Pages

Friday, July 25, 2014

അകത്തിരിക്കുമ്പോൾ
മഴയെത്ര ഹൃദ്യം
പുറത്തിറങ്ങിയാൽ
തോരാത്ത ശല്ല്യം .

Saturday, June 28, 2014

*

നിൻ മിഴിനീർ മഴയിൽ
മുളപൊട്ടിയാർക്കുന്നു
മനസ്സിലെന്നോ മറന്നിട്ട വിത്തുകൾ .
******

വാക്കുകൾകൊണ്ട്
തുറക്കാനാവാതെ പോയത്
ഒരു നോക്കിനാൽ
താനേ തുറന്ന് പോയി .
******

അകത്തുള്ളതെല്ലാം
പകർന്നു തീർന്നാലും
അറിയാതെയൊരൽപ്പം
അടിയിലൂറും .

ജീവിതം മുഴുവൻ
പറഞ്ഞ് തീർത്താലും
പിന്നെയും വാക്കുകൾ
ബാക്കിയാവും


 

Sunday, June 15, 2014

വിചാരണ

എപ്പോഴും ശരിയായിരിക്കുക എന്നത്
ഏകാന്തമായ തടവറയാണ്
ശരികൾക്ക് നിങ്ങളെ പിന്തുടരാനാവില്ല
തെറ്റുകൾ വഴിയിൽ  ഉപേക്ഷിക്കുകയുമില്ല

തെറ്റായി പറയുന്നതെല്ലാം
ശരിയാവുമ്പോൾ
തെറ്റുന്നതാര്ക്കാണ് ?
എന്റെ ശരികളും
നിന്റെ ശരികളും
നമ്മുടെ മാത്രം ശരിയാവുന്നതെന്തേ ?

ശരിയും തെറ്റും വേഷം മാറുമ്പോൾ
നഗ്ന്നമാവുന്നത് സത്യം മാത്രം
ഇഷ്ടമുള്ള സത്യവും
ഇഷ്ടമില്ലാത്ത സത്യവും

എന്റെ തെറ്റുകൾ
എന്റേതു മാത്രമാവുമ്പോഴും
അത്  എന്റേതാണ്
അത് ശരിയുമാണ് .






Thursday, May 29, 2014

ഭ്രാന്ത്

ഓരോരുത്തർക്കും
ഓരോ ഭ്രാന്ത്
ഒരു ഭ്രാന്തുമില്ലാത്തവർക്കാവും
ഭ്രാന്ത് പിടിക്കുന്നത്‌ .
********

എന്റെ ഭ്രാന്താണ് നീ
നിന്റെ ഭ്രാന്ത് ഞാനും
നമ്മളെ ചൊല്ലിയാണ്
ലോകത്തിന് ഭ്രാന്ത്
********

മതമെന്ന ഭ്രാന്തുള്ളപ്പോൾ
മതഭ്രാന്തെന്തിനു വേറെ
********

 

Wednesday, May 21, 2014

നുറുങ്ങുകൾ -20

നിഷ്പക്ഷം എന്ന പക്ഷം
നിഷ്ക്രിയം എന്ന ക്രിയയാണ്
രണ്ടുവഞ്ചിയിലെ യാത്ര
കാറ്റ് വീശും വരെ പരമസുഖം
********

തിരിച്ച് നടക്കാനായാൽ
ചിലത് തിരിച്ചറിയാനാവും
ചില കാഴ്ചകൾ
മടക്കയാത്രയിലേ കാണാനാവു
*********







 


Sunday, May 11, 2014

byte into an apple*



വെർച്വൽ സ്വർഗ്ഗത്തിന്റെ
വാതിൽ തുറന്നപ്പോൾ
പൂമുഖപ്പടിയിൽ തന്നെ
ആരോ കടിച്ച ആപ്പിളിന്റെ ബാക്കി
സ്റ്റീവ് ജോബ്സാണോ  ?
ന്യൂട്ടനോ ?

മിസ്സിസ് ആദം,
ഇതും നീ തന്നെയാണോ ?

Monday, May 5, 2014

കാൽകീഴിൽ അമരുന്നത്

നീ താണ്ടിയ ദൂരമത്രയും
ഞാനും നടന്നു തീർത്തു
കാലിടറാതെ കാറ്റിലും മഴയിലും
 കാലിലൊരു മുള്ളുകൊള്ളാതെ
മുള്ളുകളെല്ലാം നെഞ്ചിലേറ്റി ഞാൻ

കാഴ്ചകൾ പൊള്ളിയ രാജവീഥികൾ
മൗനം പുതഞ്ഞ ഏകാന്തകാട്ടുപാതകൾ
നീ പൊരുതിയ വഴിയിലെല്ലാം
കാൽകീഴിൽ ഞാനുണ്ടായിരുന്നു

ലക്ഷ്യമെത്തുംവരെ ഞാനുമൊപ്പം
അകത്തളങ്ങളിൽ നീയെന്നെ കാലൊഴിഞ്ഞു
അടഞ്ഞ വാതിലുകൾക്ക് മുമ്പിൽ
ഓരംചേർന്നനാഥമായ്

കാണാതെ പോകുന്നു
മണ്ണിൽ തൊടാത്ത പാദങ്ങൾ
നിങ്ങൾക്കായ് തേഞ്ഞുതീർന്ന ജന്മങ്ങളെ .

 

Thursday, April 24, 2014

പാതി







അവൻ വിധേയനായിരുന്നു
അവൾ അന്വേഷിയും
ദൈവം മറച്ചുവെച്ച മനോഹര ഭൂമി
നമുക്കായ് കണ്ടെടുത്തവൾ .
ആദ്യ വിപ്ലവത്തിന്റെ നായിക
ചോദിക്കാൻ പഠിപ്പിച്ചവൾ  .


ഭൂമിയിൽ വിമോചനത്തിന്റെ
വെളിച്ചം പകര്ന്നവൾ
അമ്മയായും പ്രണയിനിയായും
ഭാര്യയായും മകളായും
ഇവിടെ വസന്തം നിറച്ചവൾ
അവളുടെ പാതിയാണവൻ

പ്രാർഥിച്ചു തളരുമ്പോൾ
ഒരു നിമിഷം അവളെയോർക്കുക
ഒരു കനി അവൾക്ക് നൽകുക
ഒരു ദംശനത്താൽ മധുരം നിറച്ച്
അവൾ നിനക്കത് തിരിച്ചു നൽകും -
പുതിയ ഭൂമികൾ വീണ്ടെടുക്കാൻ

നന്ദിയോടൊരു വാക്ക് സാത്താനും .

Sunday, April 13, 2014

?










 ചോദ്യങ്ങൾക്ക് പിന്നിൽ
ഒരു വളഞ്ഞ കൊളുത്തുണ്ട്,
ചില ഉത്തരങ്ങളിൽ കൊളുത്തി വലിക്കാൻ .

തെറ്റായ ചോദ്യങ്ങൾക്കാണ്
 നാം ശരിയായ ഉത്തരം തേടുന്നത്
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് മേൽ
ഉത്തരം പോലൊന്ന് കമഴ്ത്തിവെക്കുന്നു
പിന്നെയും ചോദ്യം മുളയ്ക്കുന്നു .

ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല
ഉത്തരം അധികരിച്ച ചോദ്യമാണ് ചരിത്രം
ചിലപ്പോൾ ചോദ്യങ്ങൾ വേട്ടപട്ടികളാണ്
മരണം മാത്രം മറുപടിയാവും .

വഴിയിലുപേക്ഷിച്ച ചോദ്യങ്ങളെ
കാലം വീണ്ടും ചികഞ്ഞെടുക്കും
ഉത്തരം തേടാനല്ല
ഉത്തരമില്ലെന്നറിയാൻ

സ്വയം ചോദിക്കുമ്പോൾ മാത്രമറിയും
ചോദിക്കാതെ പോയ ചിലത്
പുകയുന്നുണ്ടുള്ളിലെന്ന്
പറയാതെ പോയ ഉത്തരങ്ങളും .

Friday, March 21, 2014

നുറുങ്ങുകൾ -19

വലുതാവുംതോറും
തീരെചെറുതാവുന്നവരാണ് നാം
****

കുട്ടികളോട് കൂടണം
ഉള്ളിലൊരു കുട്ടിയുണ്ടാവണം
കെട്ടിപ്പടുത്ത പുറന്തോട് പൊട്ടി
നഗ്നനായ് കണ്മിഴിക്കണം
****

ഛ)യാമുഖിയിൽ
കാണുന്നതെന്നെ മാത്രം
പാട്‌പെട്ടത്‌ മായ്ച്ചാലും
നിറയുന്നത്  ശുന്യത .
****