Pages

Sunday, July 22, 2012

നയം-അനുനയം


(2009- സെപ്തംബര്‍,  പ്രവാസലോകം മാസികയില്‍ പ്രസിദ്ധീകരിച്ചത് )

നയം വ്യക്തമാക്കണമെന്ന് പാര്‍ട്ടി 
വ്യക്തമായ നയമാണ് വേണ്ടതെന്നയാള്‍ 

നിലപാട് തിരുത്തണമെന്ന് പാര്‍ട്ടി 
ഒരു പാട് പോലും ഇല്ലാത്ത നിലയാണ് തന്‍റെതെന്നയാള്‍ 

കാരണം കാണിക്കണമെന്നു പാര്‍ട്ടി 
നില പാടുകള്‍ തന്നെയാണ് കാരണമെന്നയാള്‍ 

അച്ചടക്ക നടപടി ഉണ്ടാകുമെന്ന്  പാര്‍ട്ടി 
അച്ചടകം തന്നെയാണ് നല്ല നടപടിയെന്നയാള്‍

വിലക്ക് നേരിടേണ്ടി വരുമെന്ന് പാര്‍ട്ടി 
വിലക്കുകളെല്ലാം നമ്മളൊന്നിച്ചല്ലേ  തകര്‍ത്തതെന്നയാള്‍ 

തരം താഴ്ത്തുമെന്ന്   പാര്‍ട്ടി 
സ്വയം തരം താഴരുതെന്നയാള്‍ 

പുറത്താക്കേണ്ടി  വരുമെന്നായി പാര്‍ട്ടി 
പുറത്താക്കലെളുപ്പം
അകത്താക്കലാണ്  പ്രയാസമെന്നയാള്‍

ഒത്തുതീര്‍പ്പാകമെന്നു  പാര്‍ട്ടി 
ഒത്താല്‍ തീര്‍പ്പാകും പക്ഷെ 
ഒക്കാതിരിക്കലാണ് സുഖമെന്നയാള്‍ .

Thursday, July 12, 2012

ഏകാന്തം

കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നൊരു 
പുല്‍നാമ്പ് പുഞ്ചി രിക്കുന്നു .
ഇളം തണ്ടില്‍  രണ്ടിലയും ഒരു കുഞ്ഞുപൂവും .

ഞാനത് മൊബൈലില്‍ പകര്‍ത്തിവെച്ചു
എന്റെ ആകുലതകളില്‍
വീണ്ടും വായിച്ചു നോക്കാന്‍ .

**      **      **     **    **

മരുഭൂമിയുടെ  ഏകാന്തതയില്‍ നഷ്ടപ്പെടുമ്പോള്‍
ഞാന്‍, ഞാന്‍  മാത്രം
ആകാശത്ത് ഒറ്റക്കായൊരു  മേഘം
 തെറ്റാനൊരു വഴി പോലുമില്ലാതെ പിഞ്ഞിത്തീരുന്നു .

**     **    **     **    **    **

ആള്‍കൂട്ടത്തില്‍ തനിച്ചാവുമ്പോഴാണ്
നാം നമ്മെ തിരിച്ചറിയുന്നത് .
എകാന്തതയിലൊരു കൂട്ട് തേടുമ്പോഴാണ്‌
നാം നമ്മെ സ്നേഹിക്കാന്‍ തുടങ്ങുന്നത് .

**      **      **    **     **   **

ഏകാന്തത പങ്കുവെക്കാനാവില്ല -
മരണവും .

**     **     **    **      **     **

നിന്റെ ഏകാന്തതയില്‍ല്‍ ഒരിക്കലെങ്കിലും
നീയെന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടാവും .
എന്റെ ഓര്‍മ്മകള്‍ക്ക് മേല്‍ നിന്‍റെ കണ്ണീര്‍ ഒരുനാള്‍
പ്രണയത്തിന്റെ നനവ്‌ പകര്‍ന്നിട്ടുണ്ടാവും
____________________________________________________________