Pages

Thursday, October 13, 2016

അസംബന്ധ കവിതകൾ :17

ജാതി
ജന്മനാ ലഭിച്ചത്
ജീവിച്ചു  ശീലിച്ചത്
മരിച്ചാലും മായാത്തത്
**********

മതം
പണമുള്ളവന്റെ  പട്ടുകുപ്പായം
പാവങ്ങളുടെ ചർമ്മരോഗം
***********

ദൈവം
എല്ലാറ്റിനും മുകളിൽ
നമ്മളുറപ്പിച്ച
സി സി ടീ വി  ക്യാമറ






  

Saturday, October 1, 2016

കത്തിക്കാളിയ കാലം

ഫ്രഞ്ച് പ്ലേറ്ററിൽ  വാഴപ്പിണ്ടി തോരൻ
ക്രിസ്റ്റൽ ടംബ്ലറിൽ കട്ടൻ ചായ
ഇറ്റ്സ് യമ്മി
യാത്ര ചൊല്ലി ചങ്ങാതി പോകുമ്പോൾ
അന്നത്തെ അന്നം തീർന്നിരുന്നു

വയറ് കത്തിക്കാളുമ്പോൾ
നീറിപ്പടരുന്നത്
ഇല്ലായ്മയിൽ മൂർച്ഛിക്കും  അഭിമാനബോധം

നാളേക്ക് ഒരുമണി അറിയില്ലാതാവുമ്പോൾ
നോക്കാൻ  ഭയക്കുന്നത്
കുഞ്ഞുങ്ങളുടെ മുഖമാണ്

വിലയേറിയ സ്വപ്നം
ഒരു  നേരത്തെ ആഹാരമാകുന്ന
പീഢനത്തോളം വരില്ല
ബുദ്ധനും ക്രിസ്തുവും

ഒട്ടിയ വയറുമായ്
ചേർന്ന് കിടക്കുമ്പോൾ
 പ്രാണൻ പിടഞ്ഞു 
നീയേകിയ  ചുബനത്തിൽ
 ഇന്നും കിനിയുന്നു നനവ്