Pages

Monday, June 6, 2016




Image result for iraq invading kuwait

unlimited stupidity
 _____________

നമ്മുടെ ബുദ്ധിജീവി സമൂഹം  മലയാളികളെ ,കേരളത്തിന്റെ ചിന്തകളെയും സര്ഗാത്മക സൃഷ്ടികളേയും വിലയിരുത്തുമ്പോൾ പൊതുവെ പറയുന്ന ഒരു പോരായ്മ ഉണ്ട് .നമ്മൾ ഒരു യുദ്ധം അനുഭവിച്ചിട്ടില്ല .ഒരു യുദ്ധത്തിന്റെ ഭീകരതയിലൂടെയും കടന്നു പോയിട്ടില്ല .ആ അനുഭവത്തിന്റെ കുറവ് നമ്മുടെ സൃഷ്ടികളിൽ തെളിയുന്നുണ്ട് .
ശരിയാണ് ,നമ്മൾ ഒരു യുദ്ധത്തിലും നേരിട്ട് പങ്കെടു ത്തിട്ടില്ല .ഇന്ത്യ പങ്കാളിയായ യുദ്ധങ്ങളും നമ്മെ ഒരു യുദ്ധാനുഭാവത്തിലേക്ക് തള്ളിവിട്ടിട്ടില്ല .
പക്ഷെ ഈ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആന്ത്യത്തിൽ നമുക്ക് ,മലയാളികളിൽ ഒരു നല്ല പങ്കു ജനങ്ങള്ക്കും ഒരു ഭീകരമായ യുദ്ധാനുഭവത്തിലൂടെ  കടന്നു പോവേണ്ടി വന്നു .
1990 ൽ ഇറാക്കിന്റെ കുവൈറ്റ് അധിനിവേശം .അന്ന് അവിടെയുണ്ടായിരുന്ന രണ്ടു ലക്ഷത്തിൽ താഴെയുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു .ജന്മദേശത്തുനിന്നും ഇത്രയും അകലെ ഒരു യുദ്ധത്തിന്റെ നടുവിൽ  അകപ്പെടുക .അഭയത്തിനു ആരുമില്ല .(കുവൈറ്റ്‌ ഭരണാധികാരികൾ മണിക്കൂറുകൾ ക്കകം അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു ) .ഏറെ യാതനകൾക്കൊടുവിൽ അവർ അവിടെയുള്ളതെല്ലാം ഉപേക്ഷിച്ചു പാലായനം ചെയ്തു .ജോർദാൻ വഴിയും മറ്റും നാട്ടിലെത്തി .
അന്ന് ഇറാക്കിന്റെ ഭരണാധികാരി സദ്ദാം ഹുസൈൻ ആയിരുന്നു .കുവൈറ്റ്‌ പിടിക്കുക മാത്രമല്ല അവിടുത്തെ എണ്ണ കിണറുൾക്ക് തീവെച്ച് പരിസ്ഥിതി നാശവും ലക്ഷക്കണക്കിന്‌ ബാരൽ ഇന്ധനവും നഷ്ടപ്പെടുത്തുകയും ചെയ്തു .
 അമേരിക്കയും സഖ്യ കക്ഷികളും ചേർന്ന് ഇറാഖിനെ ആക്രമിക്കുകയും സദ്ദാം കൊല്ലപ്പെടുകയും ചെയ്തു .പിന്നീട് ഇറാൻ സാമ്പത്തികമായ് തകരുകയും അഭ്യന്തര കലഹങ്ങൾ ഉണ്ടാവുകയും മതമൗലിക വാദികൾ  പിടി മുറുക്കുകയും ചെയ്തു ഇതിൽ അമേരിക്കയുടെ താല്പര്യം എന്തുമാകട്ടെ ,സദ്ദാം കൊല്ലപ്പെട്ടപ്പോൾ ലോകത്ത് ഹർത്താൽ നടത്തി പ്രധിക്ഷേധിച്ച ഒരേയൊരു സ്ഥലം കേരളമായിരുന്നു.
അതും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ .(കുവൈറ്റ്‌ യുദ്ധത്തിനു മുന്പുതന്നെ ഇറാക്കിലെ കമമ്യുണിസ്റ്റുകളെ സദ്ദാം ഉന്മൂലനം ചെയ്തിരുന്നു .)
പലപ്പോഴും നമ്മുടെ ഇടതുപക്ഷ നിലപാടുകൾ അശ്ലിലമായ ഫലിതം മാത്രമല്ല ,പരിധികളില്ലാത്ത അസംബന്ധവും കൂടിയാണ് .

Thursday, June 2, 2016

തീർത്താലും തീരാതെ

തീർത്താലും  തീരാതെ
എത്ര പങ്കുവെച്ചാലും ചിലത് ബാക്കിയാവും
പറയാതെ പോയ വാക്കുകൾ
ആഴങ്ങളിൽ അടിഞ്ഞു പോയ
ആരുമറിയാത്ത നൊമ്പരങ്ങൾ
ഏകാന്തതയിൽ ഹൃദയത്തെ തൊട്ടുരുമ്മുന്നത്‌
സന്തോഷത്തിന്റെ നിറനിമിഷങ്ങളിലും മൌനിയാക്കുന്നത്
ആൾക്കുട്ടത്തിന്റെ നടുവിലും തനിച്ചാക്കുന്നത്
ഏകാന്ത രാവുകളിൽ ഒരു പാട്ടിൽ അലിയുമ്പോൾ
തണുത്ത വിരൽ സ്പര്ശം പോലെ
തനിയെയുള്ള ഒരു ദൂരയാത്രയിൽ
 അനന്തമായ വിജനതയിൽ നിന്ന്
ഒരു കുളിർ കാറ്റ്  വന്ന്  പൊതിയും പോലെ
ഇരുളിൽ തനിച്ചിരിക്കുമ്പോൾ
പിൻകഴുത്തിൽ ഒരു നിശ്വാസം പോലെ
നുകർന്ന നിർവ്രുതികളെക്കാൾ
അകാരണമായ ഈ നോവെത്ര ഹൃദ്യം
ഏറെ പ്രിയങ്കരം





Friday, May 27, 2016

അസംബന്ധ കവിതകൾ -6

ഏകാന്തതയോളം വരില്ല
ഭൂമിയുടെ ഭാരം .

*********

മൗനംകൊണ്ട് മുറിവേറ്റവൻറെ
നോവാണ്  കവിത

*********

വെറുതെയാണെല്ലാം
വെറുതെയെന്ന വാക്കുപോലും

*********

Wednesday, March 30, 2016

അസംബന്ധ കവിതകൾ :5

ഇനിയെനിക്ക് സ്വസ്ഥനായ് നടക്കാനാവും
എന്റെ വഴികളെല്ലാം അവസാനിച്ചു .
********

ഇല്ലായ്മയുടെ അവസാനത്തെ പടിയിലാണ്
അഭിമാനം തളം കെട്ടികിടക്കുന്നത് .
********

മരങ്ങൾക്കിടയിലാണ്
കാട് ഒളിച്ചിരിക്കുന്നത് .
*********

Thursday, February 4, 2016

അസംബന്ധ കവിതകൾ-4


ചുംബിച്ചതിന്
ചുണ്ടുകളെ
ലോക്കപ്പിലിട്ടത്‌
ഒരേ മുറിയിൽ
*******
എൻറെ ജഡത്തിനരികിൽ
 ഞാനൊന്ന് കണ്ണ്   തുറക്കാൻ
പ്രാർത്ഥിക്കുന്നു നീ
 ഞാൻ കണ്ണ് തുറന്നാലോ
നീ തിരിഞ്ഞ് നോക്കാതെ
ഓടുന്നത് കാണേണ്ടി വരും
**************

മലയാളിയുടെ സ്വന്തം
മത്സര ഇനങ്ങളാണ്
വീട് വെക്കലും
വിവാഹവും
************




Thursday, January 21, 2016

അസംബന്ധ കവിതകൾ :3




ബുദ്ധനെ കല്ലെറിയൂ
അത് പൂക്കളായ് തിരിച്ചുവരും
*********
മരങ്ങൾക്ക് ഭാരം  കിളികൾ മാത്രം
പുല്ല് താങ്ങുന്നത്‌ ആനയെ
*********
ഇടവഴിയിലെ
ഭീകരമൂർഖൻ
തല്ലികൊന്നപ്പോൾ
ചേരയായി
*********

Saturday, January 9, 2016

അസംബന്ധ കവിതകൾ -2



പുഴയിൽ നീന്തുന്ന മീൻ
പുഴ കാണുന്നില്ല
പുഴ കാണുന്ന ഞാൻ
പുഴയെ അറിയുന്നുമില്ല
*******
പുഴ ഒഴുകുന്നു
പുഴയിൽ മുഖം നോക്കി ആകാശവും
അവളൊന്നു ചിരിച്ചാൽ
അവനതിൽ അലിഞ്ഞു പോകും
*******

Sunday, January 3, 2016

അസംബന്ധ കവിതകൾ -1


എല്ലായിടവും
മഞ്ഞു പെയ്യുന്നുണ്ട്
ഓർത്തുവെക്കുന്നത്
ഇലകൾ മാത്രം
***********
മഞ്ഞും മരവും
രാവിൽ ചെയ്തതിന്റെ
ചെറു പുഞ്ചിരിയാണ്
ഇലത്തുമ്പിലെ ജലബിന്ദു .
***********
ആഴങ്ങൾ താണ്ടുന്നു വേരുകൾ
ആകാശം തേടുന്നു ചില്ലകൾ
രണ്ടറ്റത്തേക്ക് പാഞ്ഞിട്ടും
മരങ്ങൾക്ക് ചലനമില്ലത്രേ
**********

Wednesday, December 9, 2015

തെരുവ് നായ്ക്കൾ


തെരുവുനായ്ക്കളാണോർമ്മകൾ
ഏകാന്ത വീഥിയിൽ വാലാട്ടി പിറകെ വരും
നിർനിദ്രമാം  ഇരുൾ നിലങ്ങളിൽ
 കുരച്ചു ചാടും പുലരും വരെ

വഴിയറിയാതുഴറും കാട്ടുവഴികളിൽ
കടിച്ചു കീറും നിർദ്ദയം പ്രജ്ഞയെ
എങ്കിലും കൊല്ലാനാവില്ല
ആട്ടി അകറ്റാനുമാവില്ല

ഊട്ടാറുണ്ട് ഞാൻ പലപ്പോഴും
മുട്ടിയുരുമ്മാറുണ്ട് അവരെന്നെയും
തീരെ തനിച്ചാവും വിമൂക സന്ധ്യയിൽ
 മുറിവുകൾ നക്കിതുടക്കാറുണ്ടവ

അലഞ്ഞലഞ്ഞു കൂടണയുമ്പോൾ
ചുരുണ്ടുകൂടും കാൽക്കീഴിൽ
വിട്ടുപോകരുതെന്നെ പാതിവഴിയിൽ
വിടില്ല ഞാനും മൃതിയെത്തും വരെ

എല്ലാം മറന്നുറങ്ങുമ്പോൾ
ഉമ്മറപ്പടിക്കപ്പുറം
ഇരുളിൻ മറവിൽ
കാവലായുണ്ട് നീ .


Wednesday, December 2, 2015

നുറുങ്ങുകൾ-32

ഹൃദയം കൊണ്ടെഴുതിയ
ഒരു ചെറു വാക്കിൽ തൊടുമ്പോൾ
മൌനം കുടഞ്ഞെൻ മനം പായുന്നു
ഏകാന്തതയുടെ കടൽദൂരങ്ങൾക്കുമപ്പുറം
***************
പച്ചയായാലും 
കാവിയായാലും 
പെണ്ണെന്നു കേട്ടാൽ
 നീലയാവും
*****************