Pages

Thursday, May 29, 2014

ഭ്രാന്ത്

ഓരോരുത്തർക്കും
ഓരോ ഭ്രാന്ത്
ഒരു ഭ്രാന്തുമില്ലാത്തവർക്കാവും
ഭ്രാന്ത് പിടിക്കുന്നത്‌ .
********

എന്റെ ഭ്രാന്താണ് നീ
നിന്റെ ഭ്രാന്ത് ഞാനും
നമ്മളെ ചൊല്ലിയാണ്
ലോകത്തിന് ഭ്രാന്ത്
********

മതമെന്ന ഭ്രാന്തുള്ളപ്പോൾ
മതഭ്രാന്തെന്തിനു വേറെ
********

 

Wednesday, May 21, 2014

നുറുങ്ങുകൾ -20

നിഷ്പക്ഷം എന്ന പക്ഷം
നിഷ്ക്രിയം എന്ന ക്രിയയാണ്
രണ്ടുവഞ്ചിയിലെ യാത്ര
കാറ്റ് വീശും വരെ പരമസുഖം
********

തിരിച്ച് നടക്കാനായാൽ
ചിലത് തിരിച്ചറിയാനാവും
ചില കാഴ്ചകൾ
മടക്കയാത്രയിലേ കാണാനാവു
*********







 


Sunday, May 11, 2014

byte into an apple*



വെർച്വൽ സ്വർഗ്ഗത്തിന്റെ
വാതിൽ തുറന്നപ്പോൾ
പൂമുഖപ്പടിയിൽ തന്നെ
ആരോ കടിച്ച ആപ്പിളിന്റെ ബാക്കി
സ്റ്റീവ് ജോബ്സാണോ  ?
ന്യൂട്ടനോ ?

മിസ്സിസ് ആദം,
ഇതും നീ തന്നെയാണോ ?

Monday, May 5, 2014

കാൽകീഴിൽ അമരുന്നത്

നീ താണ്ടിയ ദൂരമത്രയും
ഞാനും നടന്നു തീർത്തു
കാലിടറാതെ കാറ്റിലും മഴയിലും
 കാലിലൊരു മുള്ളുകൊള്ളാതെ
മുള്ളുകളെല്ലാം നെഞ്ചിലേറ്റി ഞാൻ

കാഴ്ചകൾ പൊള്ളിയ രാജവീഥികൾ
മൗനം പുതഞ്ഞ ഏകാന്തകാട്ടുപാതകൾ
നീ പൊരുതിയ വഴിയിലെല്ലാം
കാൽകീഴിൽ ഞാനുണ്ടായിരുന്നു

ലക്ഷ്യമെത്തുംവരെ ഞാനുമൊപ്പം
അകത്തളങ്ങളിൽ നീയെന്നെ കാലൊഴിഞ്ഞു
അടഞ്ഞ വാതിലുകൾക്ക് മുമ്പിൽ
ഓരംചേർന്നനാഥമായ്

കാണാതെ പോകുന്നു
മണ്ണിൽ തൊടാത്ത പാദങ്ങൾ
നിങ്ങൾക്കായ് തേഞ്ഞുതീർന്ന ജന്മങ്ങളെ .

 

Thursday, April 24, 2014

പാതി







അവൻ വിധേയനായിരുന്നു
അവൾ അന്വേഷിയും
ദൈവം മറച്ചുവെച്ച മനോഹര ഭൂമി
നമുക്കായ് കണ്ടെടുത്തവൾ .
ആദ്യ വിപ്ലവത്തിന്റെ നായിക
ചോദിക്കാൻ പഠിപ്പിച്ചവൾ  .


ഭൂമിയിൽ വിമോചനത്തിന്റെ
വെളിച്ചം പകര്ന്നവൾ
അമ്മയായും പ്രണയിനിയായും
ഭാര്യയായും മകളായും
ഇവിടെ വസന്തം നിറച്ചവൾ
അവളുടെ പാതിയാണവൻ

പ്രാർഥിച്ചു തളരുമ്പോൾ
ഒരു നിമിഷം അവളെയോർക്കുക
ഒരു കനി അവൾക്ക് നൽകുക
ഒരു ദംശനത്താൽ മധുരം നിറച്ച്
അവൾ നിനക്കത് തിരിച്ചു നൽകും -
പുതിയ ഭൂമികൾ വീണ്ടെടുക്കാൻ

നന്ദിയോടൊരു വാക്ക് സാത്താനും .

Sunday, April 13, 2014

?










 ചോദ്യങ്ങൾക്ക് പിന്നിൽ
ഒരു വളഞ്ഞ കൊളുത്തുണ്ട്,
ചില ഉത്തരങ്ങളിൽ കൊളുത്തി വലിക്കാൻ .

തെറ്റായ ചോദ്യങ്ങൾക്കാണ്
 നാം ശരിയായ ഉത്തരം തേടുന്നത്
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് മേൽ
ഉത്തരം പോലൊന്ന് കമഴ്ത്തിവെക്കുന്നു
പിന്നെയും ചോദ്യം മുളയ്ക്കുന്നു .

ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല
ഉത്തരം അധികരിച്ച ചോദ്യമാണ് ചരിത്രം
ചിലപ്പോൾ ചോദ്യങ്ങൾ വേട്ടപട്ടികളാണ്
മരണം മാത്രം മറുപടിയാവും .

വഴിയിലുപേക്ഷിച്ച ചോദ്യങ്ങളെ
കാലം വീണ്ടും ചികഞ്ഞെടുക്കും
ഉത്തരം തേടാനല്ല
ഉത്തരമില്ലെന്നറിയാൻ

സ്വയം ചോദിക്കുമ്പോൾ മാത്രമറിയും
ചോദിക്കാതെ പോയ ചിലത്
പുകയുന്നുണ്ടുള്ളിലെന്ന്
പറയാതെ പോയ ഉത്തരങ്ങളും .

Friday, March 21, 2014

നുറുങ്ങുകൾ -19

വലുതാവുംതോറും
തീരെചെറുതാവുന്നവരാണ് നാം
****

കുട്ടികളോട് കൂടണം
ഉള്ളിലൊരു കുട്ടിയുണ്ടാവണം
കെട്ടിപ്പടുത്ത പുറന്തോട് പൊട്ടി
നഗ്നനായ് കണ്മിഴിക്കണം
****

ഛ)യാമുഖിയിൽ
കാണുന്നതെന്നെ മാത്രം
പാട്‌പെട്ടത്‌ മായ്ച്ചാലും
നിറയുന്നത്  ശുന്യത .
****
  

Friday, March 14, 2014

മ്യാവൂ

ഫ്ലാറ്റിന്റെ പോർച്ചിൽ നിന്ന്
ഫോണ്‍ ചെയ്യുകയായിരുന്നു
ഓരോവിളികളിലും
എന്നെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു

പെട്ടന്നാണതെന്റെ
കാലിൽ തൊട്ടത്‌
ഞെട്ടി പുറകോട്ട് മാറി
വളരാൻ തുടങ്ങുന്ന പൂച്ചകുട്ടി
അതെന്റെ കണ്ണുകളിലേക്ക് നോക്കി
എന്താടോ .ഇതിന് മുമ്പ് പൂച്ചയെ കണ്ടിട്ടില്ലേ ?
ചമ്മൽ മാറ്റാൻ ഫോണിലൊളിച്ചു

എന്റെപാദങ്ങളിൽ മൃദുവായൊരു സ്പർശം
അതിന്റെ കുഞ്ഞുടൽ കാലിലുരസുന്നു
ഇത്രമേൽ ഹൃദ്യമായത് ഇതിനു മുന്പുണ്ടോ ?
(മറ്റൊരാൾ എന്നെ തൊട്ടിട്ട് എത്ര നാളായിരിക്കും ?)

അവളെന്റെ പാദങ്ങൾ തൊട്ടുരുമ്മി
കാലുകൾക്കിടയിൽ കയറിയിറങ്ങി
ഞാൻ കാലുകൾ കുറച്ചുകൂടെ  ചേർത്തുവെച്ചു

അവളെന്നോട് പറയുന്നുണ്ടായിരുന്നു
സ്നേഹിക്കുന്നവരെ മാത്രമല്ല
സ്നേഹിക്കാൻ മറന്നവരെയും
ഇടയ്ക്ക് ഓര്ക്കണം .


Sunday, March 2, 2014

നിഴൽ



മരുഭൂമിയുടെ അടരുകൾക്കടിയിൽ

മരിച്ചുപോയൊരു പുഴയുണ്ട്

മണൽകാറ്റിന്റെ നെറുകയിലൊരു

മഴമേഘത്തിന്റെ നിഴലുണ്ട്

വെയിൽ തിന്നുന്ന മരത്തിന്റെ

വേരുകൾ മരിച്ചവരെ തൊടുന്നുണ്ട് .



എകാന്തതക്കും

ഒറ്റപ്പെടലിനുമിടയിൽ
.
മരുസാഗര ദൂരം

പല്ലിൽ കുരുങ്ങിയ ഇരയുടെ പിടച്ചിൽ

 

Saturday, February 22, 2014

വ്യാകരണം

അർത്ഥങ്ങൾ അറിയും മുമ്പേ
വാക്കുകൾ തന്നെ ഇല്ലാതാവും
അറിയാനായ്  അലയുമ്പോൾ
അലയുന്നതിന്റെ അർത്ഥമറിയും
അർത്ഥം പലപ്പോഴും വ്യർത്ഥമെന്നറിയും
*
ദൈവത്തിന് നാനാർത്ഥങ്ങളില്ല
പര്യായങ്ങളേയുള്ളൂ .
പരമാർത്ഥം തെരയുമ്പോൾ
പുരുഷാർത്ഥമറിയും
അന്വേഷിയും ദൈവവും
ഒരേവാക്കിന്റെ അർത്ഥമാകും
*
അമ്മയുടെ വിപരീതം അച്ഛനെന്ന്
അന്നെത്ര പഠിച്ചിട്ടും അറിയാനായില്ല
വളർന്നച്ചനായപ്പോൾ
എല്ലാ വാക്കിനും വിപരീതമുണ്ടെന്നറിഞ്ഞു
അച്ഛനും അമ്മയ്ക്കും മക്കൾക്കും .

വിപരീതങ്ങളുടെ അർത്ഥമറിയാൻ
ജീവിതം പോരാതെയാവും .