Pages

Thursday, December 27, 2012

വാര്‍ദ്ധക്യസഹജം

ഇന്നലെ പഴയ പുസ്തകത്താളിലാണ്‌ നിന്നെ കണ്ടത്
വജ്രം  പോലൊന്ന് എന്നെ കടന്നു പോയ്‌ .
അലയൊടുങ്ങാതൊരു  കടലുള്ളിലുണ്ടെന്നറിഞ്ഞു .

പണ്ടെന്നോ നിലച്ച വീണതന്നുടലില്‍
നിന്‍ വിരല്‍പ്പാട് മാത്രം
ആരും തുറക്കാത്ത മനസ്സിന്‍റെ താളില്‍
നീ ചാര്‍ത്തിയ കയ്യൊപ്പ് മാത്രം
ഒരു പൂമരമുള്ളില്‍ കത്തുമ്പോഴും
ഒരു പൂവിനായ് നീറിയ യൗവ്വനം .

അത്ഭുതമൊന്നും സംഭവിക്കില്ല .

എന്നിലെന്ന പോലെ നിന്നിലും
ജീവിതം മുദ്രകള്‍ ചാര്‍ത്തിയിരിക്കും  .
എങ്കിലും ആ മറുക് അതുപോലെയുണ്ടാവും
(മറുകുകളില്‍ കാലം ചുളിവ് വീഴ്ത്താറില്ല )

ഇനിയൊരിക്കലും കാണാതിരിക്കട്ടെ ,

ഓര്‍മ്മയിലെ മുഖം മതിയെനിക്ക്
നിനക്ക് എന്‍റെയും .





Sunday, December 16, 2012

നുറുങ്ങുകള്‍ -7

അടുത്തപ്പോള്‍ അകലെയാണെന്ന് തോന്നി
അകന്നപ്പോള്‍ അറിയുന്നു
നീ എന്റെ അകത്തായിരുന്നെന്ന് .
______________

അക്കരെ നില്‍ക്കുമ്പോഴും
ഇക്കരെ മരുഭൂമിയായിരുന്നു .
ഇക്കരെ നില്‍ക്കുമ്പോള്‍
അക്കരെയും തരിശായ് മാറി .
_______________

സ്ത്രി
ദേവിയാണ്
അമ്മയാണ്
പ്രകൃതിയാണ്

സ്ത്രീയെ  സ്ത്രീയെന്നാരും  വിളിക്കാത്തതെന്തേ ?
_______________


ആംബുലന്‍സിന്‍റെ പേര് പോലെയാണ് മരണം
മുമ്പേ പായുന്നവര്‍ക്ക് തിരിഞ്ഞു
നോക്കാതെ വായിക്കാനാവും
ഒഴിഞ്ഞു മാറാനല്ല
കീഴടങ്ങാന്‍ .
________________

Wednesday, December 5, 2012

കാണാപ്പുറം

എന്റേത്
ഒരു പഴയ ഭ്രാന്ത് 
എനിക്കും മുമ്പേ പിറന്നത് 

ആദിപിതാമഹന്‍ ഗുഹാഭിത്തിയില്‍ 
കല്ലുകൊണ്ട് കോറി ശമനം തീര്‍ത്തത് .

എന്റേത് 
കാണക്കര തേടി കപ്പലോട്ടിയാവന്റെ ദാഹം 
തിരകളില്‍ കാല്‍വെച്ചു നക്ഷത്രമെണ്ണിയവന്റെ ജ്വരം 
ജഡനഗ്നത കീറി ചലനം കണ്ടെത്തിയവന്റെ ഭ്രമം 

മരണവുമായ് ചൂതാടി തളര്ന്നവന്റെ  ചുഴലി 
മുറിവേറ്റ കാതില്‍ പിടയുന്ന പ്രണയം 

എന്റേത് 
മണല്‍ ഘടികാരത്തിന്‍റെ ഒഴിഞ്ഞ മേലറയിലെ 
ഇടവും കാലവും 
നിതാന്ത വിഭ്രാന്തിയും 

Thursday, November 22, 2012

മേഘം

വാനിലലയും ഒരു തുണ്ട് കടല്‍ .

കാറ്റിന്‍റെ കൈകളില്‍ പിടയുമ്പോഴും
ഞാന്‍ കാണുന്ന പോല്‍
നിന്നെ  മറ്റാരും  കണ്ടില്ല .

സ്വയമുരുകി നിന്നിലലിയുന്ന ഞാനല്ലാതെ
നിന്റെ ആഴങ്ങളാരും അറിഞ്ഞില്ല  .

ഭ്രാന്തമായ് പെയ്തിറങ്ങി അവസാന തുള്ളിയും
നിന്നിലൂറുമ്പോള്‍ തളരുന്ന ഞാന്‍ അറിയുന്നു
ആരും ആരിലും ഇത്രമേല്‍  നിറഞ്ഞിരുന്നില്ല .

അലറിക്കരഞൊടുവില്‍ അലകളില്‍ ചേരും വരെ
എത്രയും  ഗാഢമായ് നിന്നെ പുണര്‍ന്നിരുന്നു .

ഉള്ളിലെക്കനലില്‍നിന്നാവിയായ്‌ വിണ്ണിലുയരും
നിനക്കായ് വീണ്ടും പിറക്കാന്‍ .
കുളിരായ് പെയ്തൊഴിയും ജന്മങ്ങളത്രയും
ചുട്ടുപൊള്ളുമൊരാത്മാവിന്റെ മിഴിനീര്‍ .

Thursday, November 8, 2012

കഥാവശേഷം

ഗോഡ്സേക്ക് മാപ്പ് നല്‍കിയിട്ടുണ്ടാവും മാഹാത്മജി
മരണത്തിനും മഹത്വം നല്‍കിയതിന് .

ജീസസ് പിലാതോസ്സിന് നന്ദി പറയുന്നുണ്ടാവും
ജീവിതം കുരിശ്ശു കൊണ്ട് അനശ്വരമാക്കിയതിന് .

ആദിശങ്കരന്‍ സാക്ഷാല്‍ ബുദ്ധനേയും
സംവാദത്തിന് ക്ഷണിക്കുന്നുണ്ടാവും .

ഗോള്‍വാള്‍ക്കര്‍ക്ക്  നാരായണഗുരു
ക്ലാസ്സെടുക്കുന്നുണ്ടാവും ,
  വിജയന്‍ മാഷാവും  പരിഭാഷകന്‍ .

ഹിറ്റ്‌ലറും സ്റ്റാലിനും ചതുരംഗം  കളിക്കുമ്പോള്‍
ചര്‍ച്ചിലാവും നിരീക്ഷകന്‍ .

തിയോ  വിന്‍സെന്റിനെ അവിടെയെങ്കിലും
ജീവിക്കാന്‍  പഠിപ്പിക്കുകയാവും .

സത്നാം അമ്മയെ കാത്തിരിക്കുന്നുണ്ടാവും
അമൃതാനന്ദത്തിന്‍റെ അര്‍ത്ഥമറിയാന്‍ .

രാമചന്ദ്രന്‍നായാരെ വര്‍ഗീസ്
സ്വന്തം രക്തമായ് തിരിച്ചറിയുന്നുണ്ടാകും

മുറിവേറ്റ ഒരു വിരല്‍ അവിടെയും
ഗുരുവിന്‍റെ ഉറക്കം കെടുത്തുന്നുണ്ടാവും .

സൂര്യപുത്രനെ നേരിടാനാവാതെ  കുന്തി
നരകത്തില്‍അഭയം തേടിയിരിക്കും

കര്‍ണ്ണന്‍ അര്‍ജുനനെ എന്തുചൊല്ലി വിളിക്കും
അനിയനെന്നോ ..ചതിയനെന്നോ ?

Wednesday, October 17, 2012

ശീര്‍ഷകമില്ലാതെ...

രാവിന്‍റെ മുറിവുണങ്ങും മുമ്പെ ഞാന്‍ യാത്രയാവും .
ഇരുള്‍സര്‍പ്പങ്ങള്‍ ഇണചേരും രക്തനിലങ്ങളില്‍
ഓര്‍മ്മകള്‍ നിലാവായ് വഴി തെളിക്കും
കീറിയ മാറാപ്പിലിനിയൊന്നുമില്ല ,
നിന്‍റെ ചുംബനമേറ്റു പൊള്ളിയ  ഹൃദയം മാത്രം .

മൌനത്തിന്‍ തീമരചില്ലയില്‍ പൂത്ത വരികളില്‍
കുരുങ്ങിയ വാക്കുകള്‍ കനലായ് എരിയുമ്പോഴും  .
കരിഞ്ഞ വേരുകളില്‍ എന്നോ നീ പകര്‍ന്ന നനവ്‌ വറ്റാതെ
കിളിയൊഴിഞ്ഞ കൂടുമായ് പാതിവെന്ത പാഴ്മരം .

യാത്രാമൊഴി ചൊല്ലി പിരിയുവാനാവില്ല
 ആത്മാവില്‍ തീ പകര്‍ന്ന സഹ യാത്രികര്‍ക്ക് .
ചോര കിനിയും വരികളെ മായ്ക്കുവനാകില്ല
സ്മൃതികള്‍ മൃതിയുടെ തീരമണയും വരെ .


Friday, September 21, 2012

പിന്നെയും നീ

ഒരു  കുടക്കീഴിലാണ് നാം ,
നീ മഴ നനയാതെ
ഞാന്‍ വെയിലേല്‍ക്കാതെ .
....

അന്നാദ്യ സ്പര്‍ശത്തില്‍  പേടിച്ച് തണുത്ത നിന്‍റെയുടല്‍
തീയായ് പടര്‍ന്നെന്നിലെ കനലിനെയൂതിപ്പെരുക്കി .
എന്റെ പച്ചയില്‍ പൊതിയുമ്പോള്‍
എന്തേ നീയിത്ര ചുവന്നു പോവാന്‍ .

....

ആദ്യമായ് പ്രണയം പങ്കിട്ട നാള്‍
നീ സുഖമായുറങ്ങി ,
ഞാനന്നുറങ്ങിയില്ല .

....

തീപിടിച്ച കടലാണ് ഞാന്‍
നീയാ കടലിനെപ്പേറുന്ന ഭൂമിയും

....

കൊടുങ്കാറ്റില്‍ ഭ്രാന്തെടുത്തലറുന്ന എന്റെ പായകള്‍
കെട്ടിയിട്ടതെന്നും നീയാം പായ്മരത്തില്‍
പറന്നുപോകാതെ പാറി പ്പറക്കാന്‍ .

....

എന്‍റെ പ്രണയം ഒരു യുക്തിയും തേടാതെ
നിന്‍റെ  തിരസ്ക്കാരം എല്ലാ യുക്തിയോടുകൂടിയും
എല്ലാ അയുക്തിയും യുക്തിയാക്കുന്ന  ജീവിതം പകരം വാങ്ങി
അന്യോന്യം വിഴുങ്ങിയ യുക്തിഭംഗമാണ് നാം .

................





Tuesday, August 28, 2012

മൃതാനന്ദം

സത്നാം , തഥാഗതന്‍റെ ബോധ ഗയയില്‍ നിന്നും
നീ വെളിച്ചം തേടി വന്നതീ ഭ്രാന്താലയത്തില്‍ .

ആത്മീയതയുടെ ആഗോള വിതരണക്കാരാണ് ഞങ്ങള്‍
ഇവിടെ ചില്ലറ വില്‍പ്പനയില്ല മകനെ .

കൂട്ടം തെറ്റി അലയുന്നവനെ സ്നേഹിക്കുന്നതിലും
കൂട്ടം കൂടുന്നവരെ ആശ്ലേഷിക്കുന്നതിലാണ് മെച്ചം ,

മോക്ഷം തേടിയ ആദ്യ ഇര നീയല്ല
മുമ്പേ ഉത്തരം നേടിയ എത്രയോ അന്വേഷികള്‍

നിന്നെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍
അമ്രതാനന്ദത്തിന്റെ തനി സ്വരൂപം  കണ്ടു ഞെട്ടിയതു ഞങ്ങള്‍ .

ഞെട്ടല്‍ മാറും മുമ്പേ  അന്‍പിന്റെ  ചാനലില്‍
പ്രപഞ്ച സ്നേഹ ഗിരി പ്രഭാഷണം കേട്ട് ഞെട്ടാന്‍ മറന്നതും ഞങ്ങള്‍

സത്നാം ,ഉണങ്ങാത്ത മുറിവുമായ്‌
നീ അമ്മയെ കാത്തിരിക്കുന്നുണ്ടാവും .

എന്നോട് എന്തിനിത് ചെയ്തു എന്ന് ചോദിക്കരുത്
മോക്ഷം തന്നതിന് ദക്ഷിണ നല്‍കേണ്ടിവരും .

എല്ലാം അമൃതം  ആനന്ദം  മായാ മയം .









Friday, August 10, 2012

നുറുങ്ങുകള്‍ -7

പേര് 

എനിക്കൊരു പേരില്ല
നിനക്കും .
നമ്മള്‍ വെന്തെരിഞ്ഞ ചിതക്കൊരു  പേരുണ്ട്-
വീട് .

___________

ഒരു പേരിലാണ് എല്ലാം
സ്വന്തം പേരിനോടാണ് ആദ്യപ്രണയം
അത് മറ്റൊരാള്‍ തന്നതാണെങ്കിലും .

___________

ഒരു പോലെ രണ്ടുമനുഷ്യരുണ്ടാവാം  ,
ഒരു പോലെ രണ്ടുമരങ്ങളില്ല    
എന്നാലും മരങ്ങളെ ആരും   പേര് ചൊല്ലി  വിളിക്കാറില്ല  

___________

പ്രവാസം ഒരു കടലിന്റെ പേരാണ് ,
നീന്തി കയറാനാവില്ല
ഒരു മാത്രപോലും നീന്താതിരിക്കാനുമാവില്ല .    





 
 


  


Sunday, July 22, 2012

നയം-അനുനയം


(2009- സെപ്തംബര്‍,  പ്രവാസലോകം മാസികയില്‍ പ്രസിദ്ധീകരിച്ചത് )

നയം വ്യക്തമാക്കണമെന്ന് പാര്‍ട്ടി 
വ്യക്തമായ നയമാണ് വേണ്ടതെന്നയാള്‍ 

നിലപാട് തിരുത്തണമെന്ന് പാര്‍ട്ടി 
ഒരു പാട് പോലും ഇല്ലാത്ത നിലയാണ് തന്‍റെതെന്നയാള്‍ 

കാരണം കാണിക്കണമെന്നു പാര്‍ട്ടി 
നില പാടുകള്‍ തന്നെയാണ് കാരണമെന്നയാള്‍ 

അച്ചടക്ക നടപടി ഉണ്ടാകുമെന്ന്  പാര്‍ട്ടി 
അച്ചടകം തന്നെയാണ് നല്ല നടപടിയെന്നയാള്‍

വിലക്ക് നേരിടേണ്ടി വരുമെന്ന് പാര്‍ട്ടി 
വിലക്കുകളെല്ലാം നമ്മളൊന്നിച്ചല്ലേ  തകര്‍ത്തതെന്നയാള്‍ 

തരം താഴ്ത്തുമെന്ന്   പാര്‍ട്ടി 
സ്വയം തരം താഴരുതെന്നയാള്‍ 

പുറത്താക്കേണ്ടി  വരുമെന്നായി പാര്‍ട്ടി 
പുറത്താക്കലെളുപ്പം
അകത്താക്കലാണ്  പ്രയാസമെന്നയാള്‍

ഒത്തുതീര്‍പ്പാകമെന്നു  പാര്‍ട്ടി 
ഒത്താല്‍ തീര്‍പ്പാകും പക്ഷെ 
ഒക്കാതിരിക്കലാണ് സുഖമെന്നയാള്‍ .

Thursday, July 12, 2012

ഏകാന്തം

കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നൊരു 
പുല്‍നാമ്പ് പുഞ്ചി രിക്കുന്നു .
ഇളം തണ്ടില്‍  രണ്ടിലയും ഒരു കുഞ്ഞുപൂവും .

ഞാനത് മൊബൈലില്‍ പകര്‍ത്തിവെച്ചു
എന്റെ ആകുലതകളില്‍
വീണ്ടും വായിച്ചു നോക്കാന്‍ .

**      **      **     **    **

മരുഭൂമിയുടെ  ഏകാന്തതയില്‍ നഷ്ടപ്പെടുമ്പോള്‍
ഞാന്‍, ഞാന്‍  മാത്രം
ആകാശത്ത് ഒറ്റക്കായൊരു  മേഘം
 തെറ്റാനൊരു വഴി പോലുമില്ലാതെ പിഞ്ഞിത്തീരുന്നു .

**     **    **     **    **    **

ആള്‍കൂട്ടത്തില്‍ തനിച്ചാവുമ്പോഴാണ്
നാം നമ്മെ തിരിച്ചറിയുന്നത് .
എകാന്തതയിലൊരു കൂട്ട് തേടുമ്പോഴാണ്‌
നാം നമ്മെ സ്നേഹിക്കാന്‍ തുടങ്ങുന്നത് .

**      **      **    **     **   **

ഏകാന്തത പങ്കുവെക്കാനാവില്ല -
മരണവും .

**     **     **    **      **     **

നിന്റെ ഏകാന്തതയില്‍ല്‍ ഒരിക്കലെങ്കിലും
നീയെന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടാവും .
എന്റെ ഓര്‍മ്മകള്‍ക്ക് മേല്‍ നിന്‍റെ കണ്ണീര്‍ ഒരുനാള്‍
പ്രണയത്തിന്റെ നനവ്‌ പകര്‍ന്നിട്ടുണ്ടാവും
____________________________________________________________ 

Friday, June 15, 2012

നുറുങ്ങുകള്‍ 6



അല്‍പ്പം മത (ദ ) പരം


ഇനി  ഒരക്ഷരം മാറ്റിയെഴുതാം
മദം എന്നതാവും ശരി
ഹിന്ദു മദം ..ഇസ്ലാംമദം ..ക്രിസ്തു മദം .

********

അന്ന്  സര്‍വശക്തനും സര്‍വ വ്യാപിയുമായ  ദൈവം
 ഇന്ന് സര്‍വശക്തവും  സര്‍വവ്യാപിയുമായ  മതം .

*********

ചുണ്ട് ഒന്നനങ്ങിയാല്‍ മതവികാരം  വ്രണപ്പെടും.
സത്യം പറഞ്ഞാല്‍ ദേശസ്നേഹം * വ്രണപ്പെടും .
( അതും  ഒരു മതമാണല്ലൊ )
ഇത്രയും പ്രതി രോധ ശേഷിയില്ലാത്ത  ഇതിനെല്ലാം
കുത്തിവെപ്പിനു സമയം  കഴിഞ്ഞു .

*********

മന്ത്രിയാക്കുന്നതും  മതം
താഴെയിറക്കുന്നതും  മതം
എവിടെയും  മിണ്ടുന്നത്  മതം
ചിലത് കാണാതെപോവുന്നതും  മതം

( ദൈവം  നമുക്കിടയില്‍  തലയില്‍ മുണ്ടിട്ട്നടക്കുന്നുണ്ടാവും .
   പാവത്തെ   ആരും  ഒറ്റിക്കൊടുക്കരുതേ .)

______________________________________________________________

*  അരുന്ധതി റോയിയും ബിനായക് സെന്നും  നേരിടുന്നത്



Saturday, June 2, 2012

ധനവാന്‍ =ശരി



കുറച്ചു  ദിവസങ്ങളായി മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ 
പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യത്തിലെ വാചകം .
''നിങ്ങള്‍ ധനവാനായ് ജനിക്കാത്തത് 
നിങ്ങളുടെ  കുറ്റമല്ല , പക്ഷെ നിങ്ങള്‍ 
ധനവാനവാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ് .''

ധനവാനാവത്തത്  കുറ്റമാണോ ? പണം ഇല്ലാത്തവരെല്ലാം 
കുറ്റവാളികളാണോ? പണം ഉണ്ടാക്കുന്നത് മാത്രമാണോ ശരി ?
അധാര്‍മികമായ ഈ പരസ്യത്തിനെതിരെ ആരും പ്രതികരിച്ചു കണ്ടില്ല .
പുതിയ  മലയാളി സമൂഹത്തിന്റെ മനസ്സ് ഇത് ശരി വെക്കുന്നുണ്ടാവാം ,
മറിച്ചു ചിന്തിക്കുന്നവര്‍ പ്രതികരിക്കുക .

Thursday, April 19, 2012

എങ്കിലും


അകലം 

നമ്മുടെ  നെഞ്ചിനിടയില്‍   വിയര്‍പ്പിന്റെ  അകലം മാത്രം ,
എങ്കിലും നമ്മുടെ  ഭാഷകള്‍ വിഭിന്നം
ഒടുവില്‍ യാത്രാമൊഴി ചൊല്ലുമ്പോള്‍
പരസ്പരം   വാക്കുകള്‍ തിരിച്ചറിയാന്‍ തുടങ്ങും 
പക്ഷെ ,ചില യാത്രകള്‍ മാറ്റിവെക്കാനാവില്ല.

ആണും പെണ്ണും 

അവള്‍ പൂച്ചയാണ് .
എപ്പൊഴും ലാളിക്കപ്പെടണം,എങ്കിലും
തഴുകുമ്പോള്‍  അറിയാതൊന്നു നൊന്തു പോയാല്‍
ഒളിച്ചു വെച്ച നഖങ്ങള്‍ പുറത്തുവരും .

അവന്‍  പട്ടിയെ പോലെയും
എത്ര ഏറു കൊണ്ടാലും വിട്ടു പോവില്ല ,
എന്നോ നുകര്‍ന്ന ഒരു തലോടലിന്റെ  ഓര്‍മ്മയില്‍.

കവിത 

കവിതയെനിക്ക് ആമയുടെ പുറന്തോടാണ്,
എവിടെയും എന്നെ പിന്നിലാക്കുന്നു ,എങ്കിലും
എപ്പോഴുമെന്നെ പൊതിഞ്ഞു നില്‍ക്കുന്നു



Thursday, April 5, 2012

നുറുങ്ങുകള്‍ (4)

ജീവിതത്തെ മരണം കൊണ്ട് തോല്‍പിച്ചവരില്‍
കര്‍ത്താവേ ,നീയാണ് മുന്നില്‍ .
കുരിശിലേറിയിരുന്നില്ലെങ്കില്‍
എന്നേ വിസ്മൃതനായേനെ .

**********

യേശു ക്രൂശിതനായി  മരിച്ചപ്പോള്‍
കുരിശ് പുണ്ണ്യചിഹ്നമായ്   മാറി
എത്രയോ നല്ല മനുഷ്യരുടെ ജീവനെടുത്തിട്ടും
പാവം തോക്കിനെ ആരും പരിഗണിച്ചില്ല .

**********


Wednesday, March 14, 2012

നുറുങ്ങുകള്‍ (3)

 
മഹാപ്രസ്ഥാനം 
തിരിഞ്ഞു നോക്കാത്തവരാണ് വിജയികള്‍
അവര്‍ക്കുള്ളതാണ്‌ സ്വര്‍ഗ്ഗം
എന്നിട്ടും തിരിഞ്ഞുനോക്കി പരാജയപ്പെട്ടവരുടെ സ്വര്‍ഗ്ഗം
ചരിത്രം പോലും തിരിച്ചറിയാറില്ല
ചിലപ്പോഴെങ്കിലും തോല്‍വിയും ജയമാണ് .

*
ഓര്‍ക്കുവാനൊരു ശിമയോന്‍ പോലുമില്ല
മറക്കുവാന്‍ കുരിശിന്റെ വഴിയത്രയും .

*
ദൈവത്തിന്റെ  മനോഹര സൃഷ്ടി മനുഷ്യനാവാം,പക്ഷെ -
മനുഷ്യന്റെ  മോശം സൃഷ്ടിയാണ് ദൈവം .
അവന്‍  അവനെത്തന്നെ ദൈവമായ് പകര്‍ത്തി വെച്ചു.

*
കാണാതാവുന്നവര്‍ ദൈവത്തെപ്പോലെയാണ്
ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കാം
ഒരിക്കല്‍ കണ്ടെത്തുമെന്നും .


Sunday, February 12, 2012

നീ



തീര്‍ത്ഥമായി നിന്നശ്രുകണങ്ങളെന്‍
ആത്മദലങ്ങളില്‍ പടരവേ ,
പ്രാണയാര്ദ്രമായ് പാടുന്നു  ഹൃദയ തന്ത്രികള്‍ 
ഏകാന്ത മധുരമൊരു സുഖദ നൊമ്പരം .

നിശാഗന്ധിയെ  നിലാവ് ചുംബിചുണര്ത്തും രാവില്‍ 
നിന്‍ രാഗ സ്മ്രിതികളില്‍ ഉള്ളം തുളുമ്പുന്നു .
അജ്ഞാത സുന്ദരമേതോ  യമുനാ തടത്തില്‍ -
ഞാനൊരു  നീലകടമ്പായ്  പൂത്തുലയുന്നു .

രാത്രിമഴയായ് പെയ്തിറങ്ങുന്നു 
നിന്‍ നിഗൂഡസ്മിതമെന്‍  ദാഹാ ര്ത്ത വിപിനങ്ങളില്‍ .
ചേര്‍ത്തുവെക്കുന്നു  നിന്‍ പ്രണയത്തിന്‍ 
വളപ്പൊട്ടുകള്‍ എന്നന്തരാത്മാവില്‍ 
അന്തമറ്റ  ജന്മാന്തരങ്ങള്‍ക്കായ്‌....
  

Friday, January 20, 2012

മാനസസരസ്സ്









നിഗൂഡമെന്‍ ആഴങ്ങളില്‍ മുഖം നോക്കാന്‍

വന്ധ്യ മേഘങ്ങള്‍ മാത്രം,

നിതാന്തമീ എകാന്തതയിലെക്കിടറി വീഴാന്‍

ഒരു കുഞ്ഞു  തൂവലെങ്കിലും...

ഈ ജഡനിശ്ചലതയില്‍ തിരയിളക്കാന്‍

ഒരിളംകാറ്റ് പോലും ...

ദയവായ് എന്നെയൊന്നു കല്ലെറിയൂ ..



Wednesday, January 4, 2012

ഒറ്റമരം

Dry Tree Desktop Wallpaper


കത്തുന്ന വേനലില്‍ ചുട്ടു പൊള്ളുന്ന പടുമരം

ഉച്ചവെയില്‍ നക്കിത്തുടച്ചു തണലിന്റെ അവസാനതുള്ളിയും

ഉണങ്ങിയ ചില്ലകളിലിനി ഒരു തളിര്‍ പോലുമില്ല

അരികത്തുമകലത്തുമാരുമില്ലാ ഒറ്റമരം .

നഗ്നമാം ശാഖികളിലിനിയും അഭയമില്ല

നിനക്കിളവേല്‍ക്കാന്‍ ഒരിലയുടെ തണല്‍ പോലും തരാനില്ല .

എന്നില്‍ കൂടുകൂട്ടിയ ഓരോ നിമിഷത്തിനും നന്ദി

സ്നേഹപൂര്‍വ്വം എന്നെ ഉപേക്ഷിച്ചു പറന്നു പോകു .

_____________________________________________________________________
imagecourtesy : googleimage