Pages

Thursday, December 4, 2014

വിളി

എന്തൊക്കെയുണ്ട് വിശേഷം ?-
പ്രിയ സുഹൃത്തേ
വല്ലപ്പോഴും വിളിക്കുമ്പോൾ
ചതഞ്ഞരഞ്ഞ ഈ ക്ലീഷേ
ഒഴിവാക്കുക
കണ്ണ് നഷ്ടപ്പെട്ടവനോട്
കാഴ്ച്ചകൾ വർണ്ണിക്കരുത് .
*
ചില വിളികൾ അങ്ങനെയാണ്
പ്രകൃതിയുടെ വിളി പോലെ
സമയമാകുമ്പോൾ സംഭവിച്ച് പോകും
ഒന്നിനുമല്ല
ഒന്നുമില്ല
ഇല്ലെങ്കിൽ
മുട്ടിയിട്ടും പോകാത്തത് പോലെ
*
പറയാനുള്ളത് കേൾക്കാറില്ല
കേൾക്കാനുള്ളത് പറയാറില്ല
എന്നിട്ടും
വിളിച്ചുകൊണ്ടിരിക്കുന്നു
കേട്ടുകൊണ്ടും
*
വിളികൾ നിലച്ചു
ചാറ്റും മടുത്തു
ഇനി
Whats up ?
 

Sunday, November 9, 2014

ഓർക്കാൻ ഒത്തിരി നോവും
നനയാൻ ഇത്തിരി കനവും ,
നിന്നെ എഴുതാൻ
എനിക്ക് വാക്കെന്തിന് ?
******

 

Friday, November 7, 2014

നുറുങ്ങുകൾ 23

തീരെ ചെറി യവരാണ്
അകത്തെ വലിയ  പീഠങ്ങളിൽ
വലിയവർ
പുറത്തെ വെയിലത്തും .
**********
വിജയികളായി എണ്ണുന്നവർ
കൂടുതൽ പണം നേടിയവരാണെങ്കിൽ
ലോകം തോറ്റവരുടെതാണ് .
**********

ലോകം വിജയിച്ചവരെ തെരയുന്നു
എന്തായിരുന്നു മത്സരം ?
ഇവർ ആരെയാണ് തോൽപ്പിച്ചത്?
***********

ചിലരെ  ഒരു  നോക്കിലറിയാം
ചിലരെ  ചില  വാക്കിലും
ചിലരെയറിയാനൊരു
ജീവിതം  പോര
**********
 

Thursday, October 9, 2014

തടവുകാർ

എന്റെ തൃഷ്ണകൾക്ക് മേൽ
അവർ പാപത്തിന്റെ മുദ്ര ചാർത്തി

എന്റെ ഇഛകളെ പ്രാക്താനമായൊരു
ഗോത്രബോധ യുക്തിയാൽ ആശ്ലിലമാക്കി

അരാജകന് നേരെ എയ്ത അമ്പ്‌
എൻറെ സ്വാതന്ത്ര്യത്തിന്റെ  നെഞ്ചിൽ തറഞ്ഞു

നിങ്ങളുടെ ശരികൾ വിശ്വാസത്തിന്റെ
പിന്തുടർച്ചകൾ  മാത്രം
എന്റേത് എന്റെ മാത്രം തോന്നലുകളും

എങ്കിലും

ഞാനും നിങ്ങളും 
നമ്മുടെ ശരിയുടെ തടവുകാർ
ലോകത്തിന്റെ  ന്യായാധിപരും

 

Wednesday, October 1, 2014

നിൽപ്പ്


നിലയില്ലാത്ത നിൽപ്പ്
നില തേടുന്ന നിൽപ്പ്
നിലനിൽപ്പിന്റെ നിൽപ്പ്
നിലപാടിന്റെ നിൽപ്പ്

നിൽക്കുന്നവന്റെ സഹനം
ഇരിക്കൻ തറ കിട്ടും  വരെ
കിടക്കാനിടം കിട്ടും വരെ

വയറുകത്തി നിൽക്കുമ്പോഴും
വീര്യം പൂത്തു നിൽക്കട്ടെ .

Friday, September 5, 2014

രാത്രി

അസ്ഥികൾ ചില്ലയായ് വേവുന്നു
 അപ്പം ചാരമായ് തിന്നുന്നു
തിരിച്ചെടുക്കും മുമ്പേ ഈപാനപാത്രം
 ഒരിക്കലെങ്കിലും നിറഞ്ഞിരുന്നെങ്കിൽ

 ഒലിവ് തോട്ടത്തിലെ ഇരുളിൽ 
രാവിൽ ഞാൻ വിലങ്ങണിയും
 വെളിച്ചം വെള്ള കീറും മുമ്പേ
 ഒരു വാക്കെങ്കിലും 
നീതി തേടുമോ 

ചുംബനത്താൽ 
ഒറ്റുകൊടുക്കപ്പെട്ടവനും
 ഒറ്റപ്പെടുകയും ചെയ്തവൻ 
ഞാൻ മാത്രമായതെന്തേ 

നീ കാരണം തേടി ഉഴറുമ്പോൾ
 ഞാൻ മരണം രുചിക്കും
 ഓർമ്മയുടെ മുള്ളുകൾ
 തീ പിടിച്ച പ്രജ്ഞയിൽ രക്തം നുണയും .

 കഷ്ടരാത്രിയിൽ ഞാൻ 
ഇരുളിന്റെ പൊരുളറിയുന്നു


Friday, August 22, 2014

നാറ്റം

 

കുട്ടപ്പനും അലവികുട്ടിയും 
ഒന്നിച്ചാണ്‌ ബാറിൽ പോക്ക് 
കുട്ടപ്പൻ അലവിയുടെ 
തലയിൽ വാള് വെക്കുന്നതും 
അലവി കുട്ടപ്പനിട്ടൊന്നു
 പൊട്ടിക്കുന്നതും നിത്യസത്യം 
ഇതിൽ വാർത്തയൊന്നുമില്ല  
ചുമ്മാ പറഞ്ഞതാ സാറേ .

തോരാ മഴയിൽ പനി പടർന്നപ്പൊ 
മറിയത്തിന്റെ ജ്വരം  മൂർച്ചിച്ച കൊച്ചിനെ 
നട്ടപ്പാതിരാക്ക്‌ തോളിലെടുത്തിട്ട് 
ആസ്പത്രിയിലേക്കോടിയത് ജാനകി 
നുള്ളിപ്പെറുക്കിയ കാശുമായ് 
പിന്നാലെ പാഞ്ഞത് ആയിശു 
ഇതിലും വാർത്തയില്ല 
വെറുതെയാ  സാറേ 

മലവെള്ളം പൊങ്ങിയപ്പൊ 
സ്കൂൾ വരാന്തയിലെ പുതപ്പിനുള്ളിൽ 
കെട്ടിപ്പിടിച്ച് വിറച്ചത് അവരുടെ  മക്കള് 
നമ്മളിതൊക്കെ തരംതിരിച്ച് എണ്ണുന്നത് 
അവരറിയുന്നില്ല സാറേ 

അച്ഛനും സ്വാമിയും ഇമാമും 
ഒരേ വേദിയിൽ കൈകൊടുക്കുന്നത് കാട്ടി 
രോമാഞ്ചം കൊള്ളുന്നു മാദ്ധ്യമങ്ങള് 
ക്യാമറക്കണ്ണിലും ആനന്ദബാഷ്പ്പം 

ഇതിന്റെ  പിന്നിലൊരു നാറ്റമില്ലേ സാറേ . 
 

Friday, August 15, 2014

നുറുങ്ങുകൾ 22

മതങ്ങളെല്ലാം പാടുന്നത്
പാവനമാം ദിവ്യസ്നേഹം
എന്നിട്ടും അതിന്റെ ചിന്ഹങ്ങളെന്തേ
ശൂലവും വാളും കുരിശുമായി .
********
പ്രണയിക്കാൻ മതം വേണ്ട
കലഹിക്കാൻ ഏറേ നന്ന്
സമാധാനത്തിനും മതം വേണ്ട
തീവ്രവാദത്തിനു കൂടിയേ തീരു


Tuesday, August 5, 2014

നുറുങ്ങുകൾ 21


വസ്ത്രം ഉണ്ടാക്കിയത് മനുഷ്യൻ
ഉടുക്കാൻ പഠിപ്പിക്കുന്നത്‌ ദൈവം

വാക്കുകൾ മനുഷ്യന്റെ സൃഷ്ടി
ഉദ്ബോധനം കര്ത്താവിന്റെ വക
***********

ഗുരുത്വമില്ലെങ്കിൽ
വഴിതെറ്റിപ്പോവും
ഗുരുത്വം കൊണ്ടാണ് ഭൂമി
വഴിപിഴക്കാതിരുന്നത് ,ചന്ദ്രനും
 **********
പ്രണയത്തിൽ നിന്ന്
പരിണയത്തിലേക്കുള്ള
പ്രയാണമാണോ
പരിണാമം



 

Friday, July 25, 2014

അകത്തിരിക്കുമ്പോൾ
മഴയെത്ര ഹൃദ്യം
പുറത്തിറങ്ങിയാൽ
തോരാത്ത ശല്ല്യം .