Pages

Thursday, April 24, 2014

പാതി







അവൻ വിധേയനായിരുന്നു
അവൾ അന്വേഷിയും
ദൈവം മറച്ചുവെച്ച മനോഹര ഭൂമി
നമുക്കായ് കണ്ടെടുത്തവൾ .
ആദ്യ വിപ്ലവത്തിന്റെ നായിക
ചോദിക്കാൻ പഠിപ്പിച്ചവൾ  .


ഭൂമിയിൽ വിമോചനത്തിന്റെ
വെളിച്ചം പകര്ന്നവൾ
അമ്മയായും പ്രണയിനിയായും
ഭാര്യയായും മകളായും
ഇവിടെ വസന്തം നിറച്ചവൾ
അവളുടെ പാതിയാണവൻ

പ്രാർഥിച്ചു തളരുമ്പോൾ
ഒരു നിമിഷം അവളെയോർക്കുക
ഒരു കനി അവൾക്ക് നൽകുക
ഒരു ദംശനത്താൽ മധുരം നിറച്ച്
അവൾ നിനക്കത് തിരിച്ചു നൽകും -
പുതിയ ഭൂമികൾ വീണ്ടെടുക്കാൻ

നന്ദിയോടൊരു വാക്ക് സാത്താനും .

Sunday, April 13, 2014

?










 ചോദ്യങ്ങൾക്ക് പിന്നിൽ
ഒരു വളഞ്ഞ കൊളുത്തുണ്ട്,
ചില ഉത്തരങ്ങളിൽ കൊളുത്തി വലിക്കാൻ .

തെറ്റായ ചോദ്യങ്ങൾക്കാണ്
 നാം ശരിയായ ഉത്തരം തേടുന്നത്
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് മേൽ
ഉത്തരം പോലൊന്ന് കമഴ്ത്തിവെക്കുന്നു
പിന്നെയും ചോദ്യം മുളയ്ക്കുന്നു .

ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല
ഉത്തരം അധികരിച്ച ചോദ്യമാണ് ചരിത്രം
ചിലപ്പോൾ ചോദ്യങ്ങൾ വേട്ടപട്ടികളാണ്
മരണം മാത്രം മറുപടിയാവും .

വഴിയിലുപേക്ഷിച്ച ചോദ്യങ്ങളെ
കാലം വീണ്ടും ചികഞ്ഞെടുക്കും
ഉത്തരം തേടാനല്ല
ഉത്തരമില്ലെന്നറിയാൻ

സ്വയം ചോദിക്കുമ്പോൾ മാത്രമറിയും
ചോദിക്കാതെ പോയ ചിലത്
പുകയുന്നുണ്ടുള്ളിലെന്ന്
പറയാതെ പോയ ഉത്തരങ്ങളും .