ബുദ്ധനെ കല്ലെറിയൂ
അത് പൂക്കളായ് തിരിച്ചുവരും
*********
മരങ്ങൾക്ക് ഭാരം കിളികൾ മാത്രം
പുല്ല് താങ്ങുന്നത് ആനയെ
*********
ഇടവഴിയിലെ
ഭീകരമൂർഖൻ
തല്ലികൊന്നപ്പോൾ
ചേരയായി
*********
പുഴയിൽ നീന്തുന്ന മീൻ
പുഴ കാണുന്നില്ല
പുഴ കാണുന്ന ഞാൻ
പുഴയെ അറിയുന്നുമില്ല
*******
പുഴ ഒഴുകുന്നു
പുഴയിൽ മുഖം നോക്കി ആകാശവും
അവളൊന്നു ചിരിച്ചാൽ
അവനതിൽ അലിഞ്ഞു പോകും
*******
എല്ലായിടവും മഞ്ഞു പെയ്യുന്നുണ്ട് ഓർത്തുവെക്കുന്നത് ഇലകൾ മാത്രം *********** മഞ്ഞും മരവും രാവിൽ ചെയ്തതിന്റെ ചെറു പുഞ്ചിരിയാണ് ഇലത്തുമ്പിലെ ജലബിന്ദു . *********** ആഴങ്ങൾ താണ്ടുന്നു വേരുകൾ ആകാശം തേടുന്നു ചില്ലകൾ രണ്ടറ്റത്തേക്ക് പാഞ്ഞിട്ടും മരങ്ങൾക്ക് ചലനമില്ലത്രേ **********