Pages

Friday, January 16, 2015

സ്മരണ

ഇന്ദിരാജിയെ സ്മരിക്കുമ്പോൾ
സിക്കുകാരെ ഓർക്കരുത്‌
രാജിവ്ജിയെ സ്തുതിക്കുവാൻ
പേരറിവാളനെ അറിയരുത്
പ്രഭാകരനെ കൊണ്ടാടുമ്പോൾ
സിംഹളരെ മാത്രമല്ല
തമിഴരെയും കാണരുത്
സദ്ദാമിൻറെ വീരഗാഥയിൽ
ഇറാക്കിനെ മറക്കണം

നമോ നമ: പാടുവാൻ
ഓർമ്മ മാത്രം പോര
ബോധവും ഇല്ലാതാവണം
മറവിയുടെ മലമുകളിലാണ്
വാഴ്ത്തപ്പെടുന്നവരുടെ
ആരുഡങ്ങളധികവും 

Thursday, January 8, 2015

ഓർമ്മകുറിപ്പ്

ഓർമ്മകളുടെ
ഓർമ്മയാണ്‌ കവിത 
*****
ഓർമ്മയടെ 
പരിഭാഷയിൽ
വാക്കുകൾ
നിലവിളിക്കുന്നു
******
ഓർക്കുവാൻ ഏറേ
മരണങ്ങളുണ്ട്
മറക്കാൻ പഠിക്കുന്ന
ഓരോ ജീവിതത്തിലും
******
അവയവം
ദാനം ചെയ്യുംപോലെ
മരിക്കുമ്പോൾ
ഓർമ്മകൾ
ദാനം ചെയ്യാനാവുമോ ?
*******
 ആദ്യം പിരിയുന്നവരാണ്
ഓർമ്മകളിൽ
അവസാനമെത്തുക