Pages

Wednesday, July 1, 2015

മേരി
____

മറിയം,
എന്‍റെ ദൈവത്തിന്
നിന്റെ മുഖമാണ്
കരുണയിലും വേദനയിലും നനുത്തത്
*****
പിതാവും
പുത്രനും
പരിശുദ്ധാത്മാവും
നീയെവിടെ?
*****
കുരിശില്‍ നിന്നിറക്കിയത്
നിന്‍റെ കൈകളിലേക്കാണ്
ഇത്രയും സ്നേഹാര്‍ദ്രമായ സമ്മാനം
സ്വന്തമായില്ല ആര്‍ക്കും ഇതുവരെ
*****
വിശുദ്ധമായ രഹസ്യമാണ് നീ
നിന്‍റെ നിഗൂഡതയുടെ മേലാണ്
ഞങ്ങളുടെ ഭാവനകളത്രയും
*****

Monday, June 22, 2015

Image result for pen and tea on table
പേന 
എന്റെ കഴുത്തിന് പിടിച്ചാണ്
നിന്റെ ആത്മപ്റകാശനം

ചായ 
പേര്  ഒന്നാണെങ്കിലും
ഒനന്  പോലെ മറ്റൊന്നില്ല

മേശ 
നാല്‌ കാലുണ്ടെങ്കിലും
ഇനിയും ഓടാൻ പഠിച്ചില്ല


Wednesday, May 6, 2015

 ബ്ലോഗില്‍ ഞാന്‍ എഴുതുന്ന കവിതകളില്‍ നിന്നുംതെരഞ്ഞെടുത്ത് നീര്‍മാതളം ബുക്സ് 'മറ്റൊരാള്‍'
എന്ന പേരില്‍ ഒരു സമാഹാരം പ്രസിദ്ധീകരിക്കുന്നു.
വയനാട് ജില്ലാ ലൈബ്രറി പുസ്തകോത്സവത്തില്‍
കവി പി.കെ. ഗോപി പ്രകാശനം ചെയ്യുന്നു
വേദി: ലളിത് മഹല്‍ ഓഡറ്റോറിയം-കല്‍പ്പറ്റ
സമയം: മെയ്‌ 12 , 4.30 p.m
പുസ്തകം സ്വീകരിക്കുന്നത്; ശ്രീ അമ്മദ്
കവിത പരിചയപ്പെടുത്തുന്നത്: പി.കെ. സുധീര്‍.
എല്ലാ സ്നേഹിതരും പങ്കെടുക്കുക
facebook ലുംബ്ലോഗിലും എനിക്ക് പ്രചോദനം പകര്‍ന്ന എല്ലാ സഹയാത്രികര്‍ക്കും
സ്നേഹപൂര്‍വ്വം
Like · Comment ·  · 3066

Friday, February 20, 2015

നുറുങ്ങുകൾ 25

ഏകാന്തത-
പെരുമഴച്ചാർത്തിലും
സ്ഫടിക മഴവള്ളികൾക്കിടയിൽ
മഴ നനയാത്തൊരിടം

പ്രണയം -
സ്വരരാഗധാരയുടെ
യതിയിൽ പൂക്കുന്ന
ഒരു മാത്രതൻ മൗനം

സാന്ത്വനം -
നട്ടുച്ച നെറുകയിൽ
 നീറിപ്പടരുമ്പോൾ
അറിയാതെ വന്നെന്നെ
തലോടും നിൻ  വിരലുകൾ

 

Friday, February 13, 2015

മറവിയുടെ സ്മാരകമാണ് ചരിത്രം .




മറവിയുടെ സ്മാരകമാണ് ചരിത്രം .

ഓർമ്മകളെ നിരോധിക്കുന്ന നിയമം കൊണ്ടാണ്
കാലം കയ്യാമം വെക്കപ്പെടുന്നത്
ചരിത്രത്തിലില്ലാത്തവരുടെ ചോര ചിതറിയാണ്
അക്ഷരങ്ങൾ മാഞ്ഞു പോകുന്നത്
വരികൾക്കിടയിൽ പുകയുന്ന മൌനം
മരിച്ചവരുടെ കേൾക്കാതെ പോയ വിലാപമാണ്‌

വിശ്വാസം കൊണ്ട് പറക്കുന്ന വിമാനത്തിൽ
കലയുടെ കുതിരകൾ കടൽ  കടക്കുന്നു
വീട്ടിലേക്ക് തിരിച്ചു വരുന്നത്
പർദ്ധയിലൊളിപ്പിച്ചു വെച്ച
മൂക്കും മുലയും ചെത്തിയ നീതി മാത്രം

നിശ്ശബ്ദമാക്കപ്പെട്ട തെരുവുകളിൽ
 ശാസ്ത്രപുരോഹിതർ കണ്ണുകെട്ടി
 നാളെയുടെ  രഥം വലിക്കും
വാനരന്റെ വാലുകൊണ്ട്
ഇന്നലെകൾക്ക് ഛായം പൂശും

പിഴുതെടുത്ത നാവുകൾ കൊണ്ട്
പാരമ്പര്യത്തിന് ബലിയൂട്ടുമ്പോഴും
ചിലത് ബാക്കിയാവുന്നു-
നാളെയുടെ വസന്തം തീർക്കാൻ
മൃതി മറന്ന സ്മൃതിയുടെ വിത്തുകൾ


 

Friday, January 16, 2015

സ്മരണ

ഇന്ദിരാജിയെ സ്മരിക്കുമ്പോൾ
സിക്കുകാരെ ഓർക്കരുത്‌
രാജിവ്ജിയെ സ്തുതിക്കുവാൻ
പേരറിവാളനെ അറിയരുത്
പ്രഭാകരനെ കൊണ്ടാടുമ്പോൾ
സിംഹളരെ മാത്രമല്ല
തമിഴരെയും കാണരുത്
സദ്ദാമിൻറെ വീരഗാഥയിൽ
ഇറാക്കിനെ മറക്കണം

നമോ നമ: പാടുവാൻ
ഓർമ്മ മാത്രം പോര
ബോധവും ഇല്ലാതാവണം
മറവിയുടെ മലമുകളിലാണ്
വാഴ്ത്തപ്പെടുന്നവരുടെ
ആരുഡങ്ങളധികവും 

Thursday, January 8, 2015

ഓർമ്മകുറിപ്പ്

ഓർമ്മകളുടെ
ഓർമ്മയാണ്‌ കവിത 
*****
ഓർമ്മയടെ 
പരിഭാഷയിൽ
വാക്കുകൾ
നിലവിളിക്കുന്നു
******
ഓർക്കുവാൻ ഏറേ
മരണങ്ങളുണ്ട്
മറക്കാൻ പഠിക്കുന്ന
ഓരോ ജീവിതത്തിലും
******
അവയവം
ദാനം ചെയ്യുംപോലെ
മരിക്കുമ്പോൾ
ഓർമ്മകൾ
ദാനം ചെയ്യാനാവുമോ ?
*******
 ആദ്യം പിരിയുന്നവരാണ്
ഓർമ്മകളിൽ
അവസാനമെത്തുക
 

Wednesday, December 31, 2014

2015
happy birthday to you

Friday, December 26, 2014

നുറുങ്ങുകൾ - 24

നുറുങ്ങുകൾ - 24
-------------------------

മതം

തമം
തിരിഞ്ഞു പോയതാവാം
മതം.
******

ചോദ്യങ്ങൾ
ഉപേക്ഷിച്ചവരുടെ
തൊഴുത്താണ്
 വിശ്വാസം
*******
വിവാഹം

ഒരു സ്വപ്നം
സത്യമായി തീരുമ്പോൾ
അതിലേറെ സത്യങ്ങൾ
 സ്വപ്നമായ് മാറും
******
പ്രവാസം 

ഒടുവിൽ
ഓരോ പ്രവാസിയും
നാടുകടത്തപെടുന്നത്
നാട്ടിലേക്കാണ്
*******

Thursday, December 4, 2014

വിളി

എന്തൊക്കെയുണ്ട് വിശേഷം ?-
പ്രിയ സുഹൃത്തേ
വല്ലപ്പോഴും വിളിക്കുമ്പോൾ
ചതഞ്ഞരഞ്ഞ ഈ ക്ലീഷേ
ഒഴിവാക്കുക
കണ്ണ് നഷ്ടപ്പെട്ടവനോട്
കാഴ്ച്ചകൾ വർണ്ണിക്കരുത് .
*
ചില വിളികൾ അങ്ങനെയാണ്
പ്രകൃതിയുടെ വിളി പോലെ
സമയമാകുമ്പോൾ സംഭവിച്ച് പോകും
ഒന്നിനുമല്ല
ഒന്നുമില്ല
ഇല്ലെങ്കിൽ
മുട്ടിയിട്ടും പോകാത്തത് പോലെ
*
പറയാനുള്ളത് കേൾക്കാറില്ല
കേൾക്കാനുള്ളത് പറയാറില്ല
എന്നിട്ടും
വിളിച്ചുകൊണ്ടിരിക്കുന്നു
കേട്ടുകൊണ്ടും
*
വിളികൾ നിലച്ചു
ചാറ്റും മടുത്തു
ഇനി
Whats up ?