Pages

Tuesday, August 28, 2012

മൃതാനന്ദം

സത്നാം , തഥാഗതന്‍റെ ബോധ ഗയയില്‍ നിന്നും
നീ വെളിച്ചം തേടി വന്നതീ ഭ്രാന്താലയത്തില്‍ .

ആത്മീയതയുടെ ആഗോള വിതരണക്കാരാണ് ഞങ്ങള്‍
ഇവിടെ ചില്ലറ വില്‍പ്പനയില്ല മകനെ .

കൂട്ടം തെറ്റി അലയുന്നവനെ സ്നേഹിക്കുന്നതിലും
കൂട്ടം കൂടുന്നവരെ ആശ്ലേഷിക്കുന്നതിലാണ് മെച്ചം ,

മോക്ഷം തേടിയ ആദ്യ ഇര നീയല്ല
മുമ്പേ ഉത്തരം നേടിയ എത്രയോ അന്വേഷികള്‍

നിന്നെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍
അമ്രതാനന്ദത്തിന്റെ തനി സ്വരൂപം  കണ്ടു ഞെട്ടിയതു ഞങ്ങള്‍ .

ഞെട്ടല്‍ മാറും മുമ്പേ  അന്‍പിന്റെ  ചാനലില്‍
പ്രപഞ്ച സ്നേഹ ഗിരി പ്രഭാഷണം കേട്ട് ഞെട്ടാന്‍ മറന്നതും ഞങ്ങള്‍

സത്നാം ,ഉണങ്ങാത്ത മുറിവുമായ്‌
നീ അമ്മയെ കാത്തിരിക്കുന്നുണ്ടാവും .

എന്നോട് എന്തിനിത് ചെയ്തു എന്ന് ചോദിക്കരുത്
മോക്ഷം തന്നതിന് ദക്ഷിണ നല്‍കേണ്ടിവരും .

എല്ലാം അമൃതം  ആനന്ദം  മായാ മയം .









Friday, August 10, 2012

നുറുങ്ങുകള്‍ -7

പേര് 

എനിക്കൊരു പേരില്ല
നിനക്കും .
നമ്മള്‍ വെന്തെരിഞ്ഞ ചിതക്കൊരു  പേരുണ്ട്-
വീട് .

___________

ഒരു പേരിലാണ് എല്ലാം
സ്വന്തം പേരിനോടാണ് ആദ്യപ്രണയം
അത് മറ്റൊരാള്‍ തന്നതാണെങ്കിലും .

___________

ഒരു പോലെ രണ്ടുമനുഷ്യരുണ്ടാവാം  ,
ഒരു പോലെ രണ്ടുമരങ്ങളില്ല    
എന്നാലും മരങ്ങളെ ആരും   പേര് ചൊല്ലി  വിളിക്കാറില്ല  

___________

പ്രവാസം ഒരു കടലിന്റെ പേരാണ് ,
നീന്തി കയറാനാവില്ല
ഒരു മാത്രപോലും നീന്താതിരിക്കാനുമാവില്ല .    





 
 


  


Sunday, July 22, 2012

നയം-അനുനയം


(2009- സെപ്തംബര്‍,  പ്രവാസലോകം മാസികയില്‍ പ്രസിദ്ധീകരിച്ചത് )

നയം വ്യക്തമാക്കണമെന്ന് പാര്‍ട്ടി 
വ്യക്തമായ നയമാണ് വേണ്ടതെന്നയാള്‍ 

നിലപാട് തിരുത്തണമെന്ന് പാര്‍ട്ടി 
ഒരു പാട് പോലും ഇല്ലാത്ത നിലയാണ് തന്‍റെതെന്നയാള്‍ 

കാരണം കാണിക്കണമെന്നു പാര്‍ട്ടി 
നില പാടുകള്‍ തന്നെയാണ് കാരണമെന്നയാള്‍ 

അച്ചടക്ക നടപടി ഉണ്ടാകുമെന്ന്  പാര്‍ട്ടി 
അച്ചടകം തന്നെയാണ് നല്ല നടപടിയെന്നയാള്‍

വിലക്ക് നേരിടേണ്ടി വരുമെന്ന് പാര്‍ട്ടി 
വിലക്കുകളെല്ലാം നമ്മളൊന്നിച്ചല്ലേ  തകര്‍ത്തതെന്നയാള്‍ 

തരം താഴ്ത്തുമെന്ന്   പാര്‍ട്ടി 
സ്വയം തരം താഴരുതെന്നയാള്‍ 

പുറത്താക്കേണ്ടി  വരുമെന്നായി പാര്‍ട്ടി 
പുറത്താക്കലെളുപ്പം
അകത്താക്കലാണ്  പ്രയാസമെന്നയാള്‍

ഒത്തുതീര്‍പ്പാകമെന്നു  പാര്‍ട്ടി 
ഒത്താല്‍ തീര്‍പ്പാകും പക്ഷെ 
ഒക്കാതിരിക്കലാണ് സുഖമെന്നയാള്‍ .

Thursday, July 12, 2012

ഏകാന്തം

കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നൊരു 
പുല്‍നാമ്പ് പുഞ്ചി രിക്കുന്നു .
ഇളം തണ്ടില്‍  രണ്ടിലയും ഒരു കുഞ്ഞുപൂവും .

ഞാനത് മൊബൈലില്‍ പകര്‍ത്തിവെച്ചു
എന്റെ ആകുലതകളില്‍
വീണ്ടും വായിച്ചു നോക്കാന്‍ .

**      **      **     **    **

മരുഭൂമിയുടെ  ഏകാന്തതയില്‍ നഷ്ടപ്പെടുമ്പോള്‍
ഞാന്‍, ഞാന്‍  മാത്രം
ആകാശത്ത് ഒറ്റക്കായൊരു  മേഘം
 തെറ്റാനൊരു വഴി പോലുമില്ലാതെ പിഞ്ഞിത്തീരുന്നു .

**     **    **     **    **    **

ആള്‍കൂട്ടത്തില്‍ തനിച്ചാവുമ്പോഴാണ്
നാം നമ്മെ തിരിച്ചറിയുന്നത് .
എകാന്തതയിലൊരു കൂട്ട് തേടുമ്പോഴാണ്‌
നാം നമ്മെ സ്നേഹിക്കാന്‍ തുടങ്ങുന്നത് .

**      **      **    **     **   **

ഏകാന്തത പങ്കുവെക്കാനാവില്ല -
മരണവും .

**     **     **    **      **     **

നിന്റെ ഏകാന്തതയില്‍ല്‍ ഒരിക്കലെങ്കിലും
നീയെന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടാവും .
എന്റെ ഓര്‍മ്മകള്‍ക്ക് മേല്‍ നിന്‍റെ കണ്ണീര്‍ ഒരുനാള്‍
പ്രണയത്തിന്റെ നനവ്‌ പകര്‍ന്നിട്ടുണ്ടാവും
____________________________________________________________ 

Friday, June 15, 2012

നുറുങ്ങുകള്‍ 6



അല്‍പ്പം മത (ദ ) പരം


ഇനി  ഒരക്ഷരം മാറ്റിയെഴുതാം
മദം എന്നതാവും ശരി
ഹിന്ദു മദം ..ഇസ്ലാംമദം ..ക്രിസ്തു മദം .

********

അന്ന്  സര്‍വശക്തനും സര്‍വ വ്യാപിയുമായ  ദൈവം
 ഇന്ന് സര്‍വശക്തവും  സര്‍വവ്യാപിയുമായ  മതം .

*********

ചുണ്ട് ഒന്നനങ്ങിയാല്‍ മതവികാരം  വ്രണപ്പെടും.
സത്യം പറഞ്ഞാല്‍ ദേശസ്നേഹം * വ്രണപ്പെടും .
( അതും  ഒരു മതമാണല്ലൊ )
ഇത്രയും പ്രതി രോധ ശേഷിയില്ലാത്ത  ഇതിനെല്ലാം
കുത്തിവെപ്പിനു സമയം  കഴിഞ്ഞു .

*********

മന്ത്രിയാക്കുന്നതും  മതം
താഴെയിറക്കുന്നതും  മതം
എവിടെയും  മിണ്ടുന്നത്  മതം
ചിലത് കാണാതെപോവുന്നതും  മതം

( ദൈവം  നമുക്കിടയില്‍  തലയില്‍ മുണ്ടിട്ട്നടക്കുന്നുണ്ടാവും .
   പാവത്തെ   ആരും  ഒറ്റിക്കൊടുക്കരുതേ .)

______________________________________________________________

*  അരുന്ധതി റോയിയും ബിനായക് സെന്നും  നേരിടുന്നത്



Saturday, June 2, 2012

ധനവാന്‍ =ശരി



കുറച്ചു  ദിവസങ്ങളായി മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ 
പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യത്തിലെ വാചകം .
''നിങ്ങള്‍ ധനവാനായ് ജനിക്കാത്തത് 
നിങ്ങളുടെ  കുറ്റമല്ല , പക്ഷെ നിങ്ങള്‍ 
ധനവാനവാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ് .''

ധനവാനാവത്തത്  കുറ്റമാണോ ? പണം ഇല്ലാത്തവരെല്ലാം 
കുറ്റവാളികളാണോ? പണം ഉണ്ടാക്കുന്നത് മാത്രമാണോ ശരി ?
അധാര്‍മികമായ ഈ പരസ്യത്തിനെതിരെ ആരും പ്രതികരിച്ചു കണ്ടില്ല .
പുതിയ  മലയാളി സമൂഹത്തിന്റെ മനസ്സ് ഇത് ശരി വെക്കുന്നുണ്ടാവാം ,
മറിച്ചു ചിന്തിക്കുന്നവര്‍ പ്രതികരിക്കുക .

Thursday, April 19, 2012

എങ്കിലും


അകലം 

നമ്മുടെ  നെഞ്ചിനിടയില്‍   വിയര്‍പ്പിന്റെ  അകലം മാത്രം ,
എങ്കിലും നമ്മുടെ  ഭാഷകള്‍ വിഭിന്നം
ഒടുവില്‍ യാത്രാമൊഴി ചൊല്ലുമ്പോള്‍
പരസ്പരം   വാക്കുകള്‍ തിരിച്ചറിയാന്‍ തുടങ്ങും 
പക്ഷെ ,ചില യാത്രകള്‍ മാറ്റിവെക്കാനാവില്ല.

ആണും പെണ്ണും 

അവള്‍ പൂച്ചയാണ് .
എപ്പൊഴും ലാളിക്കപ്പെടണം,എങ്കിലും
തഴുകുമ്പോള്‍  അറിയാതൊന്നു നൊന്തു പോയാല്‍
ഒളിച്ചു വെച്ച നഖങ്ങള്‍ പുറത്തുവരും .

അവന്‍  പട്ടിയെ പോലെയും
എത്ര ഏറു കൊണ്ടാലും വിട്ടു പോവില്ല ,
എന്നോ നുകര്‍ന്ന ഒരു തലോടലിന്റെ  ഓര്‍മ്മയില്‍.

കവിത 

കവിതയെനിക്ക് ആമയുടെ പുറന്തോടാണ്,
എവിടെയും എന്നെ പിന്നിലാക്കുന്നു ,എങ്കിലും
എപ്പോഴുമെന്നെ പൊതിഞ്ഞു നില്‍ക്കുന്നു



Thursday, April 5, 2012

നുറുങ്ങുകള്‍ (4)

ജീവിതത്തെ മരണം കൊണ്ട് തോല്‍പിച്ചവരില്‍
കര്‍ത്താവേ ,നീയാണ് മുന്നില്‍ .
കുരിശിലേറിയിരുന്നില്ലെങ്കില്‍
എന്നേ വിസ്മൃതനായേനെ .

**********

യേശു ക്രൂശിതനായി  മരിച്ചപ്പോള്‍
കുരിശ് പുണ്ണ്യചിഹ്നമായ്   മാറി
എത്രയോ നല്ല മനുഷ്യരുടെ ജീവനെടുത്തിട്ടും
പാവം തോക്കിനെ ആരും പരിഗണിച്ചില്ല .

**********


Wednesday, March 14, 2012

നുറുങ്ങുകള്‍ (3)

 
മഹാപ്രസ്ഥാനം 
തിരിഞ്ഞു നോക്കാത്തവരാണ് വിജയികള്‍
അവര്‍ക്കുള്ളതാണ്‌ സ്വര്‍ഗ്ഗം
എന്നിട്ടും തിരിഞ്ഞുനോക്കി പരാജയപ്പെട്ടവരുടെ സ്വര്‍ഗ്ഗം
ചരിത്രം പോലും തിരിച്ചറിയാറില്ല
ചിലപ്പോഴെങ്കിലും തോല്‍വിയും ജയമാണ് .

*
ഓര്‍ക്കുവാനൊരു ശിമയോന്‍ പോലുമില്ല
മറക്കുവാന്‍ കുരിശിന്റെ വഴിയത്രയും .

*
ദൈവത്തിന്റെ  മനോഹര സൃഷ്ടി മനുഷ്യനാവാം,പക്ഷെ -
മനുഷ്യന്റെ  മോശം സൃഷ്ടിയാണ് ദൈവം .
അവന്‍  അവനെത്തന്നെ ദൈവമായ് പകര്‍ത്തി വെച്ചു.

*
കാണാതാവുന്നവര്‍ ദൈവത്തെപ്പോലെയാണ്
ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കാം
ഒരിക്കല്‍ കണ്ടെത്തുമെന്നും .


Sunday, February 12, 2012

നീ



തീര്‍ത്ഥമായി നിന്നശ്രുകണങ്ങളെന്‍
ആത്മദലങ്ങളില്‍ പടരവേ ,
പ്രാണയാര്ദ്രമായ് പാടുന്നു  ഹൃദയ തന്ത്രികള്‍ 
ഏകാന്ത മധുരമൊരു സുഖദ നൊമ്പരം .

നിശാഗന്ധിയെ  നിലാവ് ചുംബിചുണര്ത്തും രാവില്‍ 
നിന്‍ രാഗ സ്മ്രിതികളില്‍ ഉള്ളം തുളുമ്പുന്നു .
അജ്ഞാത സുന്ദരമേതോ  യമുനാ തടത്തില്‍ -
ഞാനൊരു  നീലകടമ്പായ്  പൂത്തുലയുന്നു .

രാത്രിമഴയായ് പെയ്തിറങ്ങുന്നു 
നിന്‍ നിഗൂഡസ്മിതമെന്‍  ദാഹാ ര്ത്ത വിപിനങ്ങളില്‍ .
ചേര്‍ത്തുവെക്കുന്നു  നിന്‍ പ്രണയത്തിന്‍ 
വളപ്പൊട്ടുകള്‍ എന്നന്തരാത്മാവില്‍ 
അന്തമറ്റ  ജന്മാന്തരങ്ങള്‍ക്കായ്‌....