Pages

Friday, January 16, 2015

സ്മരണ

ഇന്ദിരാജിയെ സ്മരിക്കുമ്പോൾ
സിക്കുകാരെ ഓർക്കരുത്‌
രാജിവ്ജിയെ സ്തുതിക്കുവാൻ
പേരറിവാളനെ അറിയരുത്
പ്രഭാകരനെ കൊണ്ടാടുമ്പോൾ
സിംഹളരെ മാത്രമല്ല
തമിഴരെയും കാണരുത്
സദ്ദാമിൻറെ വീരഗാഥയിൽ
ഇറാക്കിനെ മറക്കണം

നമോ നമ: പാടുവാൻ
ഓർമ്മ മാത്രം പോര
ബോധവും ഇല്ലാതാവണം
മറവിയുടെ മലമുകളിലാണ്
വാഴ്ത്തപ്പെടുന്നവരുടെ
ആരുഡങ്ങളധികവും 

Thursday, January 8, 2015

ഓർമ്മകുറിപ്പ്

ഓർമ്മകളുടെ
ഓർമ്മയാണ്‌ കവിത 
*****
ഓർമ്മയടെ 
പരിഭാഷയിൽ
വാക്കുകൾ
നിലവിളിക്കുന്നു
******
ഓർക്കുവാൻ ഏറേ
മരണങ്ങളുണ്ട്
മറക്കാൻ പഠിക്കുന്ന
ഓരോ ജീവിതത്തിലും
******
അവയവം
ദാനം ചെയ്യുംപോലെ
മരിക്കുമ്പോൾ
ഓർമ്മകൾ
ദാനം ചെയ്യാനാവുമോ ?
*******
 ആദ്യം പിരിയുന്നവരാണ്
ഓർമ്മകളിൽ
അവസാനമെത്തുക
 

Wednesday, December 31, 2014

2015
happy birthday to you

Friday, December 26, 2014

നുറുങ്ങുകൾ - 24

നുറുങ്ങുകൾ - 24
-------------------------

മതം

തമം
തിരിഞ്ഞു പോയതാവാം
മതം.
******

ചോദ്യങ്ങൾ
ഉപേക്ഷിച്ചവരുടെ
തൊഴുത്താണ്
 വിശ്വാസം
*******
വിവാഹം

ഒരു സ്വപ്നം
സത്യമായി തീരുമ്പോൾ
അതിലേറെ സത്യങ്ങൾ
 സ്വപ്നമായ് മാറും
******
പ്രവാസം 

ഒടുവിൽ
ഓരോ പ്രവാസിയും
നാടുകടത്തപെടുന്നത്
നാട്ടിലേക്കാണ്
*******

Thursday, December 4, 2014

വിളി

എന്തൊക്കെയുണ്ട് വിശേഷം ?-
പ്രിയ സുഹൃത്തേ
വല്ലപ്പോഴും വിളിക്കുമ്പോൾ
ചതഞ്ഞരഞ്ഞ ഈ ക്ലീഷേ
ഒഴിവാക്കുക
കണ്ണ് നഷ്ടപ്പെട്ടവനോട്
കാഴ്ച്ചകൾ വർണ്ണിക്കരുത് .
*
ചില വിളികൾ അങ്ങനെയാണ്
പ്രകൃതിയുടെ വിളി പോലെ
സമയമാകുമ്പോൾ സംഭവിച്ച് പോകും
ഒന്നിനുമല്ല
ഒന്നുമില്ല
ഇല്ലെങ്കിൽ
മുട്ടിയിട്ടും പോകാത്തത് പോലെ
*
പറയാനുള്ളത് കേൾക്കാറില്ല
കേൾക്കാനുള്ളത് പറയാറില്ല
എന്നിട്ടും
വിളിച്ചുകൊണ്ടിരിക്കുന്നു
കേട്ടുകൊണ്ടും
*
വിളികൾ നിലച്ചു
ചാറ്റും മടുത്തു
ഇനി
Whats up ?
 

Sunday, November 9, 2014

ഓർക്കാൻ ഒത്തിരി നോവും
നനയാൻ ഇത്തിരി കനവും ,
നിന്നെ എഴുതാൻ
എനിക്ക് വാക്കെന്തിന് ?
******

 

Friday, November 7, 2014

നുറുങ്ങുകൾ 23

തീരെ ചെറി യവരാണ്
അകത്തെ വലിയ  പീഠങ്ങളിൽ
വലിയവർ
പുറത്തെ വെയിലത്തും .
**********
വിജയികളായി എണ്ണുന്നവർ
കൂടുതൽ പണം നേടിയവരാണെങ്കിൽ
ലോകം തോറ്റവരുടെതാണ് .
**********

ലോകം വിജയിച്ചവരെ തെരയുന്നു
എന്തായിരുന്നു മത്സരം ?
ഇവർ ആരെയാണ് തോൽപ്പിച്ചത്?
***********

ചിലരെ  ഒരു  നോക്കിലറിയാം
ചിലരെ  ചില  വാക്കിലും
ചിലരെയറിയാനൊരു
ജീവിതം  പോര
**********
 

Thursday, October 9, 2014

തടവുകാർ

എന്റെ തൃഷ്ണകൾക്ക് മേൽ
അവർ പാപത്തിന്റെ മുദ്ര ചാർത്തി

എന്റെ ഇഛകളെ പ്രാക്താനമായൊരു
ഗോത്രബോധ യുക്തിയാൽ ആശ്ലിലമാക്കി

അരാജകന് നേരെ എയ്ത അമ്പ്‌
എൻറെ സ്വാതന്ത്ര്യത്തിന്റെ  നെഞ്ചിൽ തറഞ്ഞു

നിങ്ങളുടെ ശരികൾ വിശ്വാസത്തിന്റെ
പിന്തുടർച്ചകൾ  മാത്രം
എന്റേത് എന്റെ മാത്രം തോന്നലുകളും

എങ്കിലും

ഞാനും നിങ്ങളും 
നമ്മുടെ ശരിയുടെ തടവുകാർ
ലോകത്തിന്റെ  ന്യായാധിപരും

 

Wednesday, October 1, 2014

നിൽപ്പ്


നിലയില്ലാത്ത നിൽപ്പ്
നില തേടുന്ന നിൽപ്പ്
നിലനിൽപ്പിന്റെ നിൽപ്പ്
നിലപാടിന്റെ നിൽപ്പ്

നിൽക്കുന്നവന്റെ സഹനം
ഇരിക്കൻ തറ കിട്ടും  വരെ
കിടക്കാനിടം കിട്ടും വരെ

വയറുകത്തി നിൽക്കുമ്പോഴും
വീര്യം പൂത്തു നിൽക്കട്ടെ .

Friday, September 5, 2014

രാത്രി

അസ്ഥികൾ ചില്ലയായ് വേവുന്നു
 അപ്പം ചാരമായ് തിന്നുന്നു
തിരിച്ചെടുക്കും മുമ്പേ ഈപാനപാത്രം
 ഒരിക്കലെങ്കിലും നിറഞ്ഞിരുന്നെങ്കിൽ

 ഒലിവ് തോട്ടത്തിലെ ഇരുളിൽ 
രാവിൽ ഞാൻ വിലങ്ങണിയും
 വെളിച്ചം വെള്ള കീറും മുമ്പേ
 ഒരു വാക്കെങ്കിലും 
നീതി തേടുമോ 

ചുംബനത്താൽ 
ഒറ്റുകൊടുക്കപ്പെട്ടവനും
 ഒറ്റപ്പെടുകയും ചെയ്തവൻ 
ഞാൻ മാത്രമായതെന്തേ 

നീ കാരണം തേടി ഉഴറുമ്പോൾ
 ഞാൻ മരണം രുചിക്കും
 ഓർമ്മയുടെ മുള്ളുകൾ
 തീ പിടിച്ച പ്രജ്ഞയിൽ രക്തം നുണയും .

 കഷ്ടരാത്രിയിൽ ഞാൻ 
ഇരുളിന്റെ പൊരുളറിയുന്നു