തെരുവുനായ്ക്കളാണോർമ്മകൾ
ഏകാന്ത വീഥിയിൽ വാലാട്ടി പിറകെ വരും
നിർനിദ്രമാം ഇരുൾ നിലങ്ങളിൽ
കുരച്ചു ചാടും പുലരും വരെ
വഴിയറിയാതുഴറും കാട്ടുവഴികളിൽ
കടിച്ചു കീറും നിർദ്ദയം പ്രജ്ഞയെ
എങ്കിലും കൊല്ലാനാവില്ല
ആട്ടി അകറ്റാനുമാവില്ല
ഊട്ടാറുണ്ട് ഞാൻ പലപ്പോഴും
മുട്ടിയുരുമ്മാറുണ്ട് അവരെന്നെയും
തീരെ തനിച്ചാവും വിമൂക സന്ധ്യയിൽ
മുറിവുകൾ നക്കിതുടക്കാറുണ്ടവ
അലഞ്ഞലഞ്ഞു കൂടണയുമ്പോൾ
ചുരുണ്ടുകൂടും കാൽക്കീഴിൽ
വിട്ടുപോകരുതെന്നെ പാതിവഴിയിൽ
വിടില്ല ഞാനും മൃതിയെത്തും വരെ
എല്ലാം മറന്നുറങ്ങുമ്പോൾ
ഉമ്മറപ്പടിക്കപ്പുറം
ഇരുളിൻ മറവിൽ
കാവലായുണ്ട് നീ .