Pages

Monday, December 27, 2010

ഡിസംബര്‍

ഡിസംബര്‍
മഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു
എന്റെ സിരകളിലും

ഇനിയും മരിക്കാത്ത സ്വപ്‌നങ്ങള്‍ ഹോമിച്ചു നിനക്ക് ചൂട് പകരാം
എന്റെ ഇരുള്‍ വഴിയില്‍ ഒരു തിരി പകരം വെക്കുക
നിനക്കേകിയ പ്രണയ സാഗരത്തില്‍ നിന്നൊരു തുള്ളി
എന്റെ നെഞ്ചിലെ അണയാക്കനലില്‍ അര്‍പ്പിക്കുക
ചോര ചാലിച്ച് ഞാന്‍ എഴുതിയ വരികളിലൊന്ന്
അന്ത്യോദകമായ്  മന്ത്രിക്കുക
നമ്മള്‍ നടന്നു തീര്‍ന്ന വഴിയില്‍ നിന്നൊരു പിടി മണ്ണ്
നിനക്ക് പിറക്കും മകന് ആദ്യാക്ഷരം കുറിക്കാന്‍ കരുതുക

എന്റെ രക്തം വീഞാകുമെങ്കില്‍ നിന്റെ ദാഹം തീര്‍ക്കുക
ശരീരം അപ്പമാക്കി വിശപ്പടക്കുക
ഹൃദയം മാത്രം ചവച്ചു തുപ്പരുത്
അതിന്റെ ആഴങ്ങളില്‍ നിന്റെ കണ്ണീരുണ്ട്

Friday, December 3, 2010

കുടുംബപുരാണം

വക്ക് പൊട്ടിയ വാക്കിന്റെ വക്കിലെ വറ്റിനായ്
നാവ് മുറിഞ്ഞവന്‍ എനിക്കച്ചന്‍
തിരിച്ചുവരാത്ത മകനെയോര്‍ത്ത് നിലക്കാത്ത നിലവിളിയാല്‍
മൂകയായവള്‍ എന്റെ അമ്മ
പിറക്കാതെ പോയ കുഞ്ഞിന്റെ നെഞ്ഞിടിപ്പിനാല്‍ ബാധിരയായ വള്‍ എന്‍ സഖി
കരുണ തേടി മുള്‍മരം പുല്‍കി
അന്ധയായവള്‍ എനിക്ക് മകള്‍
കൂട്ടം തെറ്റിയ ആടിനെ തേടി പുലി മടയില്‍
അലഞ്ഞവന്‍ എന്റെ സുഹൃത്ത്
ചോര കൊണ്ട് നേര് തിരയാന്‍
മാറ് പിളര്‍ന്നവന്‍ എനിക്ക് മകന്‍
തൊണ്ടിന്നുള്ളിലെ  ഇരുള്‍ പുതപ്പില്‍
 നിത്യം സ്വസ്ഥംഉറങ്ങു ന്നവന്‍ ഞാന്‍