Pages

Sunday, January 27, 2013

ഒരു സര്‍റിയലിസ്റ്റിക് സായാഹ്നം



വാക്കിന്‍റെ തൊലിയുരിച്ച്
കാണാകമ്പിയില്‍ കൊരുക്കണം
ഓര്‍മ്മയുടെ കനലില്‍ ചുട്ടെടുക്കണം
മുറിവായില്‍ അന്വയമായ്
എരിവും ഉപ്പും പുരട്ടണം
ചൂടാറുംമുമ്പേ രണ്ടുവിരലില്‍ പിച്ചിയെടുക്കണം

അല്‍പ്പം
അല്‍പ്പാല്‍പ്പമായ് ടക്വീല
നാരങ്ങ നൊട്ടി നുണയണം
നേര്‍ത്ത വെളിച്ചം മാത്രം  ,
സിത്താറിന്റെ മാറില്‍
അനുഷ്കയുടെ മായിക വിരല്‍സഞ്ചാരം
ഫ്ലമെങ്കൊ നല്‍കും   മേല്‍ സ്ഥായികള്‍ .

പതുക്കെ
പതുക്കെപതുക്കെ  വേണമെല്ലാം
ദാലിയുടെ വാച്ചിലെ സമയം മതി *
നോവും ആനന്ദമായുള്ളില്‍ നിറയട്ടെ
സ്നേഹാര്‍ദ്രമാവട്ടെ ഓരോ തരിമ്പും

ഒടുവില്‍
ഒടുവില്‍മാത്രം അവളോട് ചേരുക
ഹൃദയം നിറഞ്ഞ് ,
പ്രണയിനിയുടെ കാതില്‍ ചുണ്ട് ചേര്‍ക്കുക
is it  me, are you looking for?**
______________________________________________
* സാല്‍വഡോര്‍ ദാലിയുടെ  പെയിന്റിംഗ്
**ലയണല്‍ റിച്ചി യുടെ  ഗാനം ' ഹലോ' .


Wednesday, January 16, 2013

ഗാന്ധി

stock photo : Indian Rupee bank notes background

എല്ലാ കൂട്ടികൊടുപ്പിനും സാക്ഷിയാണ് ഗാന്ധി

മണലൂറ്റാനും
മലതുരക്കാനും 
കാടെരിക്കാനും 
ഇടനിലക്കാരന്‍ ഗാന്ധി .

രാവില്‍ മുലകള്‍ക്കിടയില്‍ നനയുന്ന ഗാന്ധി 
സാറിന്‍റെ കൈമടക്കില്‍  ചുക്കിച്ചുളിഞ്ഞ ഗാന്ധി 
 വലിയ ദൈവങ്ങള്‍ക്ക് ചുളിവ് വീഴാത്ത  ഗാന്ധി 
നമുക്ക്‌ മരുന്നിന് തികയാത്ത ഗാന്ധി .

കൊടികള്‍ക്കെല്ലാം വടിയാണ് ഗാന്ധി 
നയിക്കുന്നവന്  നാവിന്‍റെ ബലമാണ്‌ ഗാന്ധി
കാവിക്കും പച്ചക്കും ഒരുപോലെ  പ്രിയനാണ് ഗാന്ധി
നമ്മെ ഭരിക്കുന്നതെന്നുമീ ഗാന്ധി
നമ്മുടെ ഇഷ്ടദൈവവും ഗാന്ധി .

ഗാന്ധിയില്ലാതെ നമുക്കെന്താഘോഷം
എന്നിട്ടും ചിലര്‍ പുലമ്പുന്നു-
നമ്മള്‍ ഗാന്ധിയെ  മറന്നെന്ന്
ഇതിലുമപ്പുറം ഗാന്ധിസം നടപ്പാക്കുന്നതെങ്ങനെ ?



Tuesday, January 1, 2013

സ്നേഹപൂര്‍വ്വം

ദൈവത്തിന്റെ പേറ്റന്റ്  മതങ്ങള്‍ക്കാണ്
മാറ്റം വരുത്തുകയോ
പുനര്‍നിര്‍മ്മിക്കുകയോ അരുത്
പൊരുളിന്റെ നാനാര്‍ത്ഥം തേടിയവര്‍ക്ക്
അവര്‍ നല്‍കിയത് പര്യായങ്ങളത്രയും ..

ഒരു നാള്‍ നീ രക്ഷ നേടിയേക്കാം  -അന്ന്
എതിരേല്‍ക്കാന്‍  എന്റെയീ വാക്കുമാത്രം  .
മറുവാക്ക് ചൊല്ലുവാന്‍ നീ എന്റെ ഭാഷ പഠിക്കും
ബാബേലിന്റെ പണിതീരാ പടിയിലിരുന്ന് ഞാനത് കാണും
ഒറ്റപ്പെടലിന്റെ വേദന എന്നെക്കാള്‍
നിനക്കാവും തിരിച്ചറിയുക

ചെയ്തികള്‍ ചികഞ്ഞ് ശിക്ഷിക്കാന്‍ -
കാത്തിരിക്കുന്ന ദൈവം -
നിനക്കും മടുക്കുന്നുണ്ടാവും
ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ നമുക്ക് തോളില്‍ കയ്യിടാം
നിന്നെക്കാള്‍ ഒട്ടും താഴെയല്ല ഞാന്‍ .

ബലി നല്‍കിയ വാക്കിന്‍റെ മുറിവായില്‍
ജീവനൂതിപ്പെരുക്കി ഇനിയും ഞാനലയും ,
കരയാനറിയുന്ന ദൈവത്തെ കാണുംവരെ .