Pages

Thursday, May 29, 2014

ഭ്രാന്ത്

ഓരോരുത്തർക്കും
ഓരോ ഭ്രാന്ത്
ഒരു ഭ്രാന്തുമില്ലാത്തവർക്കാവും
ഭ്രാന്ത് പിടിക്കുന്നത്‌ .
********

എന്റെ ഭ്രാന്താണ് നീ
നിന്റെ ഭ്രാന്ത് ഞാനും
നമ്മളെ ചൊല്ലിയാണ്
ലോകത്തിന് ഭ്രാന്ത്
********

മതമെന്ന ഭ്രാന്തുള്ളപ്പോൾ
മതഭ്രാന്തെന്തിനു വേറെ
********

 

Wednesday, May 21, 2014

നുറുങ്ങുകൾ -20

നിഷ്പക്ഷം എന്ന പക്ഷം
നിഷ്ക്രിയം എന്ന ക്രിയയാണ്
രണ്ടുവഞ്ചിയിലെ യാത്ര
കാറ്റ് വീശും വരെ പരമസുഖം
********

തിരിച്ച് നടക്കാനായാൽ
ചിലത് തിരിച്ചറിയാനാവും
ചില കാഴ്ചകൾ
മടക്കയാത്രയിലേ കാണാനാവു
*********







 


Sunday, May 11, 2014

byte into an apple*



വെർച്വൽ സ്വർഗ്ഗത്തിന്റെ
വാതിൽ തുറന്നപ്പോൾ
പൂമുഖപ്പടിയിൽ തന്നെ
ആരോ കടിച്ച ആപ്പിളിന്റെ ബാക്കി
സ്റ്റീവ് ജോബ്സാണോ  ?
ന്യൂട്ടനോ ?

മിസ്സിസ് ആദം,
ഇതും നീ തന്നെയാണോ ?

Monday, May 5, 2014

കാൽകീഴിൽ അമരുന്നത്

നീ താണ്ടിയ ദൂരമത്രയും
ഞാനും നടന്നു തീർത്തു
കാലിടറാതെ കാറ്റിലും മഴയിലും
 കാലിലൊരു മുള്ളുകൊള്ളാതെ
മുള്ളുകളെല്ലാം നെഞ്ചിലേറ്റി ഞാൻ

കാഴ്ചകൾ പൊള്ളിയ രാജവീഥികൾ
മൗനം പുതഞ്ഞ ഏകാന്തകാട്ടുപാതകൾ
നീ പൊരുതിയ വഴിയിലെല്ലാം
കാൽകീഴിൽ ഞാനുണ്ടായിരുന്നു

ലക്ഷ്യമെത്തുംവരെ ഞാനുമൊപ്പം
അകത്തളങ്ങളിൽ നീയെന്നെ കാലൊഴിഞ്ഞു
അടഞ്ഞ വാതിലുകൾക്ക് മുമ്പിൽ
ഓരംചേർന്നനാഥമായ്

കാണാതെ പോകുന്നു
മണ്ണിൽ തൊടാത്ത പാദങ്ങൾ
നിങ്ങൾക്കായ് തേഞ്ഞുതീർന്ന ജന്മങ്ങളെ .