Pages

Wednesday, September 7, 2011

തമോഗര്‍ത്തം

ഓര്‍മ്മ നഷ്ടപെട്ടവരുടെ ഓര്‍മ്മക്ക്

ഓര്‍മ്മകള്‍ പടിയിറങ്ങിയ ഏകാന്ത പന്ജരം
നട തുറന്നില്ലിനിയും സദയം മോഹമൃത്യു .
ഇരുള്മഴയില്‍നനഞ്ഞു കുതിരുന്നു
വാക്കുകള്‍ കൊഴിഞ്ഞു തീര്‍ന്ന പാഴ് പുസ്തകം.

മാഞ്ഞുപോയ് നിനവും കിനാക്കളും
മറന്നുപോയ്‌ ചിരിയുംകരച്ചിലും
മറഞ്ഞുപോയ്‌ നിലാവും കവിതയും
മറ്റൊ രാളുടെതായ് ജീവിതം .

വിമൂകസ്മ്രുതികളും സ്വപ്നസംമോഹാനങ്ങളും
അന്തരാത്മാവിന്‍ ഏകലോചനം
അകക്കണ്ണില്‍ അമ്ലമെഴുതിയ കൊടുംകാലം.
അന്ധകാരഭരിതമീ ആരണ്യ രാവിന്‍- 
അന്ത്യയാമങ്ങളില്‍ വരുമോ അരുന്ധതി.

സ്മരണകള്‍ പീലിയുഴിയുമ്പോള്‍ 
ഏകാന്ത  ബാല്യവും മധുരം
സ്മ്രുതിനിലാവിന്‍ കുളിരില്‍ പ്രണയമതിദീപ്തം
നെഞ്ചിലെ കടലിരംബവേ
തോറ്റ സമരങ്ങളും തീഷ്ണം
ഇന്നലെയുടെ  ജാലക കാഴ്ചയില്‍  
ദുഖവും സാന്ത്വനം .

ചിതലരിച്ചുപോയ് പുറങ്ങള്‍ ഒക്കെയും
ബാക്കിയാവുമോ ഒരു വരിയെങ്കിലും

ഒര്ക്കുകവല്ലപ്പൊഴുമെന്നൊര്മിപിച സ്നേഹവും
മറവിയുടെ മൌനങ്ങളില്‍ ആഴ്ന്നുപോയ്*
ഏകാന്ത ബന്ദിതന്‍ കയ്യിലെ പന്തുപോല്‍
വൃഥാചലിക്കുന്ന ജീവിതം **

നിശൂന്ന്യം സ്മ്രുതിമണ്ഡലം തമോഗര്‍ത്തം
ഇലപൊഴിയും പടുമരത്തില്‍
തളിര്‍ക്കുമോ ഇനിയൊരു വസന്തവും വര്‍ഷവും

വിസ്മൃതിയുടെ ഹിമാസാഗര ജഡതയില്‍ 
സ്മൃതിയുടെ  പാദമുദ്ര തെരയുന്നു 
നഗ്ന്നനാം അന്ധ യാത്രികന്‍ 
*****************************

സെപ്റ്റംബര്‍ ൮ അല്ഷ്യ്മെര്സ് ദിനം  
*കവി പി .ഭാസ്കരന്‍ മറവിരോഗ ബാധിതനായിരുന്നു .
**പപ്പിയോനിലെ ഏകാന്ത തടവുകാരന്‍ .

Friday, August 12, 2011

ഇത്രമാത്രം

നിനക്കായ്‌ പാടാം ഞാന്‍ യാത്ര തീരും വരെ 
കാതോര്‍ക്കുവാന്‍ എവിടെയോ നീ ഉണ്ടെന്ന  തോന്നല്‍ മാത്രം മതി 
ഓര്‍ക്കുവാന്‍ ഏറെയൊന്നും വേണ്ട
 നീയെന്നെ  ഒര്മിചിരുന്നെന്ന ഓര്മ മാത്രം മതി


* * * * * * *
ഒരു മുറിവിന്റെ നോവാണ് നമ്മള്‍
ഒരു ജ്വാലഏറ്റു പൊള്ളുന്നവര്‍

 ഒരു വിധി പകുത്തെടുത്തവര്‍
ഒരു കഥയുടെ രണ്ടുത്തരങ്ങള്‍ .


* * * * * * *

സഹയാത്രികര്‍ നമ്മള്‍ തമ്മില്‍ അറിയാത്തവര്‍
എങ്കിലും ഈ യാത്ര സുഖകരം ,
എവിടെയോ നീയുണ്ടല്ലോ -എന്റെ
ഇരുള്‍ വഴികളില്‍ നിലാ വെളിച്ചമായ് .

* * * * * * *

Sunday, January 30, 2011

*

കാര്മേഘപാളിയില്‍നിന്നൂര്‍ന്നൊരു ചെറു ജലകണം
കാറ്റിന്റെ കൈകളില്‍ തട്ടി താഴോട്ടു വീഴുംബോഴോര്‍ത്തു
ഈ മഹാ പ്രപഞ്ചത്തില്‍ ഞാനെത്ര നിസ്സ്വന്‍

ഗ്രീഷ്മത്തിന്‍ തീഷ്ണ ജ്വാലകള്‍ ഏറ്റു വാടിയ
ലോലമാം മലരിന്‍ മാറിലാ നീര്‍ ത്തുള്ളി തൊട്ടപ്പോള്‍
ആത്മഹര്‍ഷത്താല്‍കുഞ്ഞുപൂവിന്‍ ഹൃദയം മന്ത്രിച്ചു
സഫലമീ ജന്മം

* വളരെ മുമ്പ് വായിച്ച ഒരു ആംഗല കവിതയുടെ ആശയം (ഖേദപൂര്‍വ്വം : കവിതയുടെ പേരും കവിയുടെ പേരും ഓര്‍ക്കുന്നില്ല )

Monday, January 17, 2011

മറ്റൊരാള്‍

ഓര്‍മവെച്ച നാള്‍ മുതല്‍ ഉള്ളിലുണ്ടോരാള്‍
ഏറെ നോവിച്ചും കലഹിച്ചും പ്രജ്ഞയുടെ മറു പാതിയായ് .
സ്മൃതി തന്‍ വ്രണങ്ങളില്‍ നഖമമര്‍ത്തിയും
സ്വപ്നങ്ങളില്‍ അജ്ഞാത സ്നേഹ സ്പര്‍ശത്താല്‍ നനഞ്ഞും
എന്നും ഉണര്‍ന്നിരിക്കുന്നു മറ്റൊരാള്‍ ......

എന്നിലെ നിന്നെ തെരയുമ്പോള്‍ അറിയുന്നു
പോരാളിയാണ് എങ്കിലും അടിമ ,
അരാജകനെങ്കിലും വിധേയന്‍
പ്രണയിയാണ് ഞാന്‍ , വൈരാഗിയും
എഴുതുമ്പോള്‍ മാത്രം കവിയായ്‌ ചമഞ്ഞും
കണ്ണിറുക്കി ചിരിക്കുന്നു മറ്റൊരാള്‍ .......

ഞാനാം മൃഗത്തെ കടിഞാനിട്ടും കയര്‍ ഊരിയും
ചിന്തയില്‍ അശാന്തി യായി നീറി പടര്‍ന്നും
ഉത്തരങ്ങളില്‍ മറു ചോദ്യമായ് കല്ലുരുട്ടി കയറ്റിയും
വിശ്വാസങ്ങളില്‍ സന്ദേഹം ആയി സ്വാസ്ഥ്യം കെടുത്തിയും
ഒഴിയാബാധയായ് മറ്റൊരാള്‍. .....








Sunday, January 9, 2011

നുറുങ്ങുകള്‍

മരണം

മരണം ചിലത് ബാക്കി വെക്കുന്നു ,

പാതിയില്‍ മുറിഞ്ഞ വാക്ക് ...

മങ്ങി മറഞ്ഞു നിശ്ശലമായകാഴ്ച ...

തൊണ്ടയില്‍ കുരുങ്ങിയ ശ്വാസം .....

ജീവിക്കാതെ പോയ മറ്റൊരു ജീവിതം ........

ജീവിതം

പറഞ്ഞത് ഇത്തിരി

പറയാത്തത് ഒത്തിരി


തല

തലവേദനയല്ല എനിക്കെന്റെ _

തലതന്നെയാണ് വേദന ....

പിഴ

പുഴയായാലോഴുകണം
പുഴുവായാല്‍ ഇഴയണം

അതുകൊണ്ടാവാം പാവം ഞാനൊരു പിഴയായി


Monday, December 27, 2010

ഡിസംബര്‍

ഡിസംബര്‍
മഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു
എന്റെ സിരകളിലും

ഇനിയും മരിക്കാത്ത സ്വപ്‌നങ്ങള്‍ ഹോമിച്ചു നിനക്ക് ചൂട് പകരാം
എന്റെ ഇരുള്‍ വഴിയില്‍ ഒരു തിരി പകരം വെക്കുക
നിനക്കേകിയ പ്രണയ സാഗരത്തില്‍ നിന്നൊരു തുള്ളി
എന്റെ നെഞ്ചിലെ അണയാക്കനലില്‍ അര്‍പ്പിക്കുക
ചോര ചാലിച്ച് ഞാന്‍ എഴുതിയ വരികളിലൊന്ന്
അന്ത്യോദകമായ്  മന്ത്രിക്കുക
നമ്മള്‍ നടന്നു തീര്‍ന്ന വഴിയില്‍ നിന്നൊരു പിടി മണ്ണ്
നിനക്ക് പിറക്കും മകന് ആദ്യാക്ഷരം കുറിക്കാന്‍ കരുതുക

എന്റെ രക്തം വീഞാകുമെങ്കില്‍ നിന്റെ ദാഹം തീര്‍ക്കുക
ശരീരം അപ്പമാക്കി വിശപ്പടക്കുക
ഹൃദയം മാത്രം ചവച്ചു തുപ്പരുത്
അതിന്റെ ആഴങ്ങളില്‍ നിന്റെ കണ്ണീരുണ്ട്

Friday, December 3, 2010

കുടുംബപുരാണം

വക്ക് പൊട്ടിയ വാക്കിന്റെ വക്കിലെ വറ്റിനായ്
നാവ് മുറിഞ്ഞവന്‍ എനിക്കച്ചന്‍
തിരിച്ചുവരാത്ത മകനെയോര്‍ത്ത് നിലക്കാത്ത നിലവിളിയാല്‍
മൂകയായവള്‍ എന്റെ അമ്മ
പിറക്കാതെ പോയ കുഞ്ഞിന്റെ നെഞ്ഞിടിപ്പിനാല്‍ ബാധിരയായ വള്‍ എന്‍ സഖി
കരുണ തേടി മുള്‍മരം പുല്‍കി
അന്ധയായവള്‍ എനിക്ക് മകള്‍
കൂട്ടം തെറ്റിയ ആടിനെ തേടി പുലി മടയില്‍
അലഞ്ഞവന്‍ എന്റെ സുഹൃത്ത്
ചോര കൊണ്ട് നേര് തിരയാന്‍
മാറ് പിളര്‍ന്നവന്‍ എനിക്ക് മകന്‍
തൊണ്ടിന്നുള്ളിലെ  ഇരുള്‍ പുതപ്പില്‍
 നിത്യം സ്വസ്ഥംഉറങ്ങു ന്നവന്‍ ഞാന്‍

Sunday, November 28, 2010

മൗനം

മൗനം
ഒറ്റപ്പെടുന്നവന്റെ പങ്ക് വെക്കാനാവാത്ത   വേദനയാണ്
മൗനം
കീഴടങ്ങിയവന്റെ അപഹരിക്കപെട്ട നാവാണ്
മൗനം
കൂട്ടം തെറ്റിയവന്റെ കേള്‍ക്കാനാവാത്ത ശബ്ദമാണ് 
മൗനം
വരികള്‍ക്കിടയിലെ നീറി പടരുന്ന അഗ്നിയാണ്
മൌനം
തിരസ്കൃതന്റെ നിലക്കാത്ത പ്രതിക്ഷേധമാണ്
മൗനം
പിറക്കാതെ മരിച്ച വാക്കുകളുടെ എരിഞ്ഞുതീരാത്ത ഹൃദയമാണ്
മൗനം
തിരിച്ചറിയാതെ പോയ സ്നേഹത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്
മൗനം
ഏകാന്തതയുടെ സം ഗീതമാണ്‌

Friday, November 19, 2010

കിളിപ്പാട്ട്

ഒന്നംകിളി തുഞ്ചത്ത്
രണ്ടാംകിളി മുട്ടത്ത്
പിന്നെ കിളിയായകിളിയെല്ലാം കോട്ടയത്ത്
ഇന്നിപ്പോള്‍ ചാനലില്‍ ചേക്കേറി
മലയാളത്തെ ലൈവ് ആയി കൊത്തിപ്പറിക്കുന്നു

ഒന്ന്


ഒന്നുമില്ലോന്നുമില്ലോന്നുമില്ല
ഒന്നോര്‍ത്താല്‍ ഒന്നിലുമോന്നുമില്ല
ഒന്നിച്ച്ഹിരുന്നു ഏറെ കിനാവുകണ്ട്‌
ഒന്നയിതീരുവാന്‍ കാത്തിരുന്നു
ഒന്നൊന്നായ് കാലം കഴിഞ്ഞുപോകെ
ഒന്നുമായില്ല
ഒന്നവാനുമായില്ല
ഇന്നെല്ലമെനിക്കൊന്നു തന്നെ