Pages

Friday, August 19, 2016

അസംബന്ധ കവിതകൾ : 15

എന്റെ  ഇരുട്ടിന്
നീ ഏഴ് നിറങ്ങളും പകർന്നു
എന്നിട്ടും ഞാൻ  വരച്ച
മഴവില്ലെന്തേ   കറുത്തുപോയി
*******
എല്ലാം കൊഴിഞ്ഞു
പോകുന്നുണ്ട്
വാക്കുകളും
നിറങ്ങളുമൊഴികെ
*********
മടുപ്പ്
മോക്ഷമാണ്
നിശബ്ദമായ് ജീവിക്കാം
ചിരിച്ചു കൊണ്ട് മരിക്കാം
*********
മനുഷ്യ സ്നേഹം
എനിക്കേറെ ഇഷ്ടം
 ഇനിയും മനുഷ്യനെ
സ്നേഹിക്കാൻ പഠിച്ചില്ല

Wednesday, August 10, 2016

അസംബന്ധ കവിതകൾ 14

ഉണ്മ എന്തെന്ന്
അറിയാമെന്നിരിക്കെ
വിവരണങ്ങൾ
എത്ര വിരസമാണ്
*******

ഞാൻ വരഞ്ഞ
 കാട് മാത്രം നീ  കണ്ടു
അതിൽ മരങ്ങളും
മരങ്ങൾക്കിടയിൽ
കാറ്റുമുണ്ടായിരുന്നു
********

സന്തോഷങ്ങളിൽ
നിങ്ങൾ സ്വയം നഷ്ടപ്പെടുന്നു
ദുഃഖത്തിൽ
നിങ്ങളത് തിരിച്ചെടുക്കുന്നു





Monday, August 1, 2016

സിനിമ പരഡിസോ

ശ്രീകൃഷ്ണ ഇന്റർനെറ്റ്  കഫേയുടെ സ്ഥാനത്തായിരുന്നു
പുഷ്പ ടാക്കീസിന്റെ കറുത്ത കരയുള്ള വെള്ളിത്തിര
അവിടം മുതൽ ചോയ്സ് ഫാഷൻസ് വരെ
തറക്ലാസ്സ്
*
തറയാണ്   ആദ്യം നിറയുക
ക്യൂട്ടിക്കുറയുടെ മണം  പരത്തി
 മാറുന്ന പടത്തിന്റെ  ആദ്യ ഷോവിനെത്തും  സരസു
വറീതിന്റെ ചുണ്ടിൽ ബീഡിയില്ലാത്ത രണ്ടു മണിക്കൂർ
നസീറിന് ഇടി കൊണ്ടാൽ കരയുന്ന കൊച്ചമ്മു
ജയഭാരതിയുടെ വീണക്കുടം പോലൊന്ന്
രാജപ്പന്റെ സ്വാപ്നങ്ങളിൽ പോലുമില്ലായിരുന്നു
അച്ചാണിയും അയോധ്യയും കറങ്ങി തീരുമ്പോൾ
മൂക്കു പിഴിയലും ഏങ്ങലടിയും
*
പളനിയെക്കാൾ ചെമ്പന്കുഞ്ഞിനെ ഓർക്കുന്നവർ
തനിയാവർത്തനം കണ്ടു കണ്ണ് നിറഞ്ഞു
പടയോട്ടം  കണ്ടു കൺ മിഴിച്ചു
ഗ്യാപ് പടത്തിന് ബിറ്റും മടിയിൽ തിരുകി വരും
 സാമി വൈകിയാൽ പരക്കം പായും  ദാസേട്ടൻ
*
കാലിന്നിടയിൽ കയ്യും തിരുകി കിടന്ന്
വെള്ളത്തുണിയിൽ നിന്നാവഹിച്ചിറക്കുന്ന
അനുരാധയും സിൽക്കും  പ്രമീളയും
ശ്രീകൃഷ്ണയിലിരുന്ന്  വിരലൊന്നമർത്തിയാൽ
ഇപ്പോഴും അവർ ഇറങ്ങി വരും
*
കുമാരൻ കിരീടം  മുപ്പത് തവണ കണ്ടു
ഓരോ ഷോവിനും തിലകൻ
'മോനെ കത്തി താഴെ ഇടെടാ'
എന്ന് പറയുമ്പോൾ അയാൾ
കണ്ണ് തുടച് ഇറങ്ങിപ്പോകും
ആയാളും മകൻ  ഷാജിയോട് ഇത് പറഞ്ഞിട്ടുണ്ട്
പക്ഷെ  അവനും കത്തി താഴെയിട്ടില്ല
അയാളുടെ കൈ ഇടത്തെ നെഞ്ചിലെ
മുറിപ്പാടിൽ  അറിയാതെ പരതും