Pages

Sunday, September 25, 2016

നിറം മാറുന്ന വീടുകൾ



ഞാൻ  മാലതി അമ്മ
w/o ലേറ്റ് ശ്രീധര മേനോൻ

സിറ്റ് ഔട്ടിലിരുന്നായിരുന്നു പത്രവായന
ഇപ്പോൾ എന്റെ മുറിയിലിരുന്നായി

ഡൈനിങ് ഹാളിന്റെ മൂലയിലായിരുന്നു ടീവീ
ഇപ്പോൾ എനിക്ക് മാത്രമായി മുറിയിലൊന്ന്

വീട്ടിലെ  വലിയ മുറിയായിരുന്നു ഞങ്ങളുടേത്
എനിക്ക് മാത്രമായി വലിയ മുറി വേണ്ടല്ലോ

ഊണ് കഴിക്കുമ്പോളായിരുന്നു ചർച്ചകൾ
ഇപ്പോൾ ഊണും തനിച്ചായി
രഘുവിന്റെയും രമയുടെയും
കുട്ടികളായി ഒഴിവു ദിവസം കൂട്ട്

എല്ലാവരും ചേർന്ന് പുറത്തു പോകുമ്പോൾ
വീട് പൂട്ടിയിരുന്നു
ഇപ്പോൾ വീട് പൂട്ടുന്നത് സുരക്ഷിതമല്ല
വീടിനു കാവൽ ഞാനായി
എനിക്കും

വീടെത്ര  മാറിപ്പോയി


Friday, September 2, 2016

അസംബന്ധ കവിതകൾ :16

എല്ലാവരും നിങ്ങളെ ശരിവെക്കുന്നു എങ്കിൽ
നിങ്ങൾ ചെയ്യുന്നതിൽ എന്തോ പിശകുണ്ട് ,
******

മരിച്ചു കഴിഞ്ഞാൽ നിങ്ങളെ അവർ
ഒർക്കുമെന്ന് നിങ്ങൾ  കരുതുന്നു
അവരോ ,അന്ന്  രാത്രി തന്നെ
ഒരു വേട്ടയുടെ കഥ പറഞ്ഞു ചിരിക്കുന്നു
******

മരണ വീട്ടിൽ സ്വന്തം മൊബൈലിലെ
സംഗീതം കേട്ട് നിങ്ങൾ ചൂളുന്നു
സത്യത്തിൽ നിങ്ങൾ പാടുന്നില്ലെന്നേയുള്ളു
*******

Friday, August 19, 2016

അസംബന്ധ കവിതകൾ : 15

എന്റെ  ഇരുട്ടിന്
നീ ഏഴ് നിറങ്ങളും പകർന്നു
എന്നിട്ടും ഞാൻ  വരച്ച
മഴവില്ലെന്തേ   കറുത്തുപോയി
*******
എല്ലാം കൊഴിഞ്ഞു
പോകുന്നുണ്ട്
വാക്കുകളും
നിറങ്ങളുമൊഴികെ
*********
മടുപ്പ്
മോക്ഷമാണ്
നിശബ്ദമായ് ജീവിക്കാം
ചിരിച്ചു കൊണ്ട് മരിക്കാം
*********
മനുഷ്യ സ്നേഹം
എനിക്കേറെ ഇഷ്ടം
 ഇനിയും മനുഷ്യനെ
സ്നേഹിക്കാൻ പഠിച്ചില്ല

Wednesday, August 10, 2016

അസംബന്ധ കവിതകൾ 14

ഉണ്മ എന്തെന്ന്
അറിയാമെന്നിരിക്കെ
വിവരണങ്ങൾ
എത്ര വിരസമാണ്
*******

ഞാൻ വരഞ്ഞ
 കാട് മാത്രം നീ  കണ്ടു
അതിൽ മരങ്ങളും
മരങ്ങൾക്കിടയിൽ
കാറ്റുമുണ്ടായിരുന്നു
********

സന്തോഷങ്ങളിൽ
നിങ്ങൾ സ്വയം നഷ്ടപ്പെടുന്നു
ദുഃഖത്തിൽ
നിങ്ങളത് തിരിച്ചെടുക്കുന്നു





Monday, August 1, 2016

സിനിമ പരഡിസോ

ശ്രീകൃഷ്ണ ഇന്റർനെറ്റ്  കഫേയുടെ സ്ഥാനത്തായിരുന്നു
പുഷ്പ ടാക്കീസിന്റെ കറുത്ത കരയുള്ള വെള്ളിത്തിര
അവിടം മുതൽ ചോയ്സ് ഫാഷൻസ് വരെ
തറക്ലാസ്സ്
*
തറയാണ്   ആദ്യം നിറയുക
ക്യൂട്ടിക്കുറയുടെ മണം  പരത്തി
 മാറുന്ന പടത്തിന്റെ  ആദ്യ ഷോവിനെത്തും  സരസു
വറീതിന്റെ ചുണ്ടിൽ ബീഡിയില്ലാത്ത രണ്ടു മണിക്കൂർ
നസീറിന് ഇടി കൊണ്ടാൽ കരയുന്ന കൊച്ചമ്മു
ജയഭാരതിയുടെ വീണക്കുടം പോലൊന്ന്
രാജപ്പന്റെ സ്വാപ്നങ്ങളിൽ പോലുമില്ലായിരുന്നു
അച്ചാണിയും അയോധ്യയും കറങ്ങി തീരുമ്പോൾ
മൂക്കു പിഴിയലും ഏങ്ങലടിയും
*
പളനിയെക്കാൾ ചെമ്പന്കുഞ്ഞിനെ ഓർക്കുന്നവർ
തനിയാവർത്തനം കണ്ടു കണ്ണ് നിറഞ്ഞു
പടയോട്ടം  കണ്ടു കൺ മിഴിച്ചു
ഗ്യാപ് പടത്തിന് ബിറ്റും മടിയിൽ തിരുകി വരും
 സാമി വൈകിയാൽ പരക്കം പായും  ദാസേട്ടൻ
*
കാലിന്നിടയിൽ കയ്യും തിരുകി കിടന്ന്
വെള്ളത്തുണിയിൽ നിന്നാവഹിച്ചിറക്കുന്ന
അനുരാധയും സിൽക്കും  പ്രമീളയും
ശ്രീകൃഷ്ണയിലിരുന്ന്  വിരലൊന്നമർത്തിയാൽ
ഇപ്പോഴും അവർ ഇറങ്ങി വരും
*
കുമാരൻ കിരീടം  മുപ്പത് തവണ കണ്ടു
ഓരോ ഷോവിനും തിലകൻ
'മോനെ കത്തി താഴെ ഇടെടാ'
എന്ന് പറയുമ്പോൾ അയാൾ
കണ്ണ് തുടച് ഇറങ്ങിപ്പോകും
ആയാളും മകൻ  ഷാജിയോട് ഇത് പറഞ്ഞിട്ടുണ്ട്
പക്ഷെ  അവനും കത്തി താഴെയിട്ടില്ല
അയാളുടെ കൈ ഇടത്തെ നെഞ്ചിലെ
മുറിപ്പാടിൽ  അറിയാതെ പരതും



Thursday, July 28, 2016

അസംബന്ധ കവിതകൾ : 13

എനിക്ക് ഭ്രാന്താണെന്ന് അവർ
അവർക്കെല്ലാം  ഭ്രാന്തുണ്ടാവണമെന്നില്ല
ഭ്രാന്തില്ലാത്ത ഒരാൾ അവരിലും കാണില്ലേ
*********

ഞാൻ  എന്നോട് തർക്കിക്കുമ്പോഴാണ്
നിങ്ങൾ എന്നെ കേൾക്കുന്നത്
ഞാൻ മൂകനാകുമ്പോഴാണ്
നമ്മൾ തർക്കിക്കുന്നത്
********

മക്കളെ പഠിപ്പിക്കാൻ
മിടുക്കരാണ് നാം
അവരെ പഠിക്കാൻ
മണ്ടന്മാരും




Thursday, July 21, 2016

നഗ്നൻ


 ഒരു നട്ടപ്രാന്തൻ അലറിപ്പായുന്നുണ്ട്
കുട്ടിക്കാലത്തിന്റെ ഓർമ്മഞരമ്പിൽ
അവനെ  പേടിച്ച്‌
ഞാനെത്ര മാമുണ്ടു
എത്ര നേരത്തെ ചായുറങ്ങി
എന്റെ പേരിൽ ഒരുരുള പോലും അവൻ തിന്നില്ല
ഒരു പോള  കണ്ണടച്ചുമില്ല

നട്ടുച്ചയെ പച്ചത്തെറിയാൽ ഞെരുക്കി
പാതിരാവിനെ നിലവിളിയായി കീറി മുറിച്ചു
വഴിയും പുഴയും  ആളും
മലയും  കാടും വയലും
അവൻ രണ്ടായി പകുത്തു

അവൻ നഗ്‌നനായിരുന്നു
കാടുപിടിച്ചു മുഷിഞ്ഞത്
ഒരു നാൾ  അവനെ  കാണാതായി
പിന്നെ പിന്നെ എന്റെ ഭ്രാന്തും മാറി

ഞാനും കുളിച്ചു കുട്ടപ്പനായി
പഠിച്ച്‌
വളർന്ന്
ജോലികിട്ടി
പെണ്ണുകെട്ടി
മക്കളെയുണ്ടാക്കി
വീടുവെച്ച്‌
കാറ് വാങ്ങി

ഒരു നട്ടപ്രാന്തൻ അലറിപ്പായുന്നുണ്ട്
കുട്ടിക്കാലത്തിന്റെ ഓർമ്മഞരമ്പിൽ




Thursday, July 14, 2016

അസംബന്ധ കവിതകൾ :12



മരണം
എനിക്ക് നിന്നെ ഇഷ്ടമില്ല
വെറുപ്പുമില്ല
പേടിയില്ല
ആദരവുമില്ല
ആകാംഷയില്ല
വിധേയത്വമില്ല
എനിക്കു നിന്നോടുള്ളതെല്ലാം
ഇല്ലായ്മകളാണ്
***********

എല്ലാ ജീവചരിത്രവും
ഒന്നു തന്നെയാണ്
നിങ്ങൾ നിങ്ങളായ്
ജീവിച്ച ആദ്യത്തെ
പത്തു വർഷമൊഴികെ
അതാവട്ടെ
നിങ്ങൾ മറന്നും പോയി .
**********

വെറുതെ ജീവിക്കുന്നത്
എന്ത്  സുഖമാണ്
വെറുതെ നടക്കുന്നത്
വെറുതെ പാടുന്നത്
വെറുതെ ചിരിക്കുന്നത്
വെറുതെ കരയുന്നത്
വെറുതെ
വെറുതെ
വെറുതെ മരിക്കുന്നത് 

Sunday, July 10, 2016

അസംബന്ധ കവിതകൾ - 11

എല്ലാം ശരിയാണ്
ശരിയൊഴികെ .
*******

അകത്ത് അഗാധമായ ഇരുട്ട്
പുറത്ത് നിറഞ്ഞ വെളിച്ചം
ഞാനീ വാതിൽപ്പടിയിലിരിക്കാം
*******
എന്നോട് മിണ്ടരുതെന്നു പറയുന്നു
അതു തന്നെയാണ് മരണവും
എനിക്കു ഇഷ്ടമില്ലാത്തത് ,
പേടിയില്ലാത്തതും
******

Monday, July 4, 2016

അസംബന്ധ കവിതകൾ - 10

പിന്നെ ഞാനെന്നെ പിന്തുടരാൻ തുടങ്ങി
ഒരു വിഡ്ഢിയെ അനുഗമിക്കുന്നത്
വിഡ്ഢിത്തമാണെന്നു തോന്നി
ഞാൻ മുന്നിൽ കയറി  നടന്നു
ഒരു മണ്ടനെ നയിക്കുന്നത്
അതിലേറെ മണ്ടത്തരമാണെന്നു തോന്നുന്നു
***********

പൊള്ളുന്ന ഉടലിൽ
തീ പരതുമ്പോഴാണ്
മരവിച്ച ഹൃദയം
ചുണ്ടിൽ  തടഞ്ഞത്
**********


ജീവിതത്തിലെ
 വിലയേറിയ നിമിഷം
അങ്ങനെയൊന്ന്
ഇല്ലെന്നറിയുന്ന നിമിഷമാണ്
( ചിലപ്പോൾ അത്
മരണത്തിന്റെ നിമിഷമായേക്കാം )
***************

ശരിയോ   തെറ്റോ എന്ന
സന്ദേഹം കൂടുന്നുണ്ടെങ്കിൽ
നിങ്ങൾ അന്വേഷിക്കുന്നത് സത്യമാണ്
***************

മൃഗങ്ങളെപ്പോലെ
മരിക്കാൻ കഴിയുമെങ്കിൽ
നമ്മൾ മനുഷ്യരായാണ് ജീവിച്ചത്