Pages

Wednesday, February 20, 2013

നുറുങ്ങു കഥ

പുതിയ നിയമം 
_________________

നഗരത്തില്‍ ആള്‍കൂട്ടത്തിന്‍റെ നടുക്ക് ജോഷ്വയും മേരിയും .
അയാളുടെ പിറകില്‍ അവള്‍ നിസ്സംഗയായ് നിന്നു.  ജനത്തിന്‍റെ ആക്രോശം
കൂടിക്കൂടി വന്നു. അയാളുടെ മുഖം എപ്പോഴുമെന്നപോലെ ശാന്തമായിരുന്നു. 
ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി പോലുമുണ്ടായിരുന്നു .

    ജോഷ്വ ബഹളം വെക്കുന്ന ജനത്തിന് നേരെ കൈകളുയര്‍ത്തി. അവര്‍ നിശ്ശബ്ദരായ്.
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ '

                  *                        *                        *

     കല്‍ക്കൂമ്പാരത്തില്‍ നിന്ന്‌ ചോരയില്‍ കുളിച്ച് അയാളുടെ തോളില്‍ തൂങ്ങി
എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവളുടെ മുഖത്ത് വിളറിയതെങ്കിലും ഒരു ചിരി പടര്‍ന്നു
"എന്‍റെ മാഷേ ,ഈ നമ്പറെല്ലാം പഴകിപ്പോയ് '
അവിടെ  ആരുമുണ്ടായിരുന്നില്ല. പാപികളല്ലെന്നു തെളിയിച്ച ആള്‍ക്കൂട്ടം അടുത്ത ഇരയെ തേടി പോയിരുന്നു 


Monday, February 11, 2013

നീ വരും നേരം


നിന്നോടെനിക്കൊരുപാധി മാത്രം 
ഒരുനാള്‍ നീ എന്നെ തേടിയെത്തുമ്പോള്‍
ഒരു വിളിപ്പാടകലെ നിന്‍റെ കാലൊച്ച കേള്‍ക്കണം
ഇന്നലെയോടൊന്നു നന്ദി ചൊല്ലാന്‍
ഓര്‍മ്മതന്‍ മാറിലൊന്ന് മുഖമമര്‍ത്താന്‍
ശാന്തനായ് നിന്നെ അനുഗമിക്കാന്‍ .

പ്രാണന്‍റെ നാളം പടുതിരികത്തുമ്പോള്‍
ഒരു സ്വപ്നമുള്ളില്‍ അണയാതിരിക്കണം .
വിറങ്ങലിക്കുന്ന വിരല്‍ത്തുമ്പില്‍ 
എഴുതാതെ പോയൊരു കവിതയുണ്ടാവണം .

പെരുവിരലിലാവും ഒടുക്കത്തിന്‍ തുടക്കം
ആദ്യം ചലനങ്ങളെല്ലാം വിലങ്ങുവെക്കും
നിശ്ചലനായ് ഞാന്‍ വിധേയനാവും
ശൈത്യമാര്‍ന്നൊരു സ്പര്‍ശം കാലില്‍ പരക്കും

അരക്കെട്ടിലെ അഗ്നിയും തണുപ്പരിക്കും
ജOരാഗ്നിയും മരവിച്ചടങ്ങിയാല്‍ പിന്നെ 
ആവശ്യങ്ങളെല്ലാം വിടപറയും
നെഞ്ചിലെ ചൂടാറും നേരം
വികാരങ്ങളെല്ലാം പടിയിറങ്ങും .

തൊണ്ടക്കുഴിയില്‍ നിശബ്ദം പിടിമുറുക്കി
നീയെന്‍റെ വാക്കുകള്‍ മുദ്ര വെക്കും
വിഷലിപ്തമൊരു ചുംബനത്താലെന്‍റെ 
ചുണ്ടുകളില്‍ നീല നിറം നിറയ്ക്കും
സ്വരവും രുചിയും കൂടൊഴിഞ്ഞ നാവിറങ്ങും  

മഹാദാനം കണ്ണും കാതും സമാന്തരം
നിന്‍റെ മാന്ത്രിക കൈകള്‍ മൂടിവെക്കും 
ഇനി വെളിച്ചത്തിന്‍ അജ്ഞേയമാം മറുപുറം മാത്രം
മൗനമൊരു കച്ചയായ് എന്നെ പൊതിഞ്ഞു കെട്ടും

ഒടുവില്‍ നീയെന്‍റെ പ്രജ്ഞയില്‍ വിരലമര്‍ത്തും
നമ്മള്‍ മുഖാമുഖം കാണുന്നതിവിടെ മാത്രം 
ഊര്‍ധ്വന്‍റെ ജ്വാല ഊതിക്കെടുത്തി
എന്നിലെ എന്നെ നീ തിരിച്ചെടുക്കും

എന്‍റെ യാത്ര 
ആദ്യമറിയുന്നത് ഞാനായിരിക്കും .