Pages

Wednesday, December 9, 2015

തെരുവ് നായ്ക്കൾ


തെരുവുനായ്ക്കളാണോർമ്മകൾ
ഏകാന്ത വീഥിയിൽ വാലാട്ടി പിറകെ വരും
നിർനിദ്രമാം  ഇരുൾ നിലങ്ങളിൽ
 കുരച്ചു ചാടും പുലരും വരെ

വഴിയറിയാതുഴറും കാട്ടുവഴികളിൽ
കടിച്ചു കീറും നിർദ്ദയം പ്രജ്ഞയെ
എങ്കിലും കൊല്ലാനാവില്ല
ആട്ടി അകറ്റാനുമാവില്ല

ഊട്ടാറുണ്ട് ഞാൻ പലപ്പോഴും
മുട്ടിയുരുമ്മാറുണ്ട് അവരെന്നെയും
തീരെ തനിച്ചാവും വിമൂക സന്ധ്യയിൽ
 മുറിവുകൾ നക്കിതുടക്കാറുണ്ടവ

അലഞ്ഞലഞ്ഞു കൂടണയുമ്പോൾ
ചുരുണ്ടുകൂടും കാൽക്കീഴിൽ
വിട്ടുപോകരുതെന്നെ പാതിവഴിയിൽ
വിടില്ല ഞാനും മൃതിയെത്തും വരെ

എല്ലാം മറന്നുറങ്ങുമ്പോൾ
ഉമ്മറപ്പടിക്കപ്പുറം
ഇരുളിൻ മറവിൽ
കാവലായുണ്ട് നീ .


Wednesday, December 2, 2015

നുറുങ്ങുകൾ-32

ഹൃദയം കൊണ്ടെഴുതിയ
ഒരു ചെറു വാക്കിൽ തൊടുമ്പോൾ
മൌനം കുടഞ്ഞെൻ മനം പായുന്നു
ഏകാന്തതയുടെ കടൽദൂരങ്ങൾക്കുമപ്പുറം
***************
പച്ചയായാലും 
കാവിയായാലും 
പെണ്ണെന്നു കേട്ടാൽ
 നീലയാവും
*****************

Tuesday, November 24, 2015

നുറുങ്ങുകൾ 31

അർത്ഥം
__________

അർത്ഥപൂർണമാണ്  മതങ്ങൾ
ഭണ്‍ഡാരങ്ങളിലാണെന്ന്  മാത്രം
*********
മതങ്ങൾ ഘോഷിക്കുന്ന സാരം
നവ മാനവികതക്ക് നിസ്സാരം
*********
വേദാര്ത്ഥം ഗ്രഹിക്കവേണ്ട
ഉരുക്കഴിച്ചാലേ  പുണ്ണ്യം
അർത്ഥം അറിയാൻ തുടങ്ങിയാൽ
കർത്താവുമായ് പിണങ്ങിടും
********
അര്ത്ഥമറിയാത്ത പൂജയാൽ
വ്യർഥമാകുന്നു ജീവിതം

Wednesday, November 11, 2015

നുറുങ്ങുകൾ 30

ലോകം ചൊവ്വയിൽ
വെള്ളം തിരയുന്നു
നമ്മൾ ചൊവ്വാദോഷം തീർക്കാൻ
കണിയാനെ തിരയുന്നു
**********

നയിച്ച്‌ നയിച്ച്‌ 
കുനിയാൻ വയ്യാതെ നേതാവ് 
കുനിഞ്ഞ് കുനിഞ്ഞ് 
നിവരാനാവാതെ ജനം


Sunday, November 1, 2015

ദൈവരാജ്യം


അവർ കറുത്ത മക്കളെ ചുട്ട് കൊല്ലുന്നു
പിന്നെ ദൈവനീതിക്കായ്  കൈ നീട്ടുന്നു
ഭൂമിയിൽ  സഹജീവിയുടെ കഴുത്തരിയുന്നു 
ആകാശത്തെ സ്വർഗ്ഗത്തിനായ് കാത്തിരിക്കുന്നു 
സ്ത്രീയെ മൃഗമായി പോലും കാണാത്തവർ 
മൃഗത്തെ ദേവിയായ് വാഴ്ത്തുന്നു 

ഞാൻ കുഞ്ഞുങ്ങളെ ചുട്ട് തിന്നാറില്ല 
ഒരു ദൈവത്തിൻറെ മുൻപിലും കൈനീട്ടാറുമില്ല 
ഇവിടെ ഞാൻ നരകമാക്കാറില്ല 
ഇതല്ലാതെ എനിക്കൊരു സ്വർഗ്ഗവുമില്ല 
സ്ത്രീകളാണ് എന്റെ നല്ല സുഹൃത്തുക്കൾ 
അവരെക്കാൾ വലിയൊരു ദേവിയുമെനിക്കില്ല 

എനിക്ക് കുമ്പിടാൻ യോഗ്യനായ ദൈവം 
ഇനിയും ഞാൻ സൃഷ്ടിക്കേണ്ടിയിരിക്കുന്നു 

Friday, October 23, 2015

കുരിശിൻറെ വഴി

നിൻറെ കുരിശാണ് ഞാൻ
നിതാന്തം നിന്നിൽ കാലം തറച്ചു വെച്ചത്
ഉടലുകൾ തമ്മിൽ ചേർത്തുനിർത്താൻ
കാരിരുമ്പാണിയുടെ  കൂര്ത്ത മുനകൾ മാത്രം

മാംസം തുളച്ചിറങ്ങും  ലോഹമൂർച്ചകൾ
എന്നിലെ കാണാക്കയങ്ങളിൽ നങ്കൂരമിടും
പകലറുതിയിൽ ശിരസ്സ്‌ താഴും
ഹൃദയത്തിൽ രക്തം നിറഞ്ഞു തൂവും
ചോരയിൽ കുളിച്ചു ഞാനും വിശുദ്ധനാവും

പ്രാണനൂർന്നു തീരും വരെ
നീ എന്നെ  പുണർന്നു നിൽക്കും
എന്നിൽനിന്ന് പറിച്ചെടുക്കുമ്പോൾ
എന്റെ ഏകാന്തത  നീ മാത്രമറിയും

ആരുമറിയാതെ  നാലാമത്തെ ആണി
നെഞ്ചിലെന്നും  ആഴ്ന്നിരിക്കും
മൂകമായ് രാവിൻ  മരുഭൂമി  താണ്ടും

നാളെ  നീ ഉയിർത്തെഴുന്നേൽക്കും
ഇനിയുമെന്നിൽ തറഞ്ഞു നിൽക്കാൻ









Tuesday, October 20, 2015

ആഭാസം *


ബുദ്ധൻ
വിഗ്രഹഭന്ജകൻ
അവൻ വിഗ്രഹമായ്
ഭഗവാനായ്
അവതാരമായ്

ഗുരു
പ്രതിഷ്ഠകൾ ഉപേക്ഷിച്ചവൻ
ഗുരു ദേവനായ്
പ്രതിഷ്ഠയായ്
ദൈവമായ്

അംബേദ്‌കറും  അയ്യപ്പനും
അയ്യങ്കാളിയും
ഇനിയും എത്രനാൾ മനുഷ്യരായിരിക്കും

മാർക്സ്  ഇവിടെ പിറക്കാതിരുന്നത്
മാർക്സിസത്തിന്റെ മഹാഭാഗ്യം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
* ആർഷ ഭാരത സംസ്കാരം




Friday, October 9, 2015

ശീർഷകമില്ലാതെ



ആൾകൂട്ടത്തിൽ
അരൂപിയാകുമ്പോഴും
ഞാനും   ആരെയും കാണുന്നില്ലല്ലോ
എന്ന് വേവലാതിപ്പെടുന്നു

മറ്റെവിടെയോ   മറ്റൊരു
ജീവിതമുണ്ടെന്ന സ്വപ്നം
മരിക്കുന്നനിമിഷത്തിലും
ഒരുപക്ഷെ അതങ്ങനെയാവാം

എകാകിയാകുവാനും
പരിശീലനങ്ങൾ ആവശ്യമുണ്ട്
 ശബ്ദമില്ലാതെചവയ്ക്കാൻ
പഠിക്കുന്നത് പോലെ
ബ്ലെയ്ഡിന്റെ    വായ്ത്തലയിൽ
ഇഴയുന്ന ഒച്ചിന്റെ ധ്യാനം

കാറ്റിൽ ചിന്നിച്ചിതറിയ മേഘം
ഓരോ തുള്ളിയിലും
ഒരു  കടൽ ഉള്ളിൽ  പേറുന്നു

ഒരുനാൾ അത് പെയ്തൊഴിയും
ഒരിലത്തുമ്പിൽ ഒരു മാത്ര തൂങ്ങി നിൽക്കും
ഒരു മാത്ര  ഭൂമി അതിൽ മുഖം നോക്കും
പിന്നെ പിടഞ്ഞ് മണ്ണിൽ
വീണ് പൊട്ടിച്ചിതറും







Monday, October 5, 2015

നുറുങ്ങുകൾ 29

ആഗ്രഹിക്കുന്നു
നേടുന്നു
വീണ്ടും ആഗ്രഹം തോന്നുന്നു
വീണ്ടും നേടുന്നു
പിന്നെയും  ആഗ്രഹം
പിന്നെയും നേട്ടം

പരിധിയില്ലാത്ത അസംബന്ധമാണ് ജീവിതം
 അശ്ലിലമായ ഫലിതവും

************
                            
മറ്റാരുടെയോ ജീവിതം
ജീവിച്ച് തീർക്കുമ്പോൾ
ലോകം നമുക്കെന്നും
പകരമില്ലാത്ത
പാകമാവാത്ത ഉടുപ്പാണ്


Thursday, September 24, 2015

നുറുങ്ങുകൾ 28

അറിയില്ല
എന്ന് പറയാൻ
അധികം പേർക്കും
അറിയില്ല
********

 എവിടെയാണെങ്കിലും
ഓർമ്മിക്കുന്നുവെന്നോർക്കാൻ
ഒരു ലൈക് മതി
ഡിസ് ലൈക്കെങ്കിലും
*********

രാവിന്റെ തണുത്ത 
വെയിലാണ് നിലാവ് 
ഇരുളിന്റെ കുളിരിലും 
ആര്ദ്രമാം സൂര്യ സ്പ്ര്ശം