Pages

Friday, January 24, 2014

ബോണ്‍സായ്

ഇത്തിരി ചട്ടിയിൽ
ഇത്തിരി മണ്ണിലൊടുങ്ങും ജന്മം
ആരോ അദൃശ്ശ്യമാം കമ്പിയിൽ
വളച്ചെടുത്തൊരാകാരം .
ഇടയ്ക്കിടെ പറിച്ചെടുത്ത-
രിഞ്ഞു മാറ്റുന്നു വേരുകൾ .

ഒരു കിളിക്കും ചേക്കേറാനവില്ല
ഒരു പുഴുവിനും തണലാവില്ല
ആർക്കുമൊരു കനിപോലും നൽകാനില്ല

വെയില് കൊള്ളേണ്ട
മഴനനയേണ്ട
ജനലിനിപ്പുറം ഇത്തിരി ലോകം

ആരും മഴുവുമായ് വരില്ല
സുഖം സ്വസ്ഥo ജീവിതം
നമ്മൾ ബോണ്‍സായികൾ .

 

Monday, January 20, 2014

നുറുങ്ങുകൾ -17


ഒറ്റവാക്കിൻറെ നിഘണ്ടുവാണ്
പുതിയ കാലം -'achieve'
*********

വെയില് കൊള്ളുന്ന മരങ്ങളേ
തണലേകാറുള്ളൂ
*********

ആഴങ്ങളിലാണെല്ലാം
ചെളിയും ചിപ്പിയും
*********

എൻറെ  ശരികൾ
നിൻറെയും ശരികളാവുമ്പോഴേ
ശരിക്കും ശരിയാവു .
********

 

Tuesday, January 14, 2014

ബുദ്ധം

ആലിൻചുവട്ടിലുപേക്ഷിച്ച
അജീർണ്ണം ബാധിച്ചവന്റെ ജഡം
മരുഭൂമിയിലെ ചിതയിലെരിഞ്ഞു
ബലിയൂട്ടുമ്പോൾ ആരോ ചിരിച്ചിരുന്നു
തീർച്ചയായും
അത് അവനല്ല .

ചിരി അവരെല്ലാം പകുത്തെടുക്കും
നാളെ അശനിപാതമാവും
ചിരികൊണ്ട് മരണം
എല്ലാം തുടച്ചെടുക്കുമ്പോൾ
ആരോ ഒരാളുടെ കണ്ണ് നിറയും
തീർച്ചയായും
അത് അവനായിരിക്കും

 

Friday, January 3, 2014

നുറുങ്ങുകൾ (16 )

കുരിശേറിയ യേശുവാണ് മലയാളി
ഇടതും വലതും കള്ളന്മാർ .
_________
അന്ന് പിലാത്തോസ് കൈ കഴുകിയതേയുള്ളു ,
ഇന്നാണെങ്കിൽ പത്രസമ്മേളനം നടത്തും .
_________
കർത്താവ് മൂന്നാം നാൾ വന്ന് തിരിച്ചുപോയി .
ഇടംവലം നിന്നവർ ഇനിയും പോയില്ല .
_______
വിശ്വാസം സത്യമാക്കുന്നവർ
സത്യം വിശ്വസിക്കാറില്ല .
__________