും പച്ചക്കും ഒരുപോലെ  പ്രിയനാണ് ഗാന്ധി
നമ്മെ ഭരിക്കുന്നതെന്നുമീ ഗാന്ധി
നമ്മുടെ ഇഷ്ടദൈവവും ഗാന്ധി .

ഗാന്ധിയില്ലാതെ നമുക്കെന്താഘോഷം
എന്നിട്ടും ചിലര്‍ പുലമ്പുന്നു-
നമ്മള്‍ ഗാന്ധിയെ  മറന്നെന്ന്
ഇതിലുമപ്പുറം ഗാന്ധിസം നടപ്പാക്കുന്നതെങ്ങനെ ?



Tuesday, January 1, 2013

സ്നേഹപൂര്‍വ്വം

ദൈവത്തിന്റെ പേറ്റന്റ്  മതങ്ങള്‍ക്കാണ്
മാറ്റം വരുത്തുകയോ
പുനര്‍നിര്‍മ്മിക്കുകയോ അരുത്
പൊരുളിന്റെ നാനാര്‍ത്ഥം തേടിയവര്‍ക്ക്
അവര്‍ നല്‍കിയത് പര്യായങ്ങളത്രയും ..

ഒരു നാള്‍ നീ രക്ഷ നേടിയേക്കാം  -അന്ന്
എതിരേല്‍ക്കാന്‍  എന്റെയീ വാക്കുമാത്രം  .
മറുവാക്ക് ചൊല്ലുവാന്‍ നീ എന്റെ ഭാഷ പഠിക്കും
ബാബേലിന്റെ പണിതീരാ പടിയിലിരുന്ന് ഞാനത് കാണും
ഒറ്റപ്പെടലിന്റെ വേദന എന്നെക്കാള്‍
നിനക്കാവും തിരിച്ചറിയുക

ചെയ്തികള്‍ ചികഞ്ഞ് ശിക്ഷിക്കാന്‍ -
കാത്തിരിക്കുന്ന ദൈവം -
നിനക്കും മടുക്കുന്നുണ്ടാവും
ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ നമുക്ക് തോളില്‍ കയ്യിടാം
നിന്നെക്കാള്‍ ഒട്ടും താഴെയല്ല ഞാന്‍ .

ബലി നല്‍കിയ വാക്കിന്‍റെ മുറിവായില്‍
ജീവനൂതിപ്പെരുക്കി ഇനിയും ഞാനലയും ,
കരയാനറിയുന്ന ദൈവത്തെ കാണുംവരെ .