Pages

Thursday, December 27, 2012

വാര്‍ദ്ധക്യസഹജം

ഇന്നലെ പഴയ പുസ്തകത്താളിലാണ്‌ നിന്നെ കണ്ടത്
വജ്രം  പോലൊന്ന് എന്നെ കടന്നു പോയ്‌ .
അലയൊടുങ്ങാതൊരു  കടലുള്ളിലുണ്ടെന്നറിഞ്ഞു .

പണ്ടെന്നോ നിലച്ച വീണതന്നുടലില്‍
നിന്‍ വിരല്‍പ്പാട് മാത്രം
ആരും തുറക്കാത്ത മനസ്സിന്‍റെ താളില്‍
നീ ചാര്‍ത്തിയ കയ്യൊപ്പ് മാത്രം
ഒരു പൂമരമുള്ളില്‍ കത്തുമ്പോഴും
ഒരു പൂവിനായ് നീറിയ യൗവ്വനം .

അത്ഭുതമൊന്നും സംഭവിക്കില്ല .

എന്നിലെന്ന പോലെ നിന്നിലും
ജീവിതം മുദ്രകള്‍ ചാര്‍ത്തിയിരിക്കും  .
എങ്കിലും ആ മറുക് അതുപോലെയുണ്ടാവും
(മറുകുകളില്‍ കാലം ചുളിവ് വീഴ്ത്താറില്ല )

ഇനിയൊരിക്കലും കാണാതിരിക്കട്ടെ ,

ഓര്‍മ്മയിലെ മുഖം മതിയെനിക്ക്
നിനക്ക് എന്‍റെയും .





Sunday, December 16, 2012

നുറുങ്ങുകള്‍ -7

അടുത്തപ്പോള്‍ അകലെയാണെന്ന് തോന്നി
അകന്നപ്പോള്‍ അറിയുന്നു
നീ എന്റെ അകത്തായിരുന്നെന്ന് .
______________

അക്കരെ നില്‍ക്കുമ്പോഴും
ഇക്കരെ മരുഭൂമിയായിരുന്നു .
ഇക്കരെ നില്‍ക്കുമ്പോള്‍
അക്കരെയും തരിശായ് മാറി .
_______________

സ്ത്രി
ദേവിയാണ്
അമ്മയാണ്
പ്രകൃതിയാണ്

സ്ത്രീയെ  സ്ത്രീയെന്നാരും  വിളിക്കാത്തതെന്തേ ?
_______________


ആംബുലന്‍സിന്‍റെ പേര് പോലെയാണ് മരണം
മുമ്പേ പായുന്നവര്‍ക്ക് തിരിഞ്ഞു
നോക്കാതെ വായിക്കാനാവും
ഒഴിഞ്ഞു മാറാനല്ല
കീഴടങ്ങാന്‍ .
________________

Wednesday, December 5, 2012

കാണാപ്പുറം

എന്റേത്
ഒരു പഴയ ഭ്രാന്ത് 
എനിക്കും മുമ്പേ പിറന്നത് 

ആദിപിതാമഹന്‍ ഗുഹാഭിത്തിയില്‍ 
കല്ലുകൊണ്ട് കോറി ശമനം തീര്‍ത്തത് .

എന്റേത് 
കാണക്കര തേടി കപ്പലോട്ടിയാവന്റെ ദാഹം 
തിരകളില്‍ കാല്‍വെച്ചു നക്ഷത്രമെണ്ണിയവന്റെ ജ്വരം 
ജഡനഗ്നത കീറി ചലനം കണ്ടെത്തിയവന്റെ ഭ്രമം 

മരണവുമായ് ചൂതാടി തളര്ന്നവന്റെ  ചുഴലി 
മുറിവേറ്റ കാതില്‍ പിടയുന്ന പ്രണയം 

എന്റേത് 
മണല്‍ ഘടികാരത്തിന്‍റെ ഒഴിഞ്ഞ മേലറയിലെ 
ഇടവും കാലവും 
നിതാന്ത വിഭ്രാന്തിയും