Pages

Friday, October 23, 2015

കുരിശിൻറെ വഴി

നിൻറെ കുരിശാണ് ഞാൻ
നിതാന്തം നിന്നിൽ കാലം തറച്ചു വെച്ചത്
ഉടലുകൾ തമ്മിൽ ചേർത്തുനിർത്താൻ
കാരിരുമ്പാണിയുടെ  കൂര്ത്ത മുനകൾ മാത്രം

മാംസം തുളച്ചിറങ്ങും  ലോഹമൂർച്ചകൾ
എന്നിലെ കാണാക്കയങ്ങളിൽ നങ്കൂരമിടും
പകലറുതിയിൽ ശിരസ്സ്‌ താഴും
ഹൃദയത്തിൽ രക്തം നിറഞ്ഞു തൂവും
ചോരയിൽ കുളിച്ചു ഞാനും വിശുദ്ധനാവും

പ്രാണനൂർന്നു തീരും വരെ
നീ എന്നെ  പുണർന്നു നിൽക്കും
എന്നിൽനിന്ന് പറിച്ചെടുക്കുമ്പോൾ
എന്റെ ഏകാന്തത  നീ മാത്രമറിയും

ആരുമറിയാതെ  നാലാമത്തെ ആണി
നെഞ്ചിലെന്നും  ആഴ്ന്നിരിക്കും
മൂകമായ് രാവിൻ  മരുഭൂമി  താണ്ടും

നാളെ  നീ ഉയിർത്തെഴുന്നേൽക്കും
ഇനിയുമെന്നിൽ തറഞ്ഞു നിൽക്കാൻ









Tuesday, October 20, 2015

ആഭാസം *


ബുദ്ധൻ
വിഗ്രഹഭന്ജകൻ
അവൻ വിഗ്രഹമായ്
ഭഗവാനായ്
അവതാരമായ്

ഗുരു
പ്രതിഷ്ഠകൾ ഉപേക്ഷിച്ചവൻ
ഗുരു ദേവനായ്
പ്രതിഷ്ഠയായ്
ദൈവമായ്

അംബേദ്‌കറും  അയ്യപ്പനും
അയ്യങ്കാളിയും
ഇനിയും എത്രനാൾ മനുഷ്യരായിരിക്കും

മാർക്സ്  ഇവിടെ പിറക്കാതിരുന്നത്
മാർക്സിസത്തിന്റെ മഹാഭാഗ്യം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
* ആർഷ ഭാരത സംസ്കാരം




Friday, October 9, 2015

ശീർഷകമില്ലാതെ



ആൾകൂട്ടത്തിൽ
അരൂപിയാകുമ്പോഴും
ഞാനും   ആരെയും കാണുന്നില്ലല്ലോ
എന്ന് വേവലാതിപ്പെടുന്നു

മറ്റെവിടെയോ   മറ്റൊരു
ജീവിതമുണ്ടെന്ന സ്വപ്നം
മരിക്കുന്നനിമിഷത്തിലും
ഒരുപക്ഷെ അതങ്ങനെയാവാം

എകാകിയാകുവാനും
പരിശീലനങ്ങൾ ആവശ്യമുണ്ട്
 ശബ്ദമില്ലാതെചവയ്ക്കാൻ
പഠിക്കുന്നത് പോലെ
ബ്ലെയ്ഡിന്റെ    വായ്ത്തലയിൽ
ഇഴയുന്ന ഒച്ചിന്റെ ധ്യാനം

കാറ്റിൽ ചിന്നിച്ചിതറിയ മേഘം
ഓരോ തുള്ളിയിലും
ഒരു  കടൽ ഉള്ളിൽ  പേറുന്നു

ഒരുനാൾ അത് പെയ്തൊഴിയും
ഒരിലത്തുമ്പിൽ ഒരു മാത്ര തൂങ്ങി നിൽക്കും
ഒരു മാത്ര  ഭൂമി അതിൽ മുഖം നോക്കും
പിന്നെ പിടഞ്ഞ് മണ്ണിൽ
വീണ് പൊട്ടിച്ചിതറും







Monday, October 5, 2015

നുറുങ്ങുകൾ 29

ആഗ്രഹിക്കുന്നു
നേടുന്നു
വീണ്ടും ആഗ്രഹം തോന്നുന്നു
വീണ്ടും നേടുന്നു
പിന്നെയും  ആഗ്രഹം
പിന്നെയും നേട്ടം

പരിധിയില്ലാത്ത അസംബന്ധമാണ് ജീവിതം
 അശ്ലിലമായ ഫലിതവും

************
                            
മറ്റാരുടെയോ ജീവിതം
ജീവിച്ച് തീർക്കുമ്പോൾ
ലോകം നമുക്കെന്നും
പകരമില്ലാത്ത
പാകമാവാത്ത ഉടുപ്പാണ്


Thursday, September 24, 2015

നുറുങ്ങുകൾ 28

അറിയില്ല
എന്ന് പറയാൻ
അധികം പേർക്കും
അറിയില്ല
********

 എവിടെയാണെങ്കിലും
ഓർമ്മിക്കുന്നുവെന്നോർക്കാൻ
ഒരു ലൈക് മതി
ഡിസ് ലൈക്കെങ്കിലും
*********

രാവിന്റെ തണുത്ത 
വെയിലാണ് നിലാവ് 
ഇരുളിന്റെ കുളിരിലും 
ആര്ദ്രമാം സൂര്യ സ്പ്ര്ശം


Monday, September 14, 2015

ശീർഷകമില്ലാത്ത കവിതകൾ 1

കുഞ്ഞ് വിശന്ന്കരഞ്ഞ്
 തളർന്നുറങ്ങുമ്പോൾ
വറ്റിയ മുലയുമായ് അവളും
ഒഴിഞ്ഞ കീശയുമായ് അവനും

അത്താഴം കഴിഞ്ഞ്
സുഖനിദ്രക്കായ്‌
ഞാൻ അൽപ്പം
നടക്കാനിറങ്ങുമ്പോൾ

എവിടെയൊക്കെയോ അവർ
സ്വന്തം നിഴലിൽ
മുഖം കുനിച്ച്
കല്ലിച്ചിരിപ്പുണ്ടാകും

Friday, August 28, 2015

ഓണാഘോഷം



ഇന്ന്
ഓണം
ഹാപ്പി ഓണം
ഓണാശംസകൾ
സെയിം ടു  യു
താങ്ക് യു
പത്തു മണി
അത് കഴിഞ്ഞു
പിന്നെ
ഉച്ചക്ക് ഓണസദ്യ
തട്ടിവിട്ടു
ചവച്ചു തുപ്പിയ
ഓണ സ്മൃതികളും
ടീവി കണ്ടു
ശർദ്ദിക്കാൻ വരുന്നു
ഇനി ഒന്നുറങ്ങണം
രാത്രി ഡ്യൂട്ടിയുണ്ട് 

Monday, August 24, 2015

നുറുങ്ങുകൾ 27



ജീവിതം
മരണം
രണ്ടും അവസാനിക്കുന്നത്
പൂജ്യത്തിലാണ്
രണ്ടിനും പൊതുവായുള്ളതും
പൂജ്യം മാത്രം .
***********
പച്ചയായ ജീവിതമെന്ന്
പറയുന്നതെപ്പോഴും
തീരെ പച്ചയില്ലാത്ത
ജീവിതങ്ങളെയാണ്
***********


Monday, August 17, 2015

നുറുങ്ങുകൾ -26

ഇന്നലെകളെ മായ്ക്കാനാവില്ല
ഇന്നിനെ മാറ്റാനാവില്ല
നാളയെ അറിയാനുമാവില്ല
എങ്കിലും ജീവിതം
സ്വന്തമാണ് ,സ്വതന്ത്രവും

Wednesday, July 1, 2015

മേരി
____

മറിയം,
എന്‍റെ ദൈവത്തിന്
നിന്റെ മുഖമാണ്
കരുണയിലും വേദനയിലും നനുത്തത്
*****
പിതാവും
പുത്രനും
പരിശുദ്ധാത്മാവും
നീയെവിടെ?
*****
കുരിശില്‍ നിന്നിറക്കിയത്
നിന്‍റെ കൈകളിലേക്കാണ്
ഇത്രയും സ്നേഹാര്‍ദ്രമായ സമ്മാനം
സ്വന്തമായില്ല ആര്‍ക്കും ഇതുവരെ
*****
വിശുദ്ധമായ രഹസ്യമാണ് നീ
നിന്‍റെ നിഗൂഡതയുടെ മേലാണ്
ഞങ്ങളുടെ ഭാവനകളത്രയും
*****