Pages

Friday, April 26, 2013

പുല്ലിംഗമില്ലാത്തത്

പുല്ലിംഗമില്ലാത്ത ചിലതുണ്ട് ഭാഷയിൽ 
പതിവ്രതക്കൊരു പതിവ്രതനില്ല 
ചാരിത്രവതിക്കൊരു ചാരിത്രവാനും 
കന്യകക്കും പകരമില്ല ,എങ്കിലും 
മനുഷ്യൻ പുരുഷനാണ് ,ദൈവവും .

Thursday, March 28, 2013

ഇടതിസം

ഇടതിനും ഇടത് വന്നാൽ
ഇടത് വലതാവുമോ ?

 *****

ഇടതുപക്ഷത്താണ് ഹൃദയം
അന്നവർ  ഇരുന്നതും  ഇടതുഭാഗത്ത്
ആശയോടെ  നമ്മളും ഇടതുചേരിയിൽ
ചിലരെങ്കിലും വലത്തോട്ട് ഒളിഞ്ഞ് നോക്കുന്നുണ്ടോ?

*****

ഇടതനെന്നൊരാളെ വിളിക്കുമ്പോൾ
തെളിയുന്ന ചില ധ്വനികളുണ്ട് ഭാഷയിൽ
ഒരിക്കലും വലതനില്ലാത്തത് .


*****

നമ്മുടെ നേതാക്കളധികവും
നമ്പൂരിയും നായരും പിള്ളയും .
ഡാർവിൻറെ കണക്കുകൾ
 മാർക്സിനും പഥ്യമാകയാൽ
വാലില്ലാത്തവരാണിന്ന് സഖാക്കളേറെയും .

*****






Thursday, March 7, 2013

എന്‍റെ സത്രീ സുഹൃത്തുക്കള്‍ക്ക് , ഖേദപൂര്‍വ്വം




നിന്നിലെ മൃഗത്തെ മുടിവെക്കാനാവാതെ
അവളെ കറുപ്പില്‍ മൂടിപ്പൊതിയുന്നു നീ
നാലു നാള്‍പ്പോലും  കലിയടങ്ങാത്തവന്
നാല്  കെട്ടാന്‍ വിധിക്കുന്നതും നീ .

മരിച്ചാലും മരിക്കാത്ത കാപട്യം
നിന്‍റെ ചിതയിലവളെ ഉയിരോടെ ദഹിപ്പിച്ചു .
മരിച്ചാലും നിനക്കവളെ കൊല്ലാനാകും .

മേരി ഇപ്പോഴും പ്രതിക്കൂട്ടില്‍ തന്നെ
കൂടെ കിടന്നവരില്‍  ഒരുത്തനെ പ്പോലും
നിന്‍റെ ചരിത്രത്തിനറിയില്ല  .
(അറിയാതെ അറിഞ്ഞാലും വെറുതെവിടും
 പിന്നെ  അവനുവേണ്ടി തെരുവിലവളെ
 നാവ് കൊണ്ട്  വ്യഭിചരിക്കും അതില്ലാത്തവന്‍ )

കറുത്തവളുടെ പ്രണയത്തിന്
വിലയായ് മുലയരിഞ്ഞതും നീ .
ദൈവം  ചതിയാല്‍ ദാഹം തീര്‍ത്തതിന്
കാലത്തിന്‍റെ ചവിട്ടേറ്റ് പിടഞ്ഞതവള്‍
അവളെ ചവിട്ടി  ഉണര്‍ത്തിയ പുരുഷോത്തമന്‍
മറ്റൊരുവളെ ചവിട്ടാതെ തന്നെ മണ്ണിലേക്ക് താഴ്ത്തി.

നിന്‍റെതാണ് ലോകം
 വാക്കുകളെല്ലാം നിനക്ക് വേണ്ടി .

********
 2 
ആദ്യകവിതയിലെ നായിക എന്തിനാണ് ആത്മഹത്യ ചെയ്തത് ?
നായകനെ ഒരു കൊലയില്‍നിന്നെങ്കിലും ഒഴിവാക്കാനാവും .
ലോകം വാഴ്ത്തിയ അനിയന്‍റെ മഹാത്യാഗത്തിന്
കയ്പ്പ്‌ കുടിച്ചവളെ ആദികവിയും കണ്ടില്ല .

സിദ്ധാര്‍ത്ഥന്‍ ദു:ഖകാരണം തേടിയിറങ്ങുമ്പോള്‍ തന്നെ
യശോധര  അതെന്താണെന്നറിഞ്ഞു .
ഗാന്ധിജിയെ ജനം ഓര്‍ക്കാന്‍ തുടങ്ങും മുമ്പേ
മഹാത്മാവ്കസ്തൂര്‍ബയെ  മറന്നിരുന്നു .

മാര്‍ക്സ് ലോകത്തിന് മരുന്ന് കുറിക്കുമ്പോള്‍
മരുന്നില്ലാതലഞ്ഞവള്‍ ജെന്നി .
ചൂതാട്ടക്കാരന്‍റെ തീരാ ഭ്രാന്തിന്
തടവറയായവള്‍  അന്ന .

 നിഴലാവാന്‍ വിധിച്ചവള്‍
രാത്രിമാത്രം പൂക്കുന്നവള്‍
രാവിന്‍റെ  ഇരുളില്‍ നിഴലുകളില്ല .

വിജയിക്കുന്നവന്‍റെ  പിന്നില്‍
അവളുണ്ടെന്നു പുകഴ്ത്തുമ്പോഴും
എന്നും തോല്‍പ്പിക്കപ്പെടുന്നവള്‍ .

__________________________
 *ഇന്ന് മാര്‍ച്ച് 8
.


Wednesday, March 6, 2013





ഹ്യുഗെ ഷാവേസ് അന്തരിച്ചു .
രണ്ട് പതിറ്റാണ്ടായ് അമേരിക്കയുടെ ഉറക്കം കെടുത്തിയ
ലാറ്റിനമേരിക്കയുടെ വിപ്ലവ നായകന്‍ .
അമേരിക്കയുടെ ധാര്‍ഷ്ട്യം നിറഞ്ഞ തിട്ടൂരങ്ങള്‍ക്ക്
മുമ്പില്‍ ലോകരാഷ്ട്രങ്ങള്‍ തലകുനിച്ച് നിന്നപ്പോള്‍  എന്നും  നന്മയുടെ
നാവായ്‌ ലോകത്തെ ഉണര്‍ത്തിയിരുന്നവന്‍ .
അത് ഇറാക്ക് പ്രശ്നമായാലും ഇറാനെതിരെയുള്ള
 നിലപാടുകള്‍ക്കെതി രായാലും  . കഴിഞ്ഞ  വര്‍ഷങ്ങളില്‍
സാമ്രാജ്യത്തിനെതിരെയുള്ള ഏറ്റവും തീഷ്ണമായ  വാക്കുകള്‍
ഷാവെസിന്റെതായിരുന്നു . വെനിസ്വലയെ പുരോഗതിയിലേക്ക് നയിച്ച
ഭരണാധിപന്‍ എന്നതിനേക്കാള്‍ ലോകത്തിലെ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌
ഊര്‍ജ്ജം പകര്‍ന്ന യോദ്ധാവ് എന്ന നിലയിലാവും കാലം
ഈ മനുഷ്യനെ ഓര്‍മ്മിക്കുക .

അമേരിക്കയുടെ മുറ്റത്തുനിന്ന് യാങ്കികളുടെ മൂക്കിന് നേരെ വിരലുയര്‍ത്തിയ
കേസ്ട്രോയുടെ സുഹൃത്ത് ഇനി ഓര്‍മ്മ മാത്രം .
ഇരുള്‍ നിറയുന്ന കാലത്തില്‍ പ്രകാശ ഗോപുരം
പോലെ ചിലര്‍ സംഭവിക്കും . അവര്‍ മറഞ്ഞ്
പോയാലും പ്രാകാശം ബാക്കിയാവും .
വെനിസ്വലയുടെ വീരപുത്രന് , ലാല്‍സലാം .

Saturday, March 2, 2013

നുറുങ്ങുകള്‍ -8

അറിയരുതധികം
അഭയമില്ലാതാകും .
****

എനിക്ക് നിന്നെ അറിയില്ല
നിനക്ക് എന്നേയും
അതാവാം നമ്മളിലിത്ര പ്രണയം .
****

എന്‍റെ കുഞ്ഞിന്‍റെ അമ്മയാണിവളെന്ന
കപടസ്തുതിയുടെ  ദൈവനീതിക്ക് പകരം
അവളുടെ കുഞ്ഞിന്‍റെ അച്ഛനാണ്‌ ഞാനെന്ന
ജൈവനീതി വരുമ്പോഴേ നമ്മള്‍ തുല്ല്യരാവൂ .
****

കവിതയില്‍ വിതയുണ്ടാവണമെന്ന്‌ കവി *
കവിതയില്‍  കവിയുണ്ടാവണമെന്ന് ഞാനും
കവിതയിലൊന്നും കവിയരുതെന്ന് വായനക്കാരനും .
 ****
__________________________________________________________
*കുഞ്ഞുണ്ണിമാഷ്


Wednesday, February 20, 2013

നുറുങ്ങു കഥ

പുതിയ നിയമം 
_________________

നഗരത്തില്‍ ആള്‍കൂട്ടത്തിന്‍റെ നടുക്ക് ജോഷ്വയും മേരിയും .
അയാളുടെ പിറകില്‍ അവള്‍ നിസ്സംഗയായ് നിന്നു.  ജനത്തിന്‍റെ ആക്രോശം
കൂടിക്കൂടി വന്നു. അയാളുടെ മുഖം എപ്പോഴുമെന്നപോലെ ശാന്തമായിരുന്നു. 
ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി പോലുമുണ്ടായിരുന്നു .

    ജോഷ്വ ബഹളം വെക്കുന്ന ജനത്തിന് നേരെ കൈകളുയര്‍ത്തി. അവര്‍ നിശ്ശബ്ദരായ്.
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ '

                  *                        *                        *

     കല്‍ക്കൂമ്പാരത്തില്‍ നിന്ന്‌ ചോരയില്‍ കുളിച്ച് അയാളുടെ തോളില്‍ തൂങ്ങി
എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവളുടെ മുഖത്ത് വിളറിയതെങ്കിലും ഒരു ചിരി പടര്‍ന്നു
"എന്‍റെ മാഷേ ,ഈ നമ്പറെല്ലാം പഴകിപ്പോയ് '
അവിടെ  ആരുമുണ്ടായിരുന്നില്ല. പാപികളല്ലെന്നു തെളിയിച്ച ആള്‍ക്കൂട്ടം അടുത്ത ഇരയെ തേടി പോയിരുന്നു 


Monday, February 11, 2013

നീ വരും നേരം


നിന്നോടെനിക്കൊരുപാധി മാത്രം 
ഒരുനാള്‍ നീ എന്നെ തേടിയെത്തുമ്പോള്‍
ഒരു വിളിപ്പാടകലെ നിന്‍റെ കാലൊച്ച കേള്‍ക്കണം
ഇന്നലെയോടൊന്നു നന്ദി ചൊല്ലാന്‍
ഓര്‍മ്മതന്‍ മാറിലൊന്ന് മുഖമമര്‍ത്താന്‍
ശാന്തനായ് നിന്നെ അനുഗമിക്കാന്‍ .

പ്രാണന്‍റെ നാളം പടുതിരികത്തുമ്പോള്‍
ഒരു സ്വപ്നമുള്ളില്‍ അണയാതിരിക്കണം .
വിറങ്ങലിക്കുന്ന വിരല്‍ത്തുമ്പില്‍ 
എഴുതാതെ പോയൊരു കവിതയുണ്ടാവണം .

പെരുവിരലിലാവും ഒടുക്കത്തിന്‍ തുടക്കം
ആദ്യം ചലനങ്ങളെല്ലാം വിലങ്ങുവെക്കും
നിശ്ചലനായ് ഞാന്‍ വിധേയനാവും
ശൈത്യമാര്‍ന്നൊരു സ്പര്‍ശം കാലില്‍ പരക്കും

അരക്കെട്ടിലെ അഗ്നിയും തണുപ്പരിക്കും
ജOരാഗ്നിയും മരവിച്ചടങ്ങിയാല്‍ പിന്നെ 
ആവശ്യങ്ങളെല്ലാം വിടപറയും
നെഞ്ചിലെ ചൂടാറും നേരം
വികാരങ്ങളെല്ലാം പടിയിറങ്ങും .

തൊണ്ടക്കുഴിയില്‍ നിശബ്ദം പിടിമുറുക്കി
നീയെന്‍റെ വാക്കുകള്‍ മുദ്ര വെക്കും
വിഷലിപ്തമൊരു ചുംബനത്താലെന്‍റെ 
ചുണ്ടുകളില്‍ നീല നിറം നിറയ്ക്കും
സ്വരവും രുചിയും കൂടൊഴിഞ്ഞ നാവിറങ്ങും  

മഹാദാനം കണ്ണും കാതും സമാന്തരം
നിന്‍റെ മാന്ത്രിക കൈകള്‍ മൂടിവെക്കും 
ഇനി വെളിച്ചത്തിന്‍ അജ്ഞേയമാം മറുപുറം മാത്രം
മൗനമൊരു കച്ചയായ് എന്നെ പൊതിഞ്ഞു കെട്ടും

ഒടുവില്‍ നീയെന്‍റെ പ്രജ്ഞയില്‍ വിരലമര്‍ത്തും
നമ്മള്‍ മുഖാമുഖം കാണുന്നതിവിടെ മാത്രം 
ഊര്‍ധ്വന്‍റെ ജ്വാല ഊതിക്കെടുത്തി
എന്നിലെ എന്നെ നീ തിരിച്ചെടുക്കും

എന്‍റെ യാത്ര 
ആദ്യമറിയുന്നത് ഞാനായിരിക്കും .

Sunday, January 27, 2013

ഒരു സര്‍റിയലിസ്റ്റിക് സായാഹ്നം



വാക്കിന്‍റെ തൊലിയുരിച്ച്
കാണാകമ്പിയില്‍ കൊരുക്കണം
ഓര്‍മ്മയുടെ കനലില്‍ ചുട്ടെടുക്കണം
മുറിവായില്‍ അന്വയമായ്
എരിവും ഉപ്പും പുരട്ടണം
ചൂടാറുംമുമ്പേ രണ്ടുവിരലില്‍ പിച്ചിയെടുക്കണം

അല്‍പ്പം
അല്‍പ്പാല്‍പ്പമായ് ടക്വീല
നാരങ്ങ നൊട്ടി നുണയണം
നേര്‍ത്ത വെളിച്ചം മാത്രം  ,
സിത്താറിന്റെ മാറില്‍
അനുഷ്കയുടെ മായിക വിരല്‍സഞ്ചാരം
ഫ്ലമെങ്കൊ നല്‍കും   മേല്‍ സ്ഥായികള്‍ .

പതുക്കെ
പതുക്കെപതുക്കെ  വേണമെല്ലാം
ദാലിയുടെ വാച്ചിലെ സമയം മതി *
നോവും ആനന്ദമായുള്ളില്‍ നിറയട്ടെ
സ്നേഹാര്‍ദ്രമാവട്ടെ ഓരോ തരിമ്പും

ഒടുവില്‍
ഒടുവില്‍മാത്രം അവളോട് ചേരുക
ഹൃദയം നിറഞ്ഞ് ,
പ്രണയിനിയുടെ കാതില്‍ ചുണ്ട് ചേര്‍ക്കുക
is it  me, are you looking for?**
______________________________________________
* സാല്‍വഡോര്‍ ദാലിയുടെ  പെയിന്റിംഗ്
**ലയണല്‍ റിച്ചി യുടെ  ഗാനം ' ഹലോ' .


Wednesday, January 16, 2013

ഗാന്ധി

stock photo : Indian Rupee bank notes background

എല്ലാ കൂട്ടികൊടുപ്പിനും സാക്ഷിയാണ് ഗാന്ധി

മണലൂറ്റാനും
മലതുരക്കാനും 
കാടെരിക്കാനും 
ഇടനിലക്കാരന്‍ ഗാന്ധി .

രാവില്‍ മുലകള്‍ക്കിടയില്‍ നനയുന്ന ഗാന്ധി 
സാറിന്‍റെ കൈമടക്കില്‍  ചുക്കിച്ചുളിഞ്ഞ ഗാന്ധി 
 വലിയ ദൈവങ്ങള്‍ക്ക് ചുളിവ് വീഴാത്ത  ഗാന്ധി 
നമുക്ക്‌ മരുന്നിന് തികയാത്ത ഗാന്ധി .

കൊടികള്‍ക്കെല്ലാം വടിയാണ് ഗാന്ധി 
നയിക്കുന്നവന്  നാവിന്‍റെ ബലമാണ്‌ ഗാന്ധി
കാവിക്കും പച്ചക്കും ഒരുപോലെ  പ്രിയനാണ് ഗാന്ധി
നമ്മെ ഭരിക്കുന്നതെന്നുമീ ഗാന്ധി
നമ്മുടെ ഇഷ്ടദൈവവും ഗാന്ധി .

ഗാന്ധിയില്ലാതെ നമുക്കെന്താഘോഷം
എന്നിട്ടും ചിലര്‍ പുലമ്പുന്നു-
നമ്മള്‍ ഗാന്ധിയെ  മറന്നെന്ന്
ഇതിലുമപ്പുറം ഗാന്ധിസം നടപ്പാക്കുന്നതെങ്ങനെ ?



Tuesday, January 1, 2013

സ്നേഹപൂര്‍വ്വം

ദൈവത്തിന്റെ പേറ്റന്റ്  മതങ്ങള്‍ക്കാണ്
മാറ്റം വരുത്തുകയോ
പുനര്‍നിര്‍മ്മിക്കുകയോ അരുത്
പൊരുളിന്റെ നാനാര്‍ത്ഥം തേടിയവര്‍ക്ക്
അവര്‍ നല്‍കിയത് പര്യായങ്ങളത്രയും ..

ഒരു നാള്‍ നീ രക്ഷ നേടിയേക്കാം  -അന്ന്
എതിരേല്‍ക്കാന്‍  എന്റെയീ വാക്കുമാത്രം  .
മറുവാക്ക് ചൊല്ലുവാന്‍ നീ എന്റെ ഭാഷ പഠിക്കും
ബാബേലിന്റെ പണിതീരാ പടിയിലിരുന്ന് ഞാനത് കാണും
ഒറ്റപ്പെടലിന്റെ വേദന എന്നെക്കാള്‍
നിനക്കാവും തിരിച്ചറിയുക

ചെയ്തികള്‍ ചികഞ്ഞ് ശിക്ഷിക്കാന്‍ -
കാത്തിരിക്കുന്ന ദൈവം -
നിനക്കും മടുക്കുന്നുണ്ടാവും
ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ നമുക്ക് തോളില്‍ കയ്യിടാം
നിന്നെക്കാള്‍ ഒട്ടും താഴെയല്ല ഞാന്‍ .

ബലി നല്‍കിയ വാക്കിന്‍റെ മുറിവായില്‍
ജീവനൂതിപ്പെരുക്കി ഇനിയും ഞാനലയും ,
കരയാനറിയുന്ന ദൈവത്തെ കാണുംവരെ .